എന്താണ് ഇംപ്ലാന്റ് ചെയ്യാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ (ICD)?

എന്താണ് ഇംപ്ലാന്റ് ചെയ്യാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ (ICD)?

ഇംപ്ലാന്റബിൾ കാർഡിയോവർട്ടർ ഡിഫിബ്രിലേറ്റർ അഥവ ഐസിഡി ഒരു കാർഡിയാക് ഇംപ്ലാന്റബിൾ ഇലക്ട്രോണിക് ഉപകരണം അഥവ CIED ആണ്. ലോക്കൽ അനസ്തേഷ്യയിൽ, ഇടത് കോളർ ബോണിന് താഴെയായി ചർമ്മത്തിന് കീഴിലാണ് ഉപകരണം സ്ഥാപിക്കുന്നത്. ഉപകരണത്തിൽ നിന്നുള്ള ഇലക്‌ട്രോഡ് ലീഡ് ഇടത് കോളർ ബോണിന് പിന്നിലെ ഒരു സിരയിലൂടെ ഹൃദയത്തിന്റെ വലതുവശത്തുള്ള അറകളിലേക്ക് കൊണ്ടുവരുന്നു. ഓക്സിജൻ കുറവുള്ള രക്തം ഹൃദയത്തിലേക്ക് കൊണ്ടുപോകുന്ന ഒരു രക്തക്കുഴലാണ് സിര. ഉപകരണം ഹൃദയത്തിന്റെ താളം തുടർച്ചയായി നിരീക്ഷിക്കുന്നു. ഹൃദയ താളത്തിലെ ജീവൻ അപകടപ്പെടുത്തുന്ന തകരാറുകൾ കണ്ടെത്താനും അവക്ക് ഉടൻ വൈദ്യുത ചികിത്സ നൽകാനും ഐസിടിക്ക് കഴിയും.


വെൻട്രിക്കുലാർ ടാക്കിക്കാർഡിയ എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ താഴത്തെ അറകളിൽ നിന്നുള്ള അസാധാരണമായ ഒരു താളം കണ്ടെത്തിയാൽ, ഐസിഡി അതിവേഗമുള്ള പേസിംങ് നൽകി അത് ചികിൽസിക്കാൻ ശ്രമിക്കുന്നു. ലീഡുകളിലൂടെ ഹൃദയത്തിലേക്ക് വൈദ്യുത സ്പന്ദനങ്ങൾ നൽകുന്നതാണ് പേസിംങ്. ഇത് വെൻട്രിക്കുലാർ ടാക്കിക്കാർഡിയയെ നിയന്ത്രിക്കുന്നില്ലെങ്കിൽ, ഹൃദയത്തിനുള്ളിലെ ഉയർന്ന വോൾട്ടേജ് കോയിലിലൂടെ ഐസിഡി ഒരു ഷോക്ക് നൽകുന്നു.
ഇവിടെ കാണിച്ചിരിക്കുന്ന എക്സ്-റേ സുപ്പീരിയർ വീന കാവയിലെ ഉയർന്ന വോൾട്ടേജ് കോയിൽ കാണിക്കുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് നിന്ന് ഹൃദയത്തിലേക്ക് ഓക്സിജൻ കുറവുള്ള രക്തം കൊണ്ടുപോകുന്ന രക്തക്കുഴലാണ് സുപ്പീരിയർ വീന കാവ. ഹൃദയത്തിന്റെ വലത് താഴത്തെ അറയായ വലത് വെൻട്രിക്കിളിൽ മറ്റൊരു കോയിൽ ഉണ്ട്. ഒരു ഷോക്ക് കഴിഞ്ഞ ഉടനെ കുറച്ച് സമയത്തേക്ക് ഹൃദയമിടിപ്പ് വളരെ കുറവാണെങ്കിൽ ഹൃദയമിടിപ്പ്‌ വർദ്ധിപ്പിക്കാൻ ഐസിഡികൾക്ക് പേസിംങ് നൽകാനും കഴിയും. എക്‌സ്-റേയിൽ ലീഡിന്റെ അറ്റത്താണ് പേസിംങ് ഇലക്‌ട്രോഡുകൾ കാണുന്നത്.
വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ താഴത്തെ അറകളിൽ നിന്നുള്ള ജീവൻ അപകടപ്പെടുത്തുന്ന ഒരു താളം ഐസിഡി കണ്ടെത്തിയാൽ, അത് ഉടൻ തന്നെ താളം ശരിയാക്കാൻ ഒരു ഷോക്ക് നൽകുന്നു. അങ്ങനെ, ഹൃദയ താള തകരാറുകൾ മൂലം ഉണ്ടാകാവുന്ന പെട്ടെന്നുള്ള മരണത്തിൽ നിന്ന് സംരക്ഷിക്കുന്ന ഒരു പ്രധാന ജീവൻ രക്ഷാ ഉപകരണമാണ് ഐസിഡി.
ചിലപ്പോൾ ഐസിഡി അനുചിതമായ ഷോക്ക് നൽകിയേക്കാം. സൂക്ഷ്മമായ ഉപകരണ പ്രോഗ്രാമിംഗിലൂടെ ഇവയെ ഒരു പരിധി വരെ ഒഴിവാക്കാം. ഷോക്കുകളെ ഭയന്ന് ചിലർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായേക്കാം. ഈ ഉത്കണ്ഠ അകറ്റാൻ നല്ല കൗൺസിലിംഗ് പലപ്പോഴും ഉപയോഗപ്രദമാണ്.
ഏറ്റവും സാധാരണയായി ഘടിപ്പിക്കുന്ന ഐസിഡിയെ ട്രാൻസ്‌വീനസ് ഐസിഡി എന്നും വിളിക്കുന്നു, കാരണം ലീഡുകൾ സിരകളിലൂടെ ഹൃദയത്തിലേക്ക് കൊണ്ടുവരുന്നു. നെഞ്ചിന്റെ ഇടതുവശത്ത് ചർമ്മത്തിനടിയിൽ ലീഡ് ഇംപ്ലാന്റ് ചെയ്യുന്ന പൂർണ്ണമായും സബ്ക്യുട്ടേനിയസ് ആയ ഐസിഡിയും ലഭ്യമാണ്. ഈയിടെ ഒരു എക്സ്ട്രാവാസ്കുലർ ഐസിഡി പരീക്ഷിക്കപ്പെട്ടു, ഇതിൽ നെഞ്ഞെല്ലിന് അടിയിലാണ് ലീഡ് വെക്കുന്നത്. പൂർണ്ണമായും സബ്ക്യുട്ടേനിയസ് ആയ ഐസിഡിയെക്കാൾ മികച്ച പ്രകടനവും ട്രാൻസ്‌വീനസ് ഐസിഡിയോട് ഏതാണ്ട് അടുക്കുന്ന പ്രകടനവും നിരീക്ഷിക്കപ്പെട്ടു.
ട്രാൻസ്‌വീനസ് ഐസിഡിക്ക് രക്തക്കുഴലുകൾക്കും ഹൃദയത്തിനും ഉള്ളിലെ ലീഡുകളുടെ പ്രശ്‌നങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് ഈ പുതിയ തരം ഐസിഡികൾ രൂപകല്പന ചെയ്യപ്പെട്ടത്. രക്തക്കുഴലുകൾക്കുള്ളിലെ ലീഡുകൾക്ക് അണുബാധ ഉണ്ടാകാം, ഒടിവുണ്ടാകാം അല്ലെങ്കിൽ സ്ഥാനഭ്രംശം സംഭവിക്കാം, ചിലപ്പോൾ അവ ഹൃദയ അറകളിൽ സുഷിരങ്ങൾ ഉണ്ടാക്കാം. ഹൃദയത്തിലും രക്തക്കുഴലുകളിലും രക്ത കട്ടകൾ രൂപപ്പെടുന്നതിനും ലീഡുകൾ കാരണമാകാം.
ഐസിഡി സിസ്റ്റത്തിൽ ബാറ്ററിയുള്ള ഒരു പൾസ് ജനറേറ്റർ അടങ്ങിയിരിക്കുന്നു, സാധാരണയായി ട്രാൻസ്‌വീനസ് ഐസിഡികൾക്കായി ഇടത് കോളർ ബോണിന് താഴെ ഇംപ്ലാന്റ് ചെയ്യുന്നു. പൂർണ്ണമായും സബ്ക്യുട്ടേനിയസ് ഐസിഡി, എക്സ്ട്രാവാസ്കുലർ ഐസിഡി എന്നിവയുടെ കാര്യത്തിൽ ഇടത് കക്ഷത്തിന് താഴെയാണ് പൾസ് ജനറേറ്റർ ഘടിപ്പിച്ചിരിക്കുന്നത്. ഇടത് വശത്തുള്ള ഇംപ്ലാന്റുകളാണ് തിരഞ്ഞെടുക്കുന്നത്, കാരണം ഇടതുവശത്തുള്ള ഐസിഡി പൾസ് ജനറേറ്റർ ക്യാൻ വഴിയുള്ള ഐസിഡി ഷോക്കുകൾ കൂടുതൽ ഫലപ്രദമാകും. ഐസിഡി പൾസ് ജനറേറ്റർ ക്യാൻ ഒരു സജീവ ഇലക്‌ട്രോഡാണ്. സുപ്പീരിയർ വീന കാവയിലും വലത് വെൻട്രിക്കിളിലും സ്ഥിതി ചെയ്യുന്ന ഉയർന്ന വോൾട്ടേജ് കോയിലുകളാണ് ട്രാൻസ്‌വീനസ് ഐസിഡിയുടെ മറ്റ് സജീവ ഷോക്ക് ഇലക്‌ട്രോഡുകൾ.
വെൻട്രിക്കുലാർ ടാക്കിക്കാർഡിയയ്‌ക്കുള്ള ഓവർഡ്രൈവ് പേസിംങ് ട്രാൻസ്‌വീനസ്, എക്‌സ്‌ട്രാവാസ്‌കുലാർ ഐസിഡികളിൽ ലഭ്യമാണ്, പക്ഷേ പൂർണ്ണമായും സബ്ക്യുട്ടേനിയസ് ആയ ഐസിഡികളിൽ ലഭ്യമല്ല. അമിതവേഗതയില്ലാത്ത വെൻട്രിക്കുലാർ ടാക്കിക്കാർഡിയയ്ക്കുള്ള വേദനയില്ലാത്ത ചികിത്സാരീതിയാണ് ഓവർഡ്രൈവ് പേസിംങ്. ഷോക്ക് ഡെലിവറിക്കായി ഉയർന്ന വോൾട്ടേജ് കപ്പാസിറ്റർ ചാർജ് ചെയ്യുമ്പോൾ ഓവർഡ്രൈവ് പേസിംങ് പരീക്ഷിക്കാൻ മിക്ക ഐസിഡികളും പ്രോഗ്രാം ചെയ്യാവുന്നതാണ്. ഓവർഡ്രൈവ് പേസിംങിന് വെൻട്രിക്കുലാർ ടാക്കിക്കാർഡിയ അവസാനിപ്പിക്കാൻ കഴിയുമെങ്കിൽ, ഒരു ഷോക്ക് ഒഴിവാക്കപ്പെടും. എല്ലാ ഫാസ്റ്റ് വെൻട്രിക്കുലാർ ടാക്കിക്കാർഡിയയും വെൻട്രിക്കുലാർ ഫിബ്രിലേഷനും സാധാരണയായി ആദ്യ ഓപ്ഷനായി ഷോക്ക് നൽകുന്നു.
ICD-യുടെ ബാറ്ററി ലൈഫ് അത് നൽകേണ്ടിവരുന്ന ഷോക്കുകളുടെ എണ്ണം, ഓരോ ഷോക്കിനും ആവശ്യമായ ഊർജ്ജ നില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഷോക്കുകളുടെ സാധ്യത കുറയ്ക്കുന്നതിന് വെൻട്രിക്കുലാർ ടാക്കിക്കാർഡിയയെ നിയന്ത്രിക്കാൻ മരുന്നുകൾ ഉപയോഗിക്കാം. എന്നാൽ ഒരു മുന്നറിയിപ്പ് ഉണ്ട്. ബ്രേക്ക്‌ത്രൂ വെൻട്രിക്കുലാർ ടാക്കിക്കാർഡിയ, ഐസിഡിയുടെ പ്രോഗ്രാം ചെയ്ത കണ്ടെത്തൽ നിരക്കിന് താഴെ, കുറഞ്ഞ നിരക്കിൽ ഉണ്ടാകാം. ആവർത്തിച്ചുള്ള സ്ലോ വെൻട്രിക്കുലാർ ടാക്കിക്കാർഡിയ ഹൃദയത്തിന്റെ പമ്പിംഗ് പ്രവർത്തനത്തെ കുറയ്ക്കുകയും ദീർഘകാലാടിസ്ഥാനത്തിൽ ഹാർട്ട് ഫെയ്‌ലറിന് കാരണമാവുകയും ചെയ്യും. ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താളം അവസാനിപ്പിക്കാൻ ഷോക്കുകൾക്ക് ആവശ്യമായ ഊർജ്ജത്തിന്റെ തോത് മരുന്നുകൾ ചിലപ്പോൾ വർദ്ധിപ്പിച്ചേക്കാം.
ഐസിഡി ഷോക്കുകളുടെ എണ്ണം കുറയ്ക്കാൻ പലപ്പോഴും ഉപയോഗിക്കുന്ന മറ്റൊരു ഓപ്ഷൻ ഇലക്ട്രോഫിസിയോളജി സ്റ്റഡി എന്നറിയപ്പെടുന്ന ഹൃദയത്തിലേക്ക് രക്തക്കുഴലുകളിലൂടെ നയിക്കുന്ന ഇലക്ട്രോഡുകൾ ഉപയോഗിച്ച് വെൻട്രിക്കുലാർ ടാക്കിക്കാർഡിയയുടെ ഉത്ഭവസ്ഥാനം മാപ്പ് ചെയ്യുക എന്നതാണ്. റേഡിയോ ഫ്രീക്വൻസി കത്തീറ്റർ അബ്ലേഷൻ എന്നറിയപ്പെടുന്ന റേഡിയോ ഫ്രീക്വൻസി കറന്റ് ഉപയോഗിച്ച് ഊർജ്ജത്തിന്റെ ചെറിയ പൾസുകൾ നൽകി വെൻട്രിക്കുലാർ ടാക്കിക്കാർഡിയയുടെ ഉത്ഭവസ്ഥാനം നിർവീര്യമാക്കാം. മരുന്നുകളുടെ കാര്യത്തിൽ പറഞ്ഞിരിക്കുന്ന ദോഷങ്ങളൊന്നും ഇതിനില്ല. എന്നാൽ മാപ്പിംഗും അബ്ലേഷനും എല്ലാ സാഹചര്യങ്ങളിലും വിജയിച്ചേക്കില്ല.
ഐസിഡിയുടെ കാര്യത്തിൽ നല്ല ഫോളോ അപ്പ് പ്രോഗ്രാമിംഗ് നിർബന്ധമാണ്. ഉപകരണത്തിലേക്ക് റേഡിയോ സിഗ്നലുകൾ അയയ്ക്കുകയും അതിൽ സംഭരിച്ചിരിക്കുന്ന വിവരങ്ങൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു ഉപകരണമാണ് ഐസിഡി പ്രോഗ്രാമിംഗ് നടത്താൻ ഉപയോഗിക്കുന്നത്. ഓരോ ഷോക്കിനും ശേഷം അത് ഉചിതമാണോ അനുചിതമാണോ എന്ന് അറിയാൻ ICD വിശകലനം ചെയ്യൽ ആവശ്യമാണ്. ബാറ്ററി നില പരിശോധിക്കാ നും വിശകലനം ആവശ്യമാണ്. റെക്കോർഡ് ചെയ്‌ത ഇവന്റുകൾക്ക് ഹൃദയ താള ക്രമക്കേടുകളുടെ തരങ്ങളെക്കുറിച്ച് വിവരം നൽകാൻ കഴിയും.
ആധുനിക ഐസിഡികൾക്ക് വയർലെസ് നെറ്റ്‌വർക്കിലൂടെ, ഐസിഡിയിൽ നിന്നുള്ള അടിസ്ഥാന ഡാറ്റ മറ്റൊരു ഭൂഖണ്ഡത്തിൽ പോലും സ്ഥിതി ചെയ്യുന്ന ഒരു ഫിസിഷ്യന് കൈമാറുന്നതിലൂടെയും റിമോട്ട് ഫോളോ അപ്പ് സാധ്യമാണ്. എന്നാൽ പ്രോഗ്രാം ചെയ്ത പാരാമീറ്ററുകൾ മാറ്റുന്നതിന് അടുത്തുള്ള സ്പെഷ്യലിസ്റ്റ് കേന്ദ്രം സന്ദർശിക്കേണ്ടതുണ്ട്. മെഡിക്കൽ ഉപകരണങ്ങളിലേക്കുള്ള വയർലെസ് ആക്‌സസ് എല്ലായ്‌പ്പോഴും അനധികൃത ആക്‌സസിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു.
ICD-കളെക്കുറിച്ചുള്ള മറ്റൊരു ആശങ്ക ജീവിതാവസാന സമയത്താണ്. ഒരു തിരിച്ചുവരവ് സാധ്യമല്ലാത്ത സാഹചര്യത്തിൽ ഐസിഡികൾ നിർജ്ജീവമാക്കേണ്ട സാഹചര്യങ്ങൾ ഉണ്ടാകാം, ഇത് ധാർമ്മിക ചോദ്യങ്ങൾ ഉയർത്താം. ഒരു പേസ്മേക്കറിന്റെ കാര്യത്തിലെന്ന പോലെ, ശവസംസ്കാരം ദഹിപ്പിക്കൽ വഴി വേണ്ടിവരുമ്പോൾ ഐസിഡി പുറത്തെടുക്കേണ്ടതുണ്ട്. ഐസിഡി പുറത്തെടുക്കുന്ന വ്യക്തികൾക്ക് ഷോക്ക് ഉണ്ടാകാതിരിക്കാൻ പ്രോഗ്രാമിംഗ് വഴി ഐസിഡി ഷോക്കുകൾ താൽക്കാലികമായി നിർത്താൻ ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് സാഹചര്യങ്ങളിൽ, രക്തസ്രാവം നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിച്ച് ശസ്ത്രക്രിയ ആസൂത്രണം ചെയ്യുമ്പോൾ, ഒരു പ്രോഗ്രാമർ ലഭ്യമല്ലാത്തപ്പോൾ, ഐസിഡിക്ക് മുകളിൽ ഒരു കാന്തം പ്രയോഗിച്ച് ഐസിഡി ഷോക്ക് താൽക്കാലികമായി നിർത്താൻ കഴിയും.
വൈദ്യുതകാന്തിക വികിരണവും മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗും ഉപയോഗിക്കുമ്പോഴുള്ള മുൻകരുതലുകൾ പേസ്മേക്കറുകൾക്കെന്ന പോലെ ഐസിഡികൾക്കും ബാധകമാണ്. വൈദ്യുതകാന്തിക തരംഗങ്ങൾ ഐസിഡിയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതാണ് ഇതിന് കാരണം. ഐസിഡിയും പ്രോഗ്രാമിംഗ് ഉപകരണവും തമ്മിലുള്ള ആശയവിനിമയത്തിലും ഇത് ഇടപെടാം. ഐസിഡിയുടെ സ്ഥാനത്ത് നിന്ന് കുറഞ്ഞത് 15 സെന്റീമീറ്റർ അകലെ, എതിർ ചെവിയിൽ മൊബൈൽ ഫോണുകൾ ഉപയോഗിക്കാം. കഴിഞ്ഞ കുറച്ച് മാസങ്ങളിൽ ഐസിഡി ഷോക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ ICD ഉള്ള വ്യക്തി വാഹനം ഓടിക്കരുത്. ആ കാലയളവിനപ്പുറം, ഉപകരണത്തിന്റെ പ്രവർത്തനം വിലയിരുത്തുന്ന ഡോക്ടറോട് അഭിപ്രായം തേടണം. വിഷയം വളരെ വിശാലമായതിനാൽ ഇത് ഐസിഡികളെക്കുറിച്ചുള്ള ഒരു ഹ്രസ്വ അവലോകനം മാത്രമാണ്!