എന്താണ് എക്കോകാർഡിയോഗ്രാം?
|എന്താണ് എക്കോകാർഡിയോഗ്രാം
ഹൃദയത്തിന്റെ അൾട്രാസൗണ്ട് ഇമേജിംഗ് ആണ് എക്കോകാർഡിയോഗ്രാം.
അൾട്രാസൗണ്ട് എന്നത് മനുഷ്യന്റെ ചെവിക്ക് കേൾക്കാൻ കഴിയാത്ത ഉയർന്ന ആവൃത്തിയുള്ള ശബ്ദ തരംഗമാണ്.
മെഷീൻ ഹൃദയത്തിലേക്ക് ഇടയ്ക്കിടെ അൾട്രാസൗണ്ട് ബീമുകൾ അയയ്ക്കുകയും പ്രതിധ്വനി കേൾക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്ന പ്രതിധ്വനികളിൽ നിന്ന് കമ്പ്യൂട്ടർ നിർമിക്കുന്ന ചിത്രങ്ങളാണ് എക്കോകാർഡിയോഗ്രാം.
ഒരു റഡാർ സംവിധാനം വഴി ആകാശത്ത് വിമാനങ്ങളുടെ സ്ഥാനം നിർണയിക്കുന്നത് പോലെയാണ് ഇത്.
അൾട്രാസൗണ്ട് സിഗ്നലുകൾ പ്രത്യേക സ്ഥലങ്ങളിൽ നെഞ്ചിൽ വെക്കുന്ന ഒരു പ്രോബ് വഴി അയയ്ക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു.
ഹൃദയത്തിന്റെ നാല് അറകളും, മുകളിലും താഴെയുമുള്ള അറകൾക്കിടയിലുള്ള രണ്ട് വാൽവുകളും കാണിക്കുന്ന ഒരു എക്കോകാർഡിയോഗ്രാം ആണിത്.
ഹൃദയത്തിന്റെ താഴത്തെ ഭാഗത്ത് നിന്ന് ഉള്ള ചിത്രമായതുകൊണ്ട് തലകീഴായി കാണപ്പെടുന്നു.
താഴെ അറകൾ ഇടതും വലതും വെൻട്രിക്കിളുകൾ ആണ്.
മേലെ അറകൾ ഇടതും വലതും ഏട്രിയം ആണ്.
വലതുവശത്തുള്ള ട്രൈകസ്പിഡ് വാൽവ് തുറക്കുന്നതും അടയ്ക്കുന്നതും ഇടതുവശത്ത് മൈട്രൽ വാൽവും അടയാളപ്പെടുത്തിയിരിക്കുന്നു.
ട്രൈകസ്പിഡ് വാൽവ് വലത് ഏട്രിയത്തിനും വലത് വെൻട്രിക്കിളിനും ഇടയിലാണ്, ഇടത് ഏട്രിയത്തിനും ഇടത് വെൻട്രിക്കിളിനും ഇടയിലുള്ളത് മൈട്രൽ വാൽവും.
ഇവിടെ രണ്ട് താഴത്തെ അറകൾക്കിടയിലുള്ള ഭിത്തി – ഇന്റർവെൻട്രിക്കുലർ സെപ്റ്റം അടയാളപ്പെടുത്തിയിരിക്കുന്നു.
രണ്ട് മുകളിലെ അറകൾക്കിടയിലുള്ള ഭിത്തി ഇന്റർ ഏട്രിയൽ സെപ്റ്റം എന്നറിയപ്പെടുന്നു.
ചുവന്ന രക്താണുക്കളുടെ ചലിക്കുന്ന അൾട്രാസൗണ്ട് ബീമിന്റെ പ്രതിധ്വനികൾ വിശകലനം ചെയ്യുന്നതാണ് ഡോപ്ലർ ഇമേജിംഗ്.
ചലിക്കുന്ന തീവണ്ടി നിങ്ങളുടെ അടുത്തേക്ക് വരുമ്പോഴും നിങ്ങളിൽ നിന്ന് അകന്നുപോകുമ്പോഴും അതിന്റെ ശബ്ദം തമ്മിലുള്ള വ്യത്യാസം നിങ്ങൾക്ക് പരിചിതമായിരിക്കും.
ഡോപ്ലർ എക്കോകാർഡിയോഗ്രാഫിയിലും ഇതേ തത്ത്വം പ്രയോഗിക്കുന്നു.
പ്രോബിൽ നിന്ന് അകലുന്ന രക്തത്തിൽ നിന്നുള്ള സിഗ്നലുകൾ നീല നിറവും പ്രോബിന് അടുത്തേക്ക് നീങ്ങുന്നത് ചുവപ്പ് നിറവും കൊടുക്കുന്നു.
ഈ കളർ ഡോപ്ലർ ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയിൽ രക്തത്തിന്റെ താഴേയ്ക്കുള്ള ചലനം കാണിക്കുന്നു. ഈ രക്തധമനി അയോർട്ട എന്നറിയപ്പെടുന്നു.
പ്രോബ് മുകൾ ഭാഗത്തു വെച്ചിരിക്കുന്നതിനാൽ, അയോർട്ടയിലെ താഴേക്കുള്ള ഒഴുക്ക് നീല നിറത്തിലാണ് കാണുന്നത്.