ഹൃദ്രോഗവും സ്‌ട്രോക്കും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

ഹൃദ്രോഗവും സ്‌ട്രോക്കും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം പെട്ടെന്ന് നഷ്ടപ്പെടുന്നത് വഴിയാണ് പലപ്പോഴും സ്ട്രോക്ക് ഉണ്ടാകുന്നത്, ഇത് സാധാരണയായി ശരീരത്തിന്റെ ഒരു ഭാഗത്തെ തളർത്തുന്നതിന് കാരണമാകുന്നു. മസ്തിഷ്കത്തിന്റെ ഒരു ഭാഗത്തേക്കുള്ള രക്തസ്രാവം മൂലവും സ്ട്രോക്ക് ഉണ്ടാകാം.


സ്ട്രോക്കുകളും ഹൃദ്രോഗങ്ങളും പല തരത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പൊതുവേ, സ്ട്രോക്കിനും ചില ഹൃദ്രോഗങ്ങൾക്കും അപകടസാധ്യത ഘടകങ്ങൾ സമാനമാണ്. രക്തക്കുഴലുകളിലെ ബ്ലോക്കുകൾ മൂലമുണ്ടാകുന്ന സ്ട്രോക്കുകൾ, ഹൃദയത്തിലെ രക്തക്കുഴലുകളിലെ ബ്ലോക്കുകളോടൊപ്പം കാണാവുന്നതാണ്.
ഹൃദയാഘാതത്തിന് ശേഷവും സ്ട്രോക്ക് ഉണ്ടാകാം. ഹൃദയാഘാതം ഹൃദയപേശികളുടെ ഒരു ഭാഗത്തെ തകരാറിലാക്കുന്നു. ഇത് ആ പ്രദേശത്തെ ഹൃദയത്തിന്റെ ആന്തരിക പാളിക്ക് കേടുപാടുകൾ വരുത്തും. തൽഫലമായി, ഹൃദയത്തിന്റെ ആന്തരിക ഉപരിതലത്തിൽ രക്തം കട്ടപിടിക്കാൻ സാധ്യതയുണ്ട്.
ഈ രക്ത കട്ടകൾ രക്തചംക്രമണത്തിലേക്ക് വേർപെട്ടു പോകുകയും തലച്ചോറിലെ രക്തക്കുഴലിലേക്ക് പ്രവേശിക്കുകയും ചെയ്യും. അങ്ങനെ എത്തുന്ന ഒരു രക്ത കട്ട തലച്ചോറിലെ ഒരു രക്തക്കുഴലിനെ തടയുകയും ഒരു സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ഹൃദയ വാൽവിന് തടസ്സം ഉണ്ടാകുമ്പോളും ഹൃദയത്തിനകത്ത് രക്ത കട്ട രൂപീകരണം സംഭവിക്കാം.


സ്‌ട്രോക്കിലേക്ക് നയിക്കുന്ന മറ്റൊരു തരം ഹൃദ്രോഗം ഹൃദയത്തിന്റെ അസാധാരണമായ താളം ആയ ഏട്രിയൽ ഫിബ്രിലേഷൻ ആണ്. ഏട്രിയൽ ഫിബ്രിലേഷൻ, ഹൃദയത്തിന്റെ മുകൾ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന വേഗത്തിലുള്ള ക്രമരഹിതമായ താളം ആണ്.
വേഗത്തിലുള്ള ക്രമരഹിതമായ ഹൃദയമിടിപ്പിനൊപ്പം മുകളിലെ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന വേഗത്തിലുള്ള ക്രമരഹിതമായ താളത്തിന്റെ ചിത്രീകരണം. ഏട്രിയൽ ഫിബ്രിലേഷനിൽ മുകളിലെ അറകളിലെ വേഗത താഴത്തെ അറകളേക്കാൾ വളരെ കൂടുതലാണ്. താളം വളരെ വേഗത്തിലായതിനാൽ മുകളിലെ അറകളുടെ ഫലപ്രദമായ സങ്കോചങ്ങൾ നിലക്കുന്നു. ഇത് ഹൃദയത്തിന്റെ മുകൾ അറയായ ഇടത് ഏട്രിയത്തിന്റെ ചില ഭാഗങ്ങളിൽ രക്തം നിശ്ചലമായി നില്കുന്നതിലേക്ക് നയിക്കുന്നു, അവിടെ രക്തം കട്ടപിടിക്കാൻ സാധ്യത വർദ്ധിക്കും. ഈ രക്ത കട്ടകൾ തലച്ചോറിലെ രക്തക്കുഴലുകളിലേക്ക് സഞ്ചരിക്കുകയും അവയെ തടയുകയും സ്ട്രോക്ക് ഉണ്ടാക്കുകയും ചെയ്യാം.
സ്ട്രോക്കിനുള്ള മറ്റൊരു കാരണം ഉയർന്ന രക്തസമ്മർദ്ദമാണ്. രക്തസമ്മർദ്ദം പെട്ടെന്ന് ഉയർന്നാൽ, തലച്ചോറിലെ ചെറിയ രക്തക്കുഴലുകൾ തകരുകയും മസ്തിഷ്കത്തിലേക്ക് രക്തസ്രാവമുണ്ടാകുകയും ചെയ്യും. രക്തക്കുഴലിലെ തടസ്സം മൂലമുണ്ടാകുന്ന സ്ട്രോക്കിനെക്കാൾ ഈ തരത്തിലുള്ള സ്ട്രോക്ക് പൊതുവെ അപകടകരമാണ്. ഇതിനെ ഹെമറാജിക് സ്ട്രോക്ക് എന്ന് വിളിക്കുന്നു.
രക്തസ്രാവം ഇല്ലെങ്കിലും, ഉയർന്ന രക്തസമ്മർദ്ദം കാരണം മസ്തിഷ്ക പ്രവർത്തനത്തിൽ മാറ്റം വരുത്താം, ഇത് ബോധതലത്തിൽ മാറ്റം വരുത്തുന്നു. എന്നാൽ അത് ഒരു സ്ട്രോക്ക് അല്ല, ഹൈപ്പർടെൻസീവ് എൻസെഫലോപ്പതി അഥവാ ഉയർന്ന രക്തസമ്മർദ്ദം മൂലമുണ്ടാകുന്ന മസ്തിഷ്ക രോഗം എന്ന് വിളിക്കപ്പെടുന്നു.