എന്താണ് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പി ഡി എ)?

എന്താണ് പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് (പി ഡി എ)?

പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് അഥവാ പിഡിഎ, ഹൃദയത്തിന്റെ ഒരു ജനന വൈകല്യമാണ്.

ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന പൾമണറി ആർട്ടറിയും ശരീരത്തിന്റെ ബാക്കി ഭാഗങ്ങളിലേക്ക് രക്തം കൊണ്ടുപോകുന്ന അയോർട്ടയും തമ്മിൽ ഗർഭസ്ഥ ശിശുവിൽ ഒരു കണക്ഷൻ ഉണ്ട്. ഈ കണക്ഷൻ ഡക്റ്റസ് ആർട്ടീരിയോസസ് എന്നറിയപ്പെടുന്നു.

ജനിച്ച് ദിവസങ്ങൾക്കുള്ളിൽ ഡക്റ്റസ് ആർട്ടീരിയോസസ് അടയുന്നു. ജനിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇത് അടഞ്ഞില്ലെങ്കിൽ, അതിനെ പേറ്റന്റ് ഡക്റ്റസ് ആർട്ടീരിയോസസ് അഥവാ പിഡിഎ എന്ന് വിളിക്കുന്നു.

മെഷിനറി മർമ്മർ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം കാർഡിയാക് മർമ്മർ ആയി ശാരീരിക പരിശോധനയിലൂടെ പിഡിഎ കണ്ടെത്താനാകും. കളർ ഡോപ്ലർ എക്കോകാർഡിയോഗ്രാം എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ അൾട്രാസൗണ്ട് പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കാം.

മാസം തികയാത്ത ശിശുക്കളിൽ പിഡിഎ വളരെ സാധാരണമാണ്. കൂടുതൽ മാസം തികയാതെ പിറക്കുന്ന കുട്ടികളിൽ പിഡിഎ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പിഡിഎ അയോർട്ടയിൽ നിന്ന് പൾമണറി ആർട്ടറിയിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം ലീക് ചെയ്യുന്നു. ഇത് ശ്വാസകോശത്തിലൂടെ ഇടതുവശത്തെ മുകളിലെ അറയായ ഇടത് ഏട്രിയത്തിലേക്ക് എത്തുന്നു. രക്ത പുനഃചംക്രമണം മൂലം ഹൃദയത്തിന്റെ ഇടത് വശത്തെ അറകളായ, ഇടത് ആട്രിയം, ഇടത് വെൻട്രിക്കിൾ എന്നിവ വികസിക്കുന്നു.

പൾമണറി ആർട്ടറിയിലൂടെ ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നു. ഇത് പൾമണറി ആർട്ടറിയിലും വലത് വെൻട്രിക്കിളിലുമുള്ള മർദ്ദത്തിൽ വർദ്ധനവിന് കാരണമാകുന്നു.

പിഡിഎ വലുതാണെങ്കിൽ, അത് ഹൃദയത്തിന്റെ താഴത്തെ അറയായ ഇടത് വെൻട്രിക്കിളിന് അമിതഭാരം കാരണം ഹാർട്ട് ഫെയ്‌ലറിന് കാരണമാകും.

അതിനാൽ പിഡിഎ നേരത്തെ  അടയ്ക്കുന്നതാണ് നല്ലത്. നവജാതശിശു കാലഘട്ടത്തിന്റെ തുടക്കത്തിൽ, മരുന്നുകൾ ഉപയോഗിച്ച് പിഡിഎ അടയ്ക്കാൻ കഴിയും.

ഒരു വലിയ പിഡിഎ കൃത്യസമയത്ത് അടച്ചിട്ടില്ലെങ്കിൽ, ശ്വാസകോശ ധമനിയിലെയും വലത് വെൻട്രിക്കിളിലെയും രക്തസമ്മർദ്ദം വർദ്ധിക്കുന്നതിലൂടെ പിഡിഎയിലൂടെയുള്ള ഒഴുക്ക് തിരിച്ചാകുന്ന ഒരു ഘട്ടത്തിലെത്തും. ഇത് പൾമണറി ആർട്ടറിയിൽ നിന്ന് അയോർട്ടയിലേക്ക് ഓക്‌സിജെൻ കുറവുള്ള രക്തം കലരാൻ കാരണമാകുന്നു.

ഷണ്ടിന്റെ ഈ റിവേഴ്‌സൽ ഓക്‌സിജന്റെ അളവ് കുറവുള്ള രക്തം ശരീരത്തിന്റെ താഴത്തെ ഭാഗത്തെ രക്തക്കുഴലുകളിൽ എത്തുന്നതിനും പാദങ്ങൾക്ക് നീലകലർന്ന നിറവ്യത്യാസത്തിനും കാരണമാകുന്നു. ഈ അവസ്ഥയെ പിഡിഎ ഐസൻമെംഗർ സിൻഡ്രോം എന്ന് വിളിക്കുന്നു.

ഐസൻമെംഗർ സിൻഡ്രോം ഉണ്ടായി കഴിഞ്ഞാൽ, പിഡിഎ അടക്കുന്നത് അസുഖം ഭേദമാക്കുന്നില്ല. അപ്പോൾ ഒരേയൊരു പോംവഴി ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കൽ എന്ന പ്രയാസകരമായ ഓപ്പറേഷൻ ആണ്.

മുതിർന്ന കുട്ടികളിലും മുതിർന്നവരിലും പിഡിഎ ഡിവൈസ് വഴി അടയ്ക്കുന്നത് ലോക്കൽ അനസ്തേഷ്യയിൽ തുടയിലെ ചർമ്മത്തിൽ നിർമ്മിച്ച ചെറിയ ദ്വാരങ്ങളിലൂടെ ചെയ്യാം. എക്സ്-റേ അല്ലെങ്കിൽ അൾട്രാസൗണ്ട് ഇമേജിങ് വഴി സിരകളിലൂടെ ഹൃദയത്തിലേക്ക് ഡിവൈസ് ഡെലിവറി കേബിൾ കടത്തുന്നു. ചെറിയ കുട്ടികൾ ഈ പ്രക്രിയയെ ഭയപ്പെടുന്നതിനാൽ, അവർക്ക് ജനറൽ അനസ്തേഷ്യ ആവശ്യമാണ്.

അപൂർവമായ ചില സങ്കീർണതകൾ ഒഴിച്ചാൽ, ഡിവൈസ് ക്ലോഷർ സാധാരണയായി ദീർഘകാല സൽഫലങ്ങളുള്ള ഒരു സുരക്ഷിത നടപടിക്രമമാണ്. അതായത്, പ്രശ്നത്തിന്റെ പൂർണ്ണമായ ചികിത്സയാണ്.