എന്താണ് ഡിഎം കാർഡിയോളജി?
|എന്താണ് ഡിഎം കാർഡിയോളജി?
ഡിഎം കാർഡിയോളജി (ഡോക്ടർ ഓഫ് മെഡിസിൻ – കാർഡിയോളജി) വിവിധ മെഡിക്കൽ കോളേജുകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും നടത്തുന്ന മൂന്ന് വർഷത്തെ മുഴുവൻ സമയ കോഴ്സാണ്. ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും അസുഖങ്ങളെ പറ്റിയുള്ള വൈദ്യശാസ്ത്രത്തിന്റെ ശാഖയാണ് കാർഡിയോളജി. വിവിധ മെഡിക്കൽ കോളേജുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ്- എസ്എസ്) വഴിയാണ്. ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാഷണൽ ഇംപോർട്ടൻസ് കമ്പൈൻഡ് എൻട്രൻസ് ടെസ്റ്റ് (ഐഎൻഐ – സിഇടി) വഴിയാണ് തിരഞ്ഞെടുക്കുന്നത്.
നീറ്റ്- എസ്എസ് നടത്തുന്നത് നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ്, ന്യൂഡൽഹി. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസാണ് ഐഎൻഐ സിഇടി നടത്തുന്നത്. എയിംസ്, ന്യൂഡൽഹി, പിജിഐഎംഇആർ, ചണ്ഡീഗഡ്, ജിപ്മർ, പുതുച്ചേരി, നിംഹാൻസ്, ബെംഗളൂരു, തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി എന്നിവയാണ് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ.
ഡിഎം കാർഡിയോളജിയിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കുള്ള യോഗ്യത ജനറൽ മെഡിസിൻ, പീഡിയാട്രിക്സ് അല്ലെങ്കിൽ റെസ്പിറേറ്ററി മെഡിസിൻ എന്നിവയിൽ എംഡി (ഡോക്ടർ ഓഫ് മെഡിസിൻ) ബിരുദമാണ്. എം.ബി.ബി.എസിന് ശേഷം മൂന്ന് വർഷത്തെ കോഴ്സാണ് എം.ഡി. നാലര വർഷത്തെ കോഴ്സാണ് എംബിബിഎസ്. അതിന് ശേഷം ഒരു വർഷത്തെ ഇന്റേൺഷിപ്പ് പരിശീലനവുമുണ്ട്. ഇന്റേൺഷിപ്പ് പരിശീലനത്തോടുകൂടിയ എംബിബിഎസിലേക്കുള്ള പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) വഴിയും എംഡിയിലേക്കുള്ള പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് – ബിരുദാനന്തര ബിരുദം (നീറ്റ്-പിജി) വഴിയുമാണ്.
എല്ലാ ബിരുദാനന്തര മെഡിക്കൽ കോഴ്സുകളെയും പോലെ, ഡിഎം കാർഡിയോളജിയിലും സൈദ്ധാന്തിക പഠനങ്ങളും ആശുപത്രിയിലെ പ്രായോഗിക അനുഭവവും ഉൾപ്പെടുന്നു. ഫാക്കൽറ്റിയുടെ മേൽനോട്ടത്തിൽ ഡിഎം റെസിഡന്റ്സ് അവരുടെ പരിചരണത്തിലുള്ള എല്ലാ രോഗികൾക്കും ചികിത്സ നൽകുന്നു. ഗവേഷണ പ്രബന്ധങ്ങളുടെ പ്രസിദ്ധീകരണത്തിലൂടെയും മറ്റും അവർ മെഡിക്കൽ ഗവേഷണത്തിന് പരിശീലിക്കുന്നു. എക്കോകാർഡിയോഗ്രാഫി (ഹൃദയത്തിന്റെ അൾട്രാസൗണ്ട് പഠനം), എക്സ്ർസൈസ് ഇസിജി, കാർഡിയാക് കത്തീറ്ററൈസേഷൻ, ആൻജിയോഗ്രാഫി, ഇന്റർവെൻഷണൽ നടപടിക്രമങ്ങൾ തുടങ്ങിയ കാർഡിയോളജിയുമായി ബന്ധപ്പെട്ട എല്ലാ ചികിത്സ സംബന്ധമായ പരിശോധനകളും ഡിഎം റെസിഡന്റുകൾ പരിശീലിക്കുന്ന.
കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി എന്നറിയപ്പെടുന്ന ഒരു പ്രത്യേക ചികിത്സ മുറിയിൽ തുടർച്ചയായ എക്സ്-റേ ഇമേജിംഗിലൂടെ നയിക്കപ്പെടുന്ന, രക്തക്കുഴലുകളിലൂടെ ഹൃദയത്തിലേക്ക് എത്തിക്കുന്ന കത്തീറ്ററുകൾ എന്നറിയപ്പെടുന്ന ചെറിയ ട്യൂബുകൾ ഉപയോഗിച്ച് നടത്തുന്ന പരിശോധനയാണ് കാർഡിയാക് കത്തീറ്ററൈസേഷൻ. കത്തീറ്ററുകൾ ഉപയോഗിച്ച് റേഡിയോ കോൺട്രാസ്റ്റ് മരുന്നുകൾ കുത്തിവയ്ക്കുകയും തുടർച്ചയായ എക്സ്-റേ ചിത്രങ്ങൾ എടുക്കുകയും ചെയ്തുകൊണ്ട് ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ദൃശ്യവൽക്കരണമാണ് ആൻജിയോഗ്രാഫി.
ബ്ലോക്കുകൾ നീക്കം ചെയ്യൽ (ആൻജിയോപ്ലാസ്റ്റി), ഹൃദയത്തിന്റെ ഭിത്തിയുടെ ദ്വാരങ്ങളുടെ ഡിവൈസ് ക്ലോഷർ, ബലൂൺ കത്തീറ്ററുകൾ ഉപയോഗിച്ച് വാൽവുകൾ വലുതാക്കൽ തുടങ്ങിയ നടപടിക്രമങ്ങളാണ് ഇന്റെർവെൻഷനുകൾ. ബലൂൺ കത്തീറ്ററുകൾ ചെറിയ ട്യൂബുകളാണ്, അഗ്രഭാഗത്ത് ഉറപ്പുള്ള ബലൂണുകൾ ഉണ്ട്, ഇത് ഇടുങ്ങിയ രക്തക്കുഴലുകളും ഹൃദയ വാൽവുകളും വലുതാക്കാൻ ഉപയോഗിക്കാം.