ടക്കയാസു ആർട്ടറൈറ്റിസ് എന്താണ്?

ടക്കയാസു ആർട്ടറൈറ്റിസ് എന്താണ്?

ടക്കയാസു ആർട്ടറൈറ്റിസ് പ്രധാനമായും വലിയ രക്തക്കുഴലുകളുടെ, സാധാരണയായി അയോർട്ടയും അതിന്റെ പ്രധാന ശാഖകളുടെയും വീക്കം ഉണ്ടാകുന്ന ഒരു രോഗമാണ്. ഹൃദയത്തിന്റെ താഴത്തെ ഇടത് അറയായ ഇടത് വെൻട്രിക്കിളിൽ നിന്ന് ഉത്ഭവിക്കുന്ന ഏറ്റവും വലിയ രക്തക്കുഴലാണ് അയോർട്ട. അയോർട്ടോ ആർട്ടറൈറ്റിസ്, പൾസ്‌ ലെസ്സ് രോഗം എന്നിങ്ങനെ പല പേരുകളും ഇതിന് ഉണ്ട്. കൈകളിലെ രക്തക്കുഴലുകൾ പലപ്പോഴും അടഞ്ഞിരിക്കുന്നതിനാലും പൾസുകൾ എളുപ്പത്തിൽ അനുഭവപ്പെടാത്തതിനാലും ഇതിനെ പൾസ്‌ ലെസ്സ് രോഗം എന്ന് വിളിക്കുന്നു.
ഇത് ചിലപ്പോൾ ഹൃദയത്തെയും ബാധിക്കാം. അയോർട്ടോ ആർട്ടറൈറ്റിസ് എന്നാൽ അയോർട്ടയുടെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. ആർട്ടറൈറ്റിസ് എന്നാൽ ധമനികളുടെ വീക്കം എന്നാണ് അർത്ഥമാക്കുന്നത്. വിവിധ അവയവങ്ങളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ആർട്ടറികൾ. ഉയർന്ന രക്തസമ്മർദ്ദവും കൂടെ ഉണ്ടാകാം, എന്നിരുന്നാലും കൈകളിലെ രക്തക്കുഴലുകൾ അടഞ്ഞിരിക്കുന്നതിനാൽ ഉയർന്ന രക്തസമ്മര്ദം രേഖപ്പെടുത്താൻ പ്രയാസമാണ്.
രക്തക്കുഴലുകളുടെ ഭിത്തി കട്ടിയാകുന്നതിനും വടുക്കൾ രൂപപ്പെടുന്നതിനും രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തക്കുഴലുകൾക്കുള്ളിൽ രക്തം കട്ടപിടിക്കുന്നതിനും ആർട്ടറൈറ്റിസ് കാരണമാകുന്നു. കഠിനമായ വീക്കം രക്തക്കുഴലുകളുടെ ഭിത്തിയെ ദുർബലപ്പെടുത്തുകയും അന്യൂറിസം എന്നറിയപ്പെടുന്ന വീർത്ത രക്ത കുഴൽ ഭാഗങ്ങൾ ഉണ്ടാകുകയും ചെയ്യും.
ടക്കയാസു ഒരു നേത്രരോഗവിദഗ്ദ്ധനായിരുന്നു, 1905-ൽ ഒരു യുവതിയുടെ കണ്ണിലെ രക്തക്കുഴലുകളിലെ അസാധാരണതകൾ അദ്ദേഹം ശ്രദ്ധിച്ചു. മറ്റ് രണ്ട് പേർ സമാനമായ അസാധാരണത്വങ്ങളും കൈത്തണ്ടയിലെ പൾസുകളുടെ അഭാവവും ശ്രദ്ധിച്ചു. അങ്ങനെയാണ് ഈ രോഗം ടക്കയാസു ആർട്ടറൈറ്റിസ് എന്ന പേരിൽ അറിയപ്പെട്ടത്.
ടക്കയാസു ആർട്ടറൈറ്റിസ് ഉള്ളവർക്ക് വൃക്കകളുടേതുൾപ്പെടെ ഒന്നിലധികം രക്തക്കുഴലുകൾ ചുരുങ്ങാം. അവർക്ക് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള ഒരു കാരണം ഇതാണ്. ഹൃദയത്തിലെ രക്തക്കുഴലുകളെയും ബാധിച്ചേക്കാം. ടക്കയാസു ആർട്ടറൈറ്റിസ് ഉള്ളവരിൽ നാലിലൊന്ന് പേർക്ക് ഹാർട്ട് ഫെയ്‌ലർ രേഖപ്പെടുത്തിയിട്ടുണ്ട്.
രക്തക്കുഴലുകൾ ഇടുങ്ങിയത് അവയിൽ റേഡിയോ കോൺട്രാസ്റ്റ് മരുന്നുകൾ കുത്തിവച്ച് എക്സ്-റേ ചിത്രങ്ങൾ എടുക്കുന്നതിലൂടെ തെളിയിക്കാനാകും. ഈ ടെസ്റ്റ് ആൻജിയോഗ്രഫി എന്നാണ് അറിയപ്പെടുന്നത്. ഡോപ്ലർ എന്നറിയപ്പെടുന്ന ഒരു പ്രത്യേക അൾട്രാസൗണ്ട് പഠനത്തിലൂടെയും രക്തക്കുഴലുകൾ ഇടുങ്ങിയത് രേഖപ്പെടുത്താവുന്നതാണ്.
മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗിനും (എംആർഐ) ശരീരത്തിലെ വിവിധ രക്തക്കുഴലുകളുടെ തകരാറുകൾ കാണിക്കാൻ കഴിയും. ടക്കയാസു ആർട്ടറൈറ്റിസിൽ ശ്വാസകോശത്തിലെ രക്തക്കുഴലുകളും ഉൾപ്പെടാം. ആൻജിയോഗ്രാഫിയിൽ രേഖപ്പെടുത്തിയിരിക്കുന്ന രക്തക്കുഴലുകളുടെ രോഗത്തിന്റെ വ്യാപ്തിയെ അടിസ്ഥാനമാക്കി രോഗത്തെ പല തരങ്ങളായി തിരിച്ചിരിക്കുന്നു. ടക്കയാസു ആർട്ടറൈറ്റിസിന്റെ സങ്കീർണതയായി സ്ട്രോക്കും സംഭവിക്കാം. കൂടുതൽ സങ്കീർണതകൾ ഉള്ളവർക്ക് അതിജീവനം കുറവാണ്.
ടക്കയാസു ആർട്ടറൈറ്റിസിന് ഉപയോഗപ്രദമായ മറ്റൊരു പരിശോധനയാണ് പോസിട്രോൺ എമിഷൻ ടോമോഗ്രഫി (പിഇടി). പി ഇ ടി സി ടി എന്നറിയപ്പെടുന്ന ഒരു ടെസ്റ്റിൽ ഇത് കമ്പ്യൂട്ട്ഡ് ടോമോഗ്രഫി (സി ടി) യുമായി സംയോജിപ്പിക്കാം. പി ഇ ടി സി ടിക്ക് ശരീരത്തിലെ രക്തക്കുഴലുകളുടെ തകരാറുകൾ മൊത്തത്തിൽ കാണിക്കാനും വീക്കം സംഭവിച്ച പ്രദേശങ്ങൾ കാണിക്കാനും കഴിയും. അങ്ങനെ, രോഗത്തിന്റെ വ്യാപ്തിയും സ്ഥിതിയും വിലയിരുത്താൻ കഴിയും. രോഗം അതിന്റെ സജീവ ഘട്ടത്തിലാണെന്ന് വീക്കത്തിന്റെ സാന്നിദ്ധ്യം കാണിക്കുന്നു.