മദ്യവും ഹൃദ്രോഗവും

മദ്യവും ഹൃദ്രോഗവും

മദ്യപാനം ഹൃദയത്തിൽ ചെലുത്തുന്ന സ്വാധീനം അക്കാദമിക്ക് സമ്മേളനങ്ങളിൽ പലപ്പോഴും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്. തീർച്ചയായും, അനുകൂലികളും എതിരാളികളും ഉണ്ട്! എന്തായാലും, വലിയ അളവിൽ മദ്യം ഹൃദയത്തിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ദോഷകരമാണെന്ന് എല്ലാവരും സമ്മതിക്കുന്നു.

രക്തസമ്മർദ്ദത്തിൽ മദ്യത്തിന്റെ പ്രഭാവം ഒരു യൂ കർവ് ആണ്. അത് ആദ്യം കുറയുകയും പിന്നീട് ഉയരുകയും ചെയ്യുന്നു. മദ്യം കഴിക്കുമ്പോൾ ഹൃദയമിടിപ്പ് സാധാരണയായി വർദ്ധിക്കുന്നു.

ഏട്രിയൽ ഫിബ്രിലേഷൻ കാരണം മദ്യപാനം കൊണ്ട് ഹൃദയ താളം ക്രമരഹിതമാകാം. ഇതിനെ ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് വിളിക്കുന്നു. ഹൃദയത്തിന്റെ മുകൾ അറകളിൽ നിന്ന് ഉത്ഭവിക്കുന്ന ക്രമരഹിതമായ വേഗത്തിലുള്ള താളമാണ് ഏട്രിയൽ ഫിബ്രിലേഷൻ.

മദ്യപാനികൾ അല്പം വസ്ത്രം മാത്രം ധരിച്ച് വളരെ സമയം തണുത്ത സ്ഥലത്ത് തുടരുകയാണെങ്കിൽ, വളരെ താഴ്ന്ന ശരീര താപനില അഥവാ ഹൈപ്പോതെർമിയ ഉണ്ടാകാം. മദ്യത്തിന്റെ പ്രഭാവം മൂലം ചർമ്മത്തിലെ രക്തക്കുഴലുകൾ വികസിക്കുന്നതിനാൽ ശരീരത്തിലെ ചൂട് നഷ്ടപ്പെടുന്നു. ശരീര താപനില വളരെ അധികം കുറഞ്ഞാൽ, ഹൃദയമിടിപ്പ് കുറയാം.

മദ്യപാനം രണ്ട് പ്രധാന ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു. ഹൃദയത്തിൽ മദ്യത്തിന്റെ സാധാരണ പ്രഭാവം അസാധാരണമായ ഹൃദയ താളം ആണ്. ഹൃദയ താളത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ക്രമക്കേടുകൾ മുതൽ ഏട്രിയൽ ഫിബ്രിലേഷൻ വരെ ആവാം.

വലിയ അളവിൽ ആൽക്കഹോൾ ദീർഘകാലം ഉപയോഗിക്കുന്നത് ഹൃദയപേശികളെ ദുർബലപ്പെടുത്തുകയും ആൽക്കഹോളിക്ക്  കാർഡിയോമയോപ്പതി എന്നറിയപ്പെടുന്ന ആൽക്കഹോൾ സംബന്ധമായ ഹൃദയപേശി രോഗത്തിന് കാരണമാവുകയും ചെയ്യും. ഇത് ഹൃദയപേശികൾ ദുർബലമാവുകയും ഹൃദയം വലുതാകുകയും ചെയ്യുന്ന ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന  ഹൃദയപേശികളുടെ രോഗത്തിനോട് സാമ്യമാണ്.

വ്യക്തി ക്രമാനുഗതമായി ശ്വാസതടസ്സം നേരിടുന്നു. കൂടാതെ ഹാർട്ട് ഫെയ്‌ലറിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയും  ചെയ്യുന്നു. സമ്പൂർണ മദ്യവർജ്ജനത്തിലൂടെ ഇത് മെച്ചപ്പെടുമെങ്കിലും മദ്യാസക്തിയുടെ ആവർത്തനത്തോടെ ഇത് ആവർത്തിക്കാം.

ഹോളിഡേ ഹാർട്ട് സിൻഡ്രോം സാധാരണയായി അമിത മദ്യപാനത്തെ തുടർന്നാണ് ഉണ്ടാകുന്നത്. ഇത് ഏട്രിയൽ ഫിബ്രിലേഷനിൽ കലാശിക്കുന്നു.

വ്യക്തിക്ക് വേഗത്തിലുള്ള ക്രമരഹിതമായ ഹൃദയമിടിപ്പ്, ചിലപ്പോൾ തലകറക്കം അല്ലെങ്കിൽ ക്ഷണികമായ ബോധക്കേട് എന്നിവ അനുഭവപ്പെടുന്നു. അടുത്ത അമിത മദ്യപാനത്തോടൊപ്പം ഹോളിഡേ ഹാർട്ട് സിൻഡ്രോം വീണ്ടും ഉണ്ടാകാം.