എന്താണ് ഹെഡ് അപ്പ് ടിൽറ്റ് ടെസ്റ്റ് (HUTT)?
|എന്താണ് ഹെഡ് അപ്പ് ടിൽറ്റ് ടെസ്റ്റ് (HUTT)?
HUTT അല്ലെങ്കിൽ ടിൽറ്റ് ടേബിൾ ടെസ്റ്റ് എന്നറിയപ്പെടുന്ന ഹെഡ് അപ്പ് ടിൽറ്റ് ടെസ്റ്റ്, മറ്റ് വ്യക്തമായ കാരണങ്ങളില്ലാത്ത ബോധക്ഷയം അഥവ തലകറക്കം എന്നിവയുടെ ആവർത്തിച്ചുള്ള എപ്പിസോഡുകൾ വിലയിരുത്തുന്നതിന് സാധാരണയായി നടത്താറുണ്ട്. ഈ പരിശോധനയിൽ കുത്തനെ നിൽകുമ്പോൾ ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലുമുള്ള മാറ്റവും നിരീക്ഷിക്കപ്പെടുന്നു. എഴുന്നേറ്റുനിൽക്കുമ്പോൾ ഹൃദയമിടിപ്പ് വർദ്ധിക്കുന്ന അവസ്ഥയായ പോസ്ചറൽ ഓർത്തോസ്റ്റാറ്റിക് ടാക്കിക്കാർഡിയ സിൻഡ്രോം അഥവ POTS വിലയിരുത്തുന്നതിനും ഈ ടെസ്റ്റ് ഉപയോഗപ്രദമാണ്. HUTT-നായി വിവിധ കേന്ദ്രങ്ങളിൽ വിവിധ പ്രോട്ടോക്കോളുകൾ പിന്തുടരുന്നു.
ഒരു പ്രോട്ടോക്കോൾ ഇപ്രകാരമാണ്: ബോധക്ഷയം ഉണ്ടായാൽ വീണുപോകാതിരിക്കാൻ ടിൽറ് ടേബിളിന്റെ ബെൽറ്റ് ഇടുന്നു. ഹൃദയമിടിപ്പും, രക്തസമ്മർദ്ദവും നിരീക്ഷിക്കാനുള്ള മോണിറ്ററുകൾ ഘടിപ്പിക്കുന്നു. എല്ലായ്പ്പോഴും ലഭ്യമല്ലാത്തതും സാധാരണ രക്തസമ്മർദ്ദ നിരീക്ഷണ ഉപകരണത്തേക്കാൾ ചെലവേറിയതും ആണെങ്കിലും, ബീറ്റ്-ടു-ബീറ്റ് ഫിംഗർ ബ്ലഡ് പ്രഷർ മോണിറ്ററിംഗ് ഉപകരണം ഉപയോഗിക്കുന്നതാണ് നല്ലത്. സാധാരണ രക്തസമ്മർദ്ദ നിരീക്ഷണ ഉപകരണങ്ങൾക്ക് രക്തസമ്മർദ്ദത്തിലെ ബീറ്റ്-ടു-ബീറ്റ് മാറ്റം രേഖപ്പെടുത്താൻ കഴിയില്ല, കൂടാതെ വ്യക്തി പെട്ടന്ന് ബോധരഹിതനാവുന്ന സമത്ത് അത് ഉപയോഗിക്കാൻ പ്രയാസമാണ്.
കൈയിലെ സിരകളിലൂടെ കൃത്യമായ നിരക്കിൽ മരുന്നുകൾ നൽകുന്നതിനുള്ള ഇൻഫ്യൂഷൻ പമ്പ് തുടക്കത്തിൽ തന്നെ സജ്ജീകരിക്കുന്നു, ആവശ്യമെങ്കിൽ ഉപയോഗിക്കാൻ. ഇസിജി, രക്തസമ്മർദ്ദം, പൾസ് ഓക്സിമെട്രി ഉപയോഗിച്ചുള്ള ഓക്സിജൻ സാച്ചുറേഷൻ എന്നിവ പരിശോധനയ്ക്കിടെ കൃത്യമായ ഇടവേളകളിൽ ചാർട്ട് ചെയ്യുന്നു. ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യാൻ എല്ലാ അടിയന്തര മരുന്നുകളും സംവിധാനങ്ങളും തയ്യാറായിരിക്കും.
ടെസ്റ്റിന്റെ ആദ്യ ഘട്ടത്തിൽ, വ്യക്തി 30 മിനിറ്റ് നേരം മലർന്നു കിടക്കുന്നു. ഇതിനെത്തുടർന്ന് 70 ഡിഗ്രി കോണിൽ 20 മിനിറ്റ് ദൈർഘ്യമുള്ള ഒരു ടിൽറ് ഘട്ടം. ആ കാലയളവിൽ ബോധക്ഷയം ഉണ്ടാകുന്നില്ലെങ്കിൽ, ടിൽറ്റ് ടേബിൾ 10 മിനിറ്റ് പൂർവ്വ സ്ഥാനത്തേക്ക് കൊണ്ടുവരുന്നു.
അതിനുശേഷം, ഹൃദയമിടിപ്പ് വർദ്ധിപ്പിക്കാനും ഹൃദയത്തിന്റെ സങ്കോചത്തിന്റെ ശക്തി വർദ്ധിപ്പിക്കാനും കഴിയുന്ന ഒരു മരുന്ന് പ്രാരംഭ ഡോസിൽ 10 മിനിറ്റ് ഡ്രിപ്പ് പ്രവർത്തിപ്പിക്കുകയും മേശ 80 ഡിഗ്രിയിലേക്ക് ഉയർത്തുകയും ചെയ്യുന്നു. എന്നിട്ടും 10 മിനിറ്റിനുള്ളിൽ ബോധക്ഷയം ഉണ്ടാകുന്നില്ലെങ്കിൽ, മേശ 10 മിനിറ്റിനുള്ളിൽ പൂർവ്വ സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരും.
ആവശ്യമെങ്കിൽ, 10 മിനിറ്റ് ഇടവിട്ട് മരുന്നിന്റെ രണ്ട് ഉയർന്ന ഡോസുകളിൽ പരിശോധന ആവർത്തിക്കുന്നു. മരുന്നിന്റെ ഉയർന്ന അളവിൽ പോലും ബോധക്ഷയം ഉണ്ടാകുന്നില്ലെങ്കിൽ, പരിശോധന നെഗറ്റീവ് ആയി കണക്കാക്കുന്നു.
മന്ദഗതിയിലുള്ള ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം കുറയുക അല്ലെങ്കിൽ രണ്ടും കൂടിയോ മൂലം മുകളിൽ പറഞ്ഞ ഏത് ഘട്ടത്തിലും ബോധക്ഷയം ഉണ്ടാകാം. ടിൽറ്റ് ടേബിളിന്റെ ബെൽറ്റ് ബോധരഹിതനായാൽ വീഴുന്നതും പരിക്കേൽക്കുന്നതും തടയുന്നു. ഹൃദയ വാൽവുകൾക്ക് കടുത്ത തടസ്സവും ഹൃദയത്തിന്റെ രക്തക്കുഴലുകളുടെ കടുത്ത ബ്ലോക്കും ഉള്ളവരെ ഈ പരിശോധനയ്ക്ക് എടുക്കില്ല.