നിങ്ങളുടെ ഹൃദയത്തെ നന്നായി അറിയുക


നിങ്ങളുടെ ഹൃദയത്തെ നന്നായി അറിയുക

മനുഷ്യ ശരീരത്തിലെ ഏറ്റവും സുപ്രധാനമായ അവയവങ്ങളിൽ ഒന്നാണ് ഹൃദയം. അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോൾ തന്നെ അത് മിടിക്കാൻ തുടങ്ങുകയും അവസാന ശ്വാസം വരെ അത് തുടരുകയും ചെയ്യുന്നു. നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ജീവൻ നൽകുന്ന രക്തം പമ്പ് ചെയ്യാൻ ഹൃദയം അശ്രാന്തമായി പ്രവർത്തിക്കുന്നു.


നമ്മുടെ ഹൃദയത്തെക്കുറിച്ചുള്ള അതിശയകരമായ ചില വസ്തുതകൾ ഇതാ: നമ്മുടെ ഹൃദയം ഓരോ മിനിറ്റിലും 5 ലിറ്റർ രക്തം പമ്പ് ചെയ്യുന്നു. ശരാശരി 70 വർഷത്തെ ജീവിതത്തിൽ, നമ്മുടെ ഹൃദയം 2.5 ബില്യൺ തവണ സ്പന്ദിക്കുന്നു. നമ്മുടെ ഹൃദയത്തിന്റെ വലിപ്പം നമ്മുടെ മുഷ്ടി ചുരുട്ടിയതിന്റെ അത്രയും വലിപ്പം വരും. ഗർഭസ്ഥശിശുവിൽ പ്രവര്ത്തനം ആരംഭിക്കുന്ന ആദ്യത്തെ അവയവമാണ് ഹൃദയം.
ഏതൊരു യന്ത്രത്തിന്റെയും കാര്യത്തിലെന്നപോലെ, നമ്മുടെ ഹൃദയത്തെ ശരിയായി പരിപാലിച്ചില്ലെങ്കിൽ നമ്മുടെ ഹൃദയം ശരിയായി പ്രവർത്തിക്കില്ല. നമ്മുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിന്, നിരന്തരം രക്തം പമ്പ് ചെയ്യുന്ന ഈ അത്ഭുതകരമായ നേട്ടം നമ്മുടെ ഹൃദയം എങ്ങനെ നിർവഹിക്കുന്നു എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.
നമ്മുടെ ഹൃദയം രണ്ട് ശ്വാസകോശങ്ങൾക്കിടയിൽ സ്വല്പം ഇടത്തോട്ടായി നെഞ്ചിലാണ് സ്ഥിതി ചെയ്യുന്നത്. വാരിയെല്ല് കൊണ്ട് ഇത് നന്നായി സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഏകദേശം 300 ഗ്രാം ഭാരമുണ്ട്. ഇത് മിനിറ്റിൽ 60-100 തവണ സ്പന്ദിക്കുന്നു.
നമ്മുടെ ഹൃദയത്തിന് നാല് അറകളുണ്ട്: വലത് ഏട്രിയം – വലത് മുകളിലെ അറ; വലത് വെൻട്രിക്കിൾ – വലത് താഴത്തെ അറ; ഇടത് ഏട്രിയം – ഇടത് മുകളിലെ അറ; ഇടത് വെൻട്രിക്കിൾ – ഇടത് താഴത്തെ അറ.
കൂടാതെ, നമ്മുടെ ഹൃദയത്തിന് നാല് വാൽവുകൾ ഉണ്ട് – 3 ഫ്ലാപ്പുകൾ ഉള്ള ട്രൈകസ്‌പിഡ് വാൽവ്, 2 ഫ്ലാപ്പുകൾ ഉള്ള മൈട്രൽ വാൽവ്, പൾമണറി വാൽവ്, അയോർട്ടിക് വാൽവ്. മറ്റ് പമ്പുകളിലേതുപോലെ, ഈ വാൽവുകൾ ഒരു ദിശയിലേക്ക് മാത്രം രക്തം ഒഴുകാൻ അനുവദിക്കുന്നു – അതായത്, ഏട്രിയയിൽ നിന്ന് വെൻട്രിക്കിളിലേക്കും വെൻട്രിക്കിളിൽ നിന്ന് അയോർട്ട അല്ലെങ്കിൽ പൾമണറി ആർട്ടറിയിലേക്കും രക്തപ്രവാഹം അനുവദിക്കുന്നു. തിരിച്ചുള്ള രക്തപ്രവാഹം തടയുന്നു.
ഹൃദയത്തിന്റെ ഇടത് വശത്ത് മുകളിലും താഴെയുമുള്ള അറകൾക്കിടയിലുള്ള, അതായത് ഇടത് ഏട്രിയത്തിനും ഇടത് വെൻട്രിക്കിളിനും ഇടയിലുള്ള വാൽവാണ് മൈട്രൽ വാൽവ്. അതിന്റെ ആകൃതി ഒരു ബിഷപ്പിന്റെ ശിരോവസ്ത്രമായ മൈട്രനോട് സാമ്യമുള്ളതാണ്, അതിനാൽ ആണ് ഈ പേര്.

ട്രൈകസ്പിഡ് വാൽവും മൈട്രൽ വാൽവും
ട്രൈകസ്പിഡ് വാൽവും മൈട്രൽ വാൽവും

മൈട്രൽ വാൽവിന് രണ്ട് ഫ്ലാപ്പുകളുണ്ട്, അതിനാൽ ഇതിനെ ബൈകസ്പിഡ് വാൽവ് എന്നും പറയുന്നു. ഇടത് വെൻട്രിക്കിൾ സങ്കോചിക്കുമ്പോൾ ഇത് അടയുന്നു, അങ്ങനെ ഇടത് വെൻട്രിക്കിളിൽ നിന്നുള്ള രക്തം ഇടത് ഏട്രിയത്തിലേക്ക് തിരികെ ഒഴുകുന്നില്ല.
വലത് മുകളിലും താഴെയുമുള്ള അറകൾക്കിടയിലാണ് ട്രൈകസ്‌പിഡ് വാൽവ് – വലത് ഏട്രിയത്തിനും, വലത് വെൻട്രിക്കിളിനും ഇടയിൽ. നാല് ഹൃദയ വാൽവുകളിൽ ഏറ്റവും കൂടുതൽ വ്യാസമുള്ളത് ട്രൈകസ്‌പിഡ് വാൽവിനാണ്.
അയോർട്ടിക് വാൽവ് ഇടത് വെൻട്രിക്കിളിനും അയോർട്ടയ്ക്കും ഇടയിലാണ്. ശരീരത്തിലുടനീളം രക്തം വിതരണം ചെയ്യുന്ന ഏറ്റവും വലിയ രക്തക്കുഴലാണ് അയോർട്ട. അയോർടിക് വാൽവിന് മൂന്ന് അർദ്ധചന്ദ്രാകൃതിയിലുള്ള കസ്പുകൾ ഉണ്ട്. അതിനാൽ ഇതിനെ ഒരു സെമിലൂണാർ വാൽവ് എന്ന് പരാമർശിക്കപ്പെടുന്നു. സങ്കോചത്തിന് ശേഷം ഇടത് വെൻട്രിക്കിൾ വികസിക്കുമ്പോൾ അയോർട്ടിക് വാൽവ് അടയുന്നു.

അയോർട്ടിക് വാൽവ്
അയോർട്ടിക് വാൽവ്

ഇത് അയോർട്ടയിലേക്കും അതിന്റെ ശാഖകളിലേക്കും രക്തത്തിന്റെ മുന്നോട്ടുള്ള പ്രവാഹം സാധ്യമാക്കുന്നു, ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരുന്നു, അവിടെ അത് വിവിധ പ്രവർത്തനങ്ങൾക്ക് ആവശ്യമാണ്.
വലത് വെൻട്രിക്കിളിനും പൾമണറി ആർട്ടറിക്കും ഇടയിലാണ് പൾമണറി വാൽവ്. ഓക്സിജൻ കുറവുള്ള രക്തം ഓക്‌സിജനേഷനായി ശ്വാസകോശത്തിലേക്ക് കൊണ്ടുപോകുന്ന ഒരു വലിയ രക്തക്കുഴലാണ് പൾമണറി ആർട്ടറി.

പൾമണറി വാൽവ്
പൾമണറി വാൽവ്

സങ്കോചത്തിന് ശേഷം വലത് വെൻട്രിക്കിൾ വികസിക്കുമ്പോൾ പൾമണറി വാൽവ് അടയുന്നു, ഇത് പൾമണറി ആർട്ടറിയിൽ നിന്ന് വലത് വെൻട്രിക്കിളിലേക്ക് രക്തം തിരിച്ചുവരുന്നത് തടയുന്നു. അയോർട്ടിക് വാൽവിനെ പോലെ, പൾമണറി വാൽവിനും മൂന്ന് സെമിലൂണാർ കസ്പുകൾ ഉണ്ട്, അതിനാൽ ഇതും സെമിലൂണാർ വാൽവ് എന്നറിയപ്പെടുന്നു.
ശ്വാസകോശം ഒഴികെയുള്ള നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രക്തം 2 വലിയ സിരകളിലൂടെ നമ്മുടെ ഹൃദയത്തിലേക്ക് വരുന്നു. ഇവ സുപ്പീരിയർ വീന കാവ, ഇൻഫീരിയർ വീന കാവ എന്നാണ് അറിയപ്പെടുന്നത്. ഇവ രക്തം മുകളിലെ വലത് അറയായ വലത് ഏട്രിയത്തിലേക്ക് കൊണ്ടുവരുന്നു. ഇവിടെ നിന്ന്, ട്രൈകസ്‌പിഡ് വാൽവിലൂടെ രക്തം വലത് വെൻട്രിക്കിളിലേക്ക് കടന്നുപോകുന്നു.
പിന്നീട് പൾമണറി ആർട്ടറി വഴി ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യപ്പെടുന്നു. പൾമണറി എന്നാൽ ശ്വാസകോശവുമായി ബന്ധപ്പെട്ടത് എന്നർത്ഥം. ശ്വാസകോശത്തിൽ വച്ച് നാം ശ്വസിക്കുന്ന ഓക്സിജൻ രക്തത്തിൽ കലരുകയും രക്തത്തിലെ കാർബൺ ഡൈ ഓക്സൈഡ് നീക്കം ചെയ്യുകയും ചെയ്യുന്നു. ഇതിനുശേഷം, രക്തം ഇടത് ഏട്രിയത്തിലേക്കും പിന്നീട് ഇടത് വെൻട്രിക്കിളിലേക്ക് മൈട്രൽ വാൽവിലൂടെയും കടന്നുപോകുന്നു. അതിന് ശേഷം, നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ധമനിയായ അയോർട്ടയിലൂടെ രക്തം നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പമ്പ് ചെയ്യപ്പെടുന്നു.