ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
|ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ഹൃദ്രോഗത്തിന്റെ തരത്തെ ആശ്രയിച്ചിരിക്കും ലക്ഷണങ്ങൾ. ചില സമയങ്ങളിൽ രോഗലക്ഷണങ്ങളില്ലാതെ നിശബ്ദ ഹൃദ്രോഗം പോലും ഉണ്ടാകാം. ഹൃദയത്തിന്റെ ജനന വൈകല്യങ്ങളിൽ പലതും ദീർഘകാലത്തേക്ക് ലക്ഷണമില്ലാതെ തുടരുന്നു.
ചിലരിൽ മറ്റൊരു രോഗാവസ്ഥയിലോ വലിയ സമ്മർദപൂരിതമായ സാഹചര്യത്തിലൊ രോഗലക്ഷണങ്ങൾ പ്രത്യേക്ഷപ്പെടുന്നു. ചിലപ്പോൾ നിശബ്ദമായ ഹൃദ്രോഗത്തിന്റെ ആദ്യ ലക്ഷണം പെട്ടെന്നുള്ള മരണമായെന്നും വരും.
ഈ രണ്ട് അങ്ങേ തലക്കലെ സാഹചര്യങ്ങൾ ഒഴിച്ചാൽ, പ്രധാനപ്പെട്ട ഹൃദ്രോഗങ്ങൾക്ക് മിക്കവാറും ചില രോഗലക്ഷണങ്ങൾ ഉണ്ടാകും. എന്നിരുന്നാലും വ്യക്തികൾ തമ്മിൽ ധാരാളം വ്യത്യാസങ്ങൾ ഉണ്ടാകാം. രോഗലക്ഷണങ്ങളുടെ കാഠിന്യം ചില സന്ദർഭങ്ങളിൽ ഹൃദ്രോഗത്തിന്റെ തീവ്രതയുമായി പൊരുത്തപ്പെടണമെന്നില്ല.
എല്ലാവർക്കും സുപരിചിതമായ ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണം ഹൃദയാഘാതത്തിന്റെ കഠിനമായ നെഞ്ചുവേദനയാണ്. ഇത് പലപ്പോഴും പെട്ടന്ന് ഉണ്ടാകുകയും മൊത്തത്തിൽ അവശമാക്കുകയും ചെയ്യാം.
നെഞ്ചുവേദനയ്ക്ക് പകരം നെഞ്ചിൽ ശക്തമായി അമർത്തുന്നത് പോലെ അനുഭവപ്പെടാം. വേദന കൈകളിലേക്കോ താടിയെല്ലിലേക്കോ വ്യാപിച്ചേക്കാം. ഇത് അമിതമായ വിയർപ്പ് അല്ലെങ്കിൽ ചിലപ്പോൾ ശ്വാസതടസ്സം, തലകറക്കം എന്നിവയുമായി ബന്ധപ്പെട്ടിരിക്കാം. ചിലർക്ക് വിനാശം വരാനിരിക്കുന്ന പോലെയും അനുഭവപ്പെടുന്നു.
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം കുറയുന്നതിന്റെ സാധാരണ ലക്ഷണം അദ്ധ്വാനം സമയത്തുണ്ടാകുന്ന നെഞ്ചുവേദനയാണ്. ഇത് എഫോർട്ട് ഏൻജൈന എന്ന് വിളിക്കപ്പെടുന്ന. വിശ്രമിക്കുമ്പോൾ വേദന കുറയുന്നു. എഫോർട്ട് ഏൻജൈന ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികളിലെ തടസ്സം സൂചിപ്പിക്കുന്നു.
ഈ വേദന താടിയെല്ലിലേക്കോ കഴുത്തിലേക്കോ കൈകളിലേക്കോ വ്യാപിച്ചേക്കാം. ചിലപ്പോൾ വയറിന്റെ മുകൾ ഭാഗത്ത് വേദന അനുഭവപ്പെടാം. അപൂർവ്വമായി താടിയെല്ല് വേദനയോ കൈത്തണ്ടയിലെ വേദനയോ നെഞ്ചുവേദനയില്ലാതെ ഉണ്ടാകാം.
വിശ്രമത്തിലൂടെ ആശ്വാസം ലഭിക്കുന്ന അദ്ധ്വാനം മൂലമുണ്ടാകുന്ന ശ്വാസതടസ്സം, ഹൃദ്രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്, എന്നിരുന്നാലും ഇത് ശ്വാസകോശരോഗം മൂലമോ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതിനാലോ ആകാം.
ഉറക്കത്തിൽ പെട്ടെന്നുണ്ടാകുന്ന ശ്വാസതടസ്സം, കിടക്കുമ്പോൾ വഷളാകുന്ന ശ്വാസതടസ്സം എന്നിവയും ചില തരത്തിലുള്ള ഹൃദ്രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങളാണ്.
നമുക്ക് അനുഭവപ്പെടുന്ന ഹൃദയമിടിപ്പ് ഹൃദ്രോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്, എന്നിരുന്നാലും ഇത് ഉത്കണ്ഠയും അമിതമായ അധ്വാനം മൂലവും ഉണ്ടാകാം. ഹൃദയ താളത്തിലെ വ്യെതാസത്തെ ആശ്രയിച്ച്, ഹൃദയമിടിപ്പ് വേഗത്തിലോ മന്ദഗതിയിലോ ക്രമത്തിലോ ക്രമരഹിതമോ ആകാം.
ഹൃദയത്തിന്റെ ചില ജനന വൈകല്യങ്ങൾ, ചർമ്മത്തിനും ചുണ്ടുകൾക്കും നീലകലർന്ന നിറം അഥവാ സയനോസിസ് ഉണ്ടാക്കുന്നു. രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതാണ് ഇതിന് കാരണം.
രക്തം തുപ്പുന്നതും അപൂർവമായി ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം, എന്നിരുന്നാലും ഇത് പലപ്പോഴും ശ്വാസകോശ രോഗത്തിന്റെ ലക്ഷണമാണ്.
ഹൃദയ വാൽവിലെ അണുബാധകൾക്കൊപ്പം നീണ്ടുനിൽക്കുന്ന പനി ഉണ്ടാകാം. ഹൃദയ വാൽവുകളിലെ അണുബാധയിലും അതുപോലെ ഹൃദയ വാൽവുകളെ ബാധിക്കുന്ന റുമാറ്റിക് ഫീവറിലും സന്ധി വേദനയും വീക്കവും ഉണ്ടാകാം.
സ്ട്രോക്ക് അല്ലെങ്കിൽ ശരീരത്തിന്റെ ഒരു ഭാഗത്തിന്റെ പെട്ടെന്നുള്ള ബലഹീനത ഹൃദ്രോഗത്തിന്റെ പരോക്ഷമായ ലക്ഷണമാകാം. ഹൃദയത്തിന്റെ മുകൾ അറകളുടെ അസാധാരണ താളമായ ഏട്രിയൽ ഫിബ്രിലേഷൻ ഹൃദയത്തിൽ രക്തം കട്ടപിടിക്കാൻ കാരണമാകും.
ഈ രക്ത കട്ടകൾ ഹൃദയത്തിൽ നിന്ന് പുറത്തേക്ക് നീങ്ങുകയും മസ്തിഷ്കത്തിലെ ഒരു രക്തക്കുഴലിനെ തടയുകയും സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്യാം. ഹൃദയ വാൽവുകളുടെ രോഗങ്ങളിലും രക്തപ്രവാഹത്തിന് തടസ്സമുള്ളതിനാൽ രക്ത കട്ടകൾ ഉണ്ടാകാം.