പേസ്മേക്കർ ഉള്ള ഒരു വ്യക്തി ഏത് തരത്തിലുള്ള ഉപകരണങ്ങളെക്കുറിച്ചാണ് ജാഗ്രത പുലർത്തേണ്ടത്?

പേസ്മേക്കർ ഉള്ള ഒരു വ്യക്തി ഏത് തരത്തിലുള്ള ഉപകരണങ്ങളെക്കുറിച്ചാണ് ജാഗ്രത പുലർത്തേണ്ടത്?

ഹൃദയത്തിന്റെ സ്വന്തം പേസ്മേക്കർ ശരിയായി പ്രവർത്തിക്കാത്തപ്പോൾ ഹൃദയത്തിന് ചെറിയ വൈദ്യുത സിഗ്നലുകൾ നൽകുന്ന ഉപകരണങ്ങളാണ് പേസ്മേക്കറുകൾ. ഹൃദയത്തിന്റെ സ്വാഭാവിക പേസ്മേക്കർ ഹൃദയത്തിന്റെ വലത് മുകൾ ഭാഗത്ത് സ്ഥിതി ചെയ്യുന്ന സൈനസ് നോഡ് ആണ്.

കംപ്ലീറ്റ് ഹാർട്ട് ബ്ലോക്ക് എന്ന് വിളിക്കപ്പെടുന്ന അവസ്ഥയിൽ സ്വാഭാവിക പേസ്മേക്കർ സിഗ്നലുകൾ ഹൃദയത്തിന്റെ താഴെ അറകളിലേക്ക് നന്നായി എത്താത്തപ്പോഴും പേസ്മേക്കർ ഉപയോഗിക്കാം. ഇത് ഒരു ഇലക്ട്രിക്കൽ ബ്ലോക്കാണ്, മിക്ക ആളുകൾക്കും സുപരിചിതമായ ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ഉള്ള ബ്ലോക്കല്ല.

ഇൻ ബിൽഡ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണം ആയതിനാൽ, സമീപത്തുള്ള ശക്തമായ ഇലക്ട്രിക്കൽ, മാഗ്നറ്റിക് സിഗ്നലുകൾ പേസ്മേക്കർ പ്രവർത്തനത്തെ തടസ്സപ്പെടുത്താം. പേസ്മേക്കറുകളുടെ വൈദ്യുതകാന്തിക ഇടപെടൽ എന്നാണ് ഇത് അറിയപ്പെടുന്നത്.

മാത്രമല്ല, റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് പ്രോഗ്രാമിംഗിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുമായി ആധുനിക പേസ്മേക്കറുകൾ ആശയവിനിമയം നടത്തുന്നു. ശക്തമായ വൈദ്യുതകാന്തിക മണ്ഡലങ്ങളാൽ ഈ ആശയവിനിമയത്തിലും തകരാറുണ്ടാകാം.

അത്തരം ഇടപെടൽ കുറയ്ക്കുന്നതിന് പേസ്മേക്കറിൽ പ്രത്യേക സർക്യൂട്ടുകളും  ഒരു മെറ്റാലിക് ഷീൽഡിംഗിങ്ങും നിർമ്മിച്ചിട്ടുണ്ട്. എന്നാലും വൈദ്യുതകാന്തിക മണ്ഡലം വളരെ ശക്തമാണെങ്കിൽ, പ്രവർത്തനത്തിലോ ആശയവിനിമയത്തിലോ തകരാറുണ്ടാകാം.

മുൻകാലങ്ങളിൽ, പ്രധാനമായി ഇലക്ട്രിക്കൽ ഉപകരണങ്ങളും കാന്തങ്ങളുള്ള സ്പീക്കറുകൾ പോലുള്ള ഉപകരണങ്ങളും ആയിരുന്നു ഏറ്റവും സാധ്യതയുള്ള കാരണങ്ങൾ.

എന്നാൽ ഇപ്പോൾ നമ്മൾ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ വൈദ്യുതകാന്തിക ഉപകരണം ഒരു മൊബൈൽ ഫോണാണ്. ഒരു മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ, പേസ്മേക്കർ സൈറ്റിൽ നിന്ന് കഴിയുന്നത്ര അകലെ സൂക്ഷിക്കുക, കുറഞ്ഞത് 15 സെന്റീമീറ്റർ, സാധാരണയായി എതിർ വശത്തെ ചെവിയിൽ. പേസ്മേക്കർ ഇടത് കോളർ ബോണിന് താഴെയാണെങ്കിൽ, വലത് ചെവിയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക.

തീർച്ചയായും, പേസ്മേക്കർ ഉള്ള ഒരാൾ മൊബൈൽ ടവറുകളിൽ നിന്ന് അകന്നു നിൽക്കണം, കാരണം അവിടെയുള്ള സിഗ്നൽ ശക്തി ഫോണിനേക്കാൾ വളരെ കൂടുതലാണ്. എന്നാൽ ടവറുകൾ ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഇത് സാധാരണയായി ഒരു പ്രശ്നമല്ല.

വിമാനത്താവളങ്ങളിലെ മെറ്റൽ ഡിറ്റക്ടറുകളും മാളുകളിലെ മോഷണം കണ്ടെത്തുന്ന ഉപകരണങ്ങളുമാണ് മറ്റ് പ്രധാന വൈദ്യുതകാന്തിക ഉപകരണങ്ങൾ. മെറ്റൽ ഡിറ്റക്ടറുകൾ ഒഴിവാക്കാൻ വിമാനത്താവളങ്ങളിൽ പേസ്മേക്കർ തിരിച്ചറിയൽ കാർഡ് ആവശ്യമാണ്.

വൈദ്യുതകാന്തിക തരംഗങ്ങൾ പുറപ്പെടുവിക്കുന്ന റേഡിയേഷൻ തെറാപ്പി, ഡെന്റൽ ഉപകരണങ്ങൾ, നാഡി, പേശി ഉത്തേജകങ്ങൾ, ഡീഫിബ്രിലേറ്ററുകൾ, എന്നിവ ആശുപത്രിയിൽ ഉണ്ട്, അവയ്ക്ക് പ്രത്യേക മുൻകരുതലുകൾ ആവശ്യമാണ്.

ആശുപത്രിയിൽ ചിന്തിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഉപകരണം ഒരു എംആർഐ സ്കാനറാണ്. പഴയ തലമുറ പേസ്മേക്കറുകൾ ഉള്ളവരിൽ, എംആർഐക്ക് റിസ്ക് കൂടുതലാണ്. എന്നാൽ പുതിയ എംആർഐ കണ്ടീഷണൽ പേസ്മേക്കറുകൾ ഉള്ളവരിൽ, അടിയന്തരമായി ആവശ്യമെങ്കിൽ എംആർഐ സ്കാൻ പ്രത്യേക മുൻകരുതലുകളോടെ ചെയ്യാം.