കാലിൽ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
|കാലിൽ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
കാലിലെ രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ രക്തം കട്ടപിടിക്കുന്നത് ധമനിയിലാണോ സിരയിലാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. കാലുകളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളാണ് ധമനികൾ. സിരകൾ ഓക്സിജൻ സമ്പുഷ്ടമാക്കുന്നതിനായി ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും കുറഞ്ഞ ഓക്സിജൻ ഉള്ള രക്തം തിരികെ നൽകുന്നു.
രക്തത്തിലെ ഓക്സിജന്റെ അളവ് കൂടുതലായതിനാൽ ധമനികൾക്ക് കടും ചുവപ്പ് നിറമാണ്. ഉയർന്ന മർദ്ദത്തിൽ രക്തം ഒഴുകുന്നതിനാൽ അവയ്ക്ക് കട്ടിയുള്ള പേശീഭിത്തികളുണ്ട്. ഓരോ ഹൃദയമിടിപ്പിലും ഹൃദയം അവയിലേക്ക് രക്തം പമ്പ് ചെയ്യുന്നു.
സിരകളിലെ രക്തത്തിൽ ഓക്സിജന്റെ അളവ് കുറവായതിനാൽ അവക്ക് നീല കലർന്ന നിറമാണ്. പേശികൾ ചുരുങ്ങുമ്പോൾ സിരകളിൽ രക്തം ഒഴുകുന്നു, അതായത് നമ്മൾ നടക്കുമ്പോളോ കൈകാലുകൾ ചലിപ്പിക്കുമ്പോളോ.
ധമനികൾ തടസ്സപ്പെടുമ്പോൾ വേദന, വിളര്പ്പ്, കാൽ തണുത്തുപോവുക, തൊട്ടറിയാനുള്ള കഴിവ് കുറയുക, കാൽ തളർന്നു പോവുക എന്നിവ ഉണ്ടാകുന്നു. ധമനിയുടെ അടവ് ദീർഘസമയം നിലനിൽക്കുകയാണെങ്കിൽ, കോശങ്ങളുടെ നാശത്തോടെ കാലുകൾ കറുത്തതായി മാറും, ഇതിനെ ഗാംഗ്രീൻ എന്ന് വിളിക്കുന്നു.
ബ്ലോക്ക് പെട്ടെന്ന് സംഭവിക്കുമ്പോൾ ഇത് സംഭവിക്കുന്നു. ക്രെമേണയാണ് ബ്ലോക്ക് ഉണ്ടാകുന്നതെങ്കിൽ നടക്കുമ്പോൾ കാല് വേദന അനുഭവപ്പെടുന്നു. ഈ വേദന വിശ്രമിയ്ക്കുമ്പോൾ കുറയുകയും നടത്തത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു. വേദന ആരംഭിക്കുന്ന ദൂരം തടസ്സത്തിന്റെ തീവ്രതയുടെ ഒരു പ്രധാന സൂചനയാണ്. കൂടുതൽ കഠിനമായ തടസ്സങ്ങൾ കുറച്ച് ദൂരം നടക്കുമ്പോൾ വേദന ഉണ്ടാക്കുന്നു.
വേദന കാരണം ഒരാൾക്ക് നടത്തം നിർത്തേണ്ടിവരുന്ന ദൂരമാണ് ക്ലോഡിക്കേഷൻ ദൂരം. കാലിൽ അതിന്റേതായ കൊളാറ്ററൽ രക്തക്കുഴലുകൾ അല്ലെങ്കിൽ സ്വാഭാവിക ബൈപാസ് വികസിക്കുമ്പോൾ, ക്ലോഡിക്കേഷൻ ദൂരം മെച്ചപ്പെടും. കൃത്യമായ ഒരു വ്യായാമ പരിപാടിയിലൂടെയും മരുന്നുകളിലൂടെയും ഈ പ്രക്രിയ മെച്ചപ്പെടുത്താൻ കഴിയും.
ഒരു വലിയ അസുഖം, ഓപ്പറേഷൻ അല്ലെങ്കിൽ എല്ലുകളുടെ ഒടിവ് എന്നിവയ്ക്ക് ശേഷം ഒരാൾ കിടപ്പിലാകുമ്പോൾ സിരകളിൽ രക്തം കട്ട പിടിക്കാം. സ്വന്തമായോ, മറ്റുള്ളവരുടെ സഹായത്താലോ, കാലുകൾ ഇടയ്ക്കിടെ ചലിപ്പിക്കുക വഴി ഇത് ഒരു പരിധിവരെ തടയാം. സിരകളിൽ രക്തം കട്ടപിടിക്കുന്നത് മരുന്നുകൾ വഴി തടയാനും സാധിക്കും.
സിരയിലെ രക്തകട്ടകൾ കാലുകളിൽ നിന്ന് ഹൃദയത്തിലേക്കും ശ്വാസകോശത്തിലേക്കും ഓക്സിജൻ ലഭിക്കുന്നതിന് രക്തം തിരികെയെത്തുന്നത് തടസ്സപ്പെടുത്തുന്നു. നീലകലർന്ന ചുവപ്പ് നിറത്തിൽ കാലുകൾ വീർക്കുകയും വേദനിക്കുകയും ചെയ്യും.
സിരയിലെ രക്തകട്ടകൾ ശ്വാസകോശത്തിലേക്ക് നീങ്ങുകയും പൾമണറി എംബോളിസം എന്ന മാരകമായ അവസ്ഥ ഉണ്ടാക്കുകയും ചെയ്യാം. രക്തകട്ടകൾ കാലുകളിലെ രക്തക്കുഴലുകളിൽ നിന്നും വയറിലെ രക്തക്കുഴലുകളിലൂടെ ഹൃദയത്തിലേക്കും പിന്നീട് ശ്വാസകോശത്തിലേക്കും നീങ്ങുന്നു.
ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്നത് ശ്വാസതടസ്സം ഉണ്ടാക്കുന്നു, രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നു, രക്തസമ്മർദ്ദം കുറയുന്നു, ചിലപ്പോൾ നെഞ്ചുവേദനയും. ഇതിന് അടിയന്തര ചികിത്സ ആവശ്യമാണ്.