കുട്ടികളിലെ നെഞ്ചുവേദന

കുട്ടികളിലെ നെഞ്ചുവേദന

കുട്ടികളിൽ നെഞ്ചുവേദന ഒരു സാധാരണ ലക്ഷണമാണെങ്കിലും മുതിർന്നവരിൽ നിന്ന് വ്യത്യസ്തമായി ഹൃദ്രോഗം കാരണം ഇത് വളരെ വിരളമാണ്. മിക്കപ്പോഴും കുട്ടികളിൽ നെഞ്ചുവേദനയുടെ കാരണം ജീവൻ അപകടപ്പെടുത്തുന്ന ഒരു വലിയ രോഗമല്ല. എന്നാലും നെഞ്ചുവേദന പ്രവർത്തനങ്ങളുടെ നിയന്ത്രണം, സ്കൂളിൽ നിന്ന് വിട്ടുനിൽക്കൽ, കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഉത്കണ്ഠ എന്നിവയ്ക്ക് കാരണമാകും.
ഒരു നല്ല രോഗ ലക്ഷണ വിവരണവും പരിശോധനയും നെഞ്ചുവേദനയ്ക്ക് കാരണമായേക്കാവുന്ന ഗുരുതരമായ ഏതെങ്കിലും അവസ്ഥ ഇല്ലെന്ന് ഉറപ്പുവരുത്താൻ ധാരാളം വിവരങ്ങൾ നൽകും. കൗമാരപ്രായക്കാരായ പെൺകുട്ടികളിൽ നെഞ്ചുവേദനയ്ക്കുള്ള ഒരു സാധാരണ കാരണമാണ് കോസ്റ്റോകോണ്‌ഡ്രൈറ്റിസ് അഥവാ നെഞ്ചിലെ അസ്ഥികൾക്കിടയിലുള്ള സന്ധിയുടെ വീക്കം.
ഇത് വൈറൽ അസുഖം മൂലമോ ശ്വാസകോശ സംബന്ധമായ അസുഖം മൂലം പതിവായുള്ള ചുമ മൂലമോ ഉണ്ടാകാം. നെഞ്ചിന്റെ നടുക്കുള്ള അസ്ഥിക്കു സമീപമുള്ള കാർട്ടിലേജും വാരിയെല്ലിനും ഇടയിലുള്ള സന്ധിയായ കോസ്‌റ്റോകോൺട്രൽ ജോയിന്റിൽ അമർത്തുമ്പോൾ വേദന വർദ്ധിക്കുന്നുണ്ടെങ്കിൽ ഇത് തിരിച്ചറിയാൻ കഴിയും.
നെഞ്ചിലെ പേശികൾക്കും എല്ലുകൾക്കുമുള്ള ക്ഷതം കുട്ടികളിൽ നെഞ്ചുവേദനയ്ക്ക് കാരണമാകാം, എന്നാൽ ഈ കാരണം സാധാരണയായി രോഗലക്ഷണ വിവരണത്തിൽ നിന്ന് വ്യക്തമാണ്. എന്നാൽ ഭാരമേറിയ വസ്തുക്കൾ ഉയർത്തുക, ഇടയ്ക്കിടെയുള്ള ചുമ അല്ലെങ്കിൽ ധാരാളം എയ്റോബിക് വ്യായാമങ്ങൾ എന്നിവയ്ക്ക് ശേഷവും ഇത് സംഭവിക്കാം.
മാനസിക സമ്മർദ്ദവും ഉൽക്കണ്ഠയും നെഞ്ചുവേദനയുടെ ഒരു സാധാരണ കാരണമാണ്, എന്നിരുന്നാലും മാനസിക സമ്മർദ്ദത്തിന്റെ കാരണം എല്ലായിപ്പോഴും വ്യെക്തമായിരിക്കണമെന്നില്ല. പരീക്ഷയുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദവും, മാനസിക സമ്മർദ്ദത്തിന്റെ മറ്റ് സാധാരണ കാരണങ്ങളും ചിന്തിക്കേണ്ടതുണ്ട്.
മാനസിക സമ്മർദ്ദം മറ്റൊരു കാരണത്താൽ ഉള്ള നെഞ്ചുവേദനയും വഷളാക്കും. അതിനാൽ, മാനസിക സമ്മർദ്ദത്തിന് ഒരു ഏക കാരണമായ റോൾ കല്പിക്കുന്നതിന് മുമ്പ് മറ്റ് കാരണങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
ശ്വാസകോശത്തിന്റെ ആവരണത്തിന്റെ വീക്കം അഥവാ പ്ലൂറിസി ആണ് നെഞ്ചുവേദനയുടെ മറ്റൊരു പ്രധാന കാരണം, ഇത് ശ്വാസം നീട്ടി വലിക്കുമ്പോൾ വർദ്ധിക്കുകയും കൊളുത്തിപ്പിടിക്കുന്ന പോലെ അനുഭവപ്പെടുകയും ചെയ്യുന്നു. ശ്വാസകോശത്തിന് ചുറ്റുമുള്ള പ്ലൂറൽ അറയിൽ വായു അല്ലെങ്കിൽ ദ്രാവകം നിറഞ്ഞാലും ചിലപ്പോൾ നെഞ്ചുവേദന ഉണ്ടാകാം.
എന്നാൽ ഈ സാഹചര്യത്തിൽ ശ്വാസതടസ്സം ഒരു പ്രധാന അനുബന്ധ ലക്ഷണമാണ്. ആമാശയത്തിൽ നിന്നുള്ള ആസിഡ് റിഫ്ലക്സ് കാരണം റിഫ്ലക്സ് ഈസോഫഗൈറ്റിസ് അഥവാ അന്നനാളത്തിന്റെ വീക്കം എന്നിവയും നെഞ്ചുവേദനയ്ക്ക് കാരണമാകും. ഇത് നെഞ്ചിന്റെ മധ്യഭാഗത്ത് നീറുന്ന തരത്തിലുള്ള നെഞ്ചുവേദനയ്ക്ക് കാരണമാകുന്നു.
അപൂർവമാണെങ്കിലും, കുട്ടികളിൽ നെഞ്ചുവേദനയുടെ കാരണമായി ചില ഹൃദ്രോഗങ്ങളും ശ്രദ്ധിക്കേണ്ടതാണ്. പെരികാർഡൈറ്റിസ് അഥവാ ഹൃദയത്തിന്റെ ആവരണത്തിന്റെ വീക്കം കുട്ടികളിൽ നെഞ്ചുവേദനയ്ക്ക് കാരണമാകും. പെരികാർഡൈറ്റിസിന്റെ മിക്ക കേസുകളും താനെ മാറുന്നവയാണ്, പക്ഷേ അപൂർവ്വമായി ഗുരുതരമായ ഒരു പ്രശ്നമായി മാറാം.
ഇത് നല്ല വേദനയ്ക്ക് കാരണമാകുന്നു, ഇരുന്നുകൊണ്ട് മുന്നോട്ട് കുനിഞ്ഞാൽ ആശ്വാസം ലഭിക്കും. പെരികാർഡൈറ്റിസിന്റെ കൂടെ പനി ഉണ്ടാകാം. ഹൃദയത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന കൊറോണറി ധമനികളുടെ രോഗങ്ങൾ ജന്മനായുള്ള വൈകല്യമായോ കാവസാക്കി രോഗം മൂലമോ ഉണ്ടാകാം.
ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി പോലുള്ള പാരമ്പര്യ രോഗങ്ങൾ കാരണം ഹൃദയപേശികൾ കട്ടിയാകുന്നതും ആലോചിക്കേണ്ടതുണ്ട്. മുകളിലെ അറയായ ഇടത് ഏട്രിയത്തിനും താഴത്തെ അറയായ ഇടത് വെൻട്രിക്കിളിനും ഇടയിലുള്ള മൈട്രൽ വാൽവ് പ്രോലാപ്‌സ് അഥവാ പിന്നിലേക്ക് വളയുന്നത് നെഞ്ചുവേദനയ്ക്ക് കാരണമാകും, മിക്കപ്പോഴും കൗമാരക്കാരായ പെൺകുട്ടികളിൽ.
മിക്കപ്പോഴും ഇത് ഒരു ചെറിയ തകരാർ മാത്രമാണ്, അപൂർവ്വമായി ഇത് വാൽവിന്റെ ലീക്കിന് കാരണമാകും, അത് ഗൗരവമായേക്കാം. നെഞ്ചുവേദനയുടെ മറ്റൊരു അപൂർവ കാരണം അയോർട്ടയുടെ അനൂറിസം ആകാം, ഇത് മഹാധമനിയുട ഒരു ഭാഗം വലുതാകുന്നതാണ്.
കുട്ടികളിൽ ഇത് വളരെ അപൂർവമാണ്, മാർഫാൻ സിൻഡ്രോം എന്നറിയപ്പെടുന്ന ഒരു അവസ്ഥ കാരണം ഇത് സംഭവിക്കാം. അസാധാരണമായ ഹൃദയ താളം മൂലം അപൂർവ്വമായി വേഗത്തിലുള്ള ഹൃദയമിടിപ്പ് ചില കുട്ടികൾക്ക് നെഞ്ചിലെ അസ്വസ്ഥതയായി അനുഭവപ്പെടാം.