നെഞ്ചുവേദന ഹൃദ്രോഗം മൂലമാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം?

നെഞ്ചുവേദന ഹൃദ്രോഗം മൂലമാണോ അല്ലയോ എന്ന് എങ്ങനെ മനസ്സിലാക്കാം?

വ്യക്തികൾ തമ്മിലുള്ള വ്യത്യാസം വളരെ അധികമായതിനാൽ നെഞ്ചുവേദനയുടെ സ്വഭാവ സവിശേഷതകൾ കൊണ്ട് മാത്രം അതിന്റെ ഉത്ഭവത്തെക്കുറിച്ച് എപ്പോഴും ഉറപ്പിക്കാൻ കഴിയില്ല. എന്തെങ്കിലും കാര്യമായ നെഞ്ചുവേദന ഉണ്ടായാൽ ഉടൻ  വൈദ്യോപദേശം തേടണം, അതുവഴി പ്രധാനപ്പെട്ട അസുഖങ്ങൾ കണ്ടത്താനുള്ള അവസരങ്ങൾ നഷ്ടപെടാതിരിക്കാം. ഹൃദ്രോഗവും ഹൃദയത്തിന് അടുത്തുള്ള മറ്റ് അവയവങ്ങളുടെ രോഗവും കാരണമുള്ള ലക്ഷണങ്ങൾക്കിടയിൽ ധാരാളം സാമ്യം ഉണ്ടാകാം.

എന്നിരുന്നാലും ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നെഞ്ചുവേദനയെക്കുറിച്ച് ചില പൊതു നിരീക്ഷണങ്ങൾ സാധ്യമാണ്. ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന വേദന, സാധാരണ നടത്തത്തിലോ മറ്റ് തരത്തിലുള്ള വ്യായാമങ്ങളിലോ ഉണ്ടാകുന്ന നെഞ്ചിന്റെ നടുക്കുള്ള വേദനയാണ്, ഇത് ഏൻജൈന എന്നറിയപ്പെടുന്നു. ഹൃദയപേശികളിലെ ഒരു ഭാഗത്തേക്ക് ഓക്സിജൻ അടങ്ങിയ രക്തം വേണ്ടത്ര ലഭിക്കാത്തതാണ് ഈ വേദനയ്ക്ക് കാരണം.

ഹൃദയപേശികളുടെ ഒരു ഭാഗത്തു രക്‌തം വിതരണം ചെയ്യുന്ന രക്തധമനിയുടെ (കൊറോണറി ആർട്ടറി) കാര്യമായ തടസ്സം മൂലമാണ് എഫോർട്ട് ഏൻജൈന സാധാരണയായി ഉണ്ടാകുന്നത്. വേദന കഴുത്ത്, താഴത്തെ താടിയെല്ല്, കൈകൾ, വയറിന്റെ മുകൾ ഭാഗം എന്നിവയിലേക്ക് വ്യാപിക്കാം. ചിലർക്ക്, നെഞ്ചിൽ വേദനയില്ലാതെ ഈ പ്രദേശങ്ങളിൽ മാത്രം വേദന അനുഭവപ്പെടാം. അപ്പോൾ അത് ഏൻജൈനൽ ഇക്വിവലെന്റ് എന്ന് അറിയപ്പെടുന്നു.

ദഹനപ്രക്രിയയ്‌ക്കായി ഹൃദയം ആമാശയത്തിലേക്കും കുടലിലേക്കും കൂടുതൽ രക്തം പമ്പ് ചെയ്യേണ്ടതിനാൽ കനത്ത ഭക്ഷണം കഴിച്ചാലും ഏൻജൈന ഉണ്ടാകാം. കനത്ത ഭക്ഷണം കഴിഞ്ഞ് നടക്കുമ്പോൾ വേദന കൂടുതലായിരിക്കും. ഭക്ഷണത്തിനു ശേഷം ഉണ്ടാകുന്ന വേദന ആമാശയത്തിലെ ഒരു തകരാറാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

ഉയർന്ന തോതിലുള്ള അദ്ധ്വാനം കാരണം, നിങ്ങൾ മുകളിലേക്ക് നടക്കുമ്പോൾ ഏൻജൈനയുടെ വേദന കൂടുതലായിരിക്കും. നിങ്ങൾ കാറ്റിനെതിരെ നടക്കുമ്പോഴും ഭാരം ചുമക്കുമ്പോഴും ഇത് കൂടുതലായിരിക്കും. മുമ്പത്തേതിനേക്കാൾ താഴ്ന്ന പ്രവർത്തന തലത്തിൽ വേദന ഉണ്ടാകാൻ തുടങ്ങിയാൽ, രക്തക്കുഴലിലെ തടസ്സം പുരോഗമിക്കുന്നു എന്നാണ് സൂചന.

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് നിന്ന് രക്തം നഷ്ടപ്പെടുന്നത് മൂലം രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും വേദന വർദ്ധിപ്പിക്കും. എഫോർട്ട് ഏൻജൈന സാധാരണയായി വിശ്രമം അല്ലെങ്കിൽ രക്തക്കുഴലുകളെ വലുതാക്കുന്ന മരുന്നുകളാൽ പെട്ടെന്ന് ആശ്വാസം ലഭിക്കും.

ഹൃദയാഘാതത്തിന്റെ വേദന, ഏൻജൈനയുടെ അതേ സ്ഥാനത്താണ് സംഭവിക്കുന്നത്, പക്ഷേ അത് കൂടുതൽ കഠിനമാണ്. 30 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന വേദന സാധാരണമാണ്. അമിതമായ വിയർപ്പ്, ഉത്കണ്ഠ, ചിലപ്പോൾ ഹൃദയമിടിപ്പ് എന്നിവയുമായി നെഞ്ചുവേദന ബന്ധപ്പെട്ടിരിക്കാം. എന്നാൽ ഹൃദ്‌രോഗമില്ലാതെ കടുത്ത ഉത്കണ്ഠയും പരിഭ്രാന്തിയും മാത്രം കാരണം ചിലപ്പോൾ ഇതേ ലക്ഷണങ്ങൾ ഉണ്ടാകാം. ഹൃദയാഘാതം മൂലമുണ്ടാകുന്ന നെഞ്ചുവേദന, ഏൻജൈനയെപ്പോലെ വിശ്രമിക്കുബോൾ മാറുകയില്ല.

അപരിചിതമായ അദ്ധ്വാനത്തിന് ശേഷം ഇത് ആരംഭിക്കാമെങ്കിലും, അത് വിശ്രമിക്കുബോൾ നില്കുകയില്ല. നീണ്ടുനിൽക്കുന്ന നെഞ്ചുവേദന ഉള്ളവരെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതാണ്, ഉടൻ ആശുപത്രി എമർജൻസി റൂമിൽ പോകേണ്ടതുണ്ട്. യാത്രാമധ്യേ അത്യാഹിത പരിചരണവും അത്യാഹിത വിഭാഗത്തിൽ വേഗത്തിലുള്ള സ്വീകരണവും ഉറപ്പാക്കുന്നതിനാൽ, സുസജ്ജമായ ആംബുലൻസിൽ യാത്ര ചെയ്യുന്നത് അഭികാമ്യമാണ്. ആശുപത്രിയിലേക്കുള്ള ഒറ്റയ്ക്ക് വാഹനമോടിച്ചു പോകുന്നത് ദുരന്തത്തിന് കാരണമായേക്കാമെന്നതിനാൽ എങ്ങിനെയും ഒഴിവാക്കണം.

ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന മറ്റൊരു തരം വേദന പെരികാർഡൈറ്റിസ് എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ ആവരണത്തിന്റെ വീക്കം മൂലമാണ്. ഈ വേദന തുടർച്ചയായി അനുഭവപ്പെടുന്നു, ശ്വാസകോശത്തിന്റെ ആവരണമായ പ്ലൂറയിൽ നിന്ന് ഉത്ഭവിക്കുന്ന വേദന പോലെ നീട്ടി ശ്വാസം വലിച്ചാൽ വർദ്ധിക്കും. മുന്നോട്ട് ചായുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കും. ഭക്ഷണം വിഴുങ്ങുമ്പോൾ പെരികാർഡൈറ്റിസിന്റെ വേദന വർദ്ധിക്കുകയും അന്നനാളത്തിൽ നിന്നുള്ള വേദനയെ അനുകരിക്കുകയും ചെയ്യും. കാരണം, അന്നനാളം ഹൃദയത്തിന് തൊട്ടുപിന്നിലാണ്, അന്നനാളത്തിലൂടെ നീങ്ങുന്ന ഭക്ഷണം ഹൃദയത്തിന്റെ പുറം അവരണത്തിൽ അമർത്തുന്നു.

അപൂർവവും എന്നാൽ വളരെ അപകടകരവുമായ അവസ്ഥയാണ് അയോർട്ടയുടെ ആന്തരിക പാളിയിലെ പൊട്ടൽ. ശരീരം മുഴുവൻ ഓക്‌സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന ഏറ്റവും വലിയ രക്തക്കുഴൽ ആണ് അയോർട്ട. ഈ അവസ്ഥയെ അയോർട്ടിക് ഡിസ്സെക്ഷൻ എന്ന് വിളിക്കുന്നു, ഇത് നെഞ്ചിന്റെ മുകൾ ഭാഗത്ത് അല്ലെങ്കിൽ പലപ്പോഴും മുകളിലെ പുറകിൽ കഠിനമായ വേദന ഉണ്ടാക്കുന്നു. അയോർട്ടിക് ഡിസക്ഷനിലെ വേദന കീറുന്ന തരത്തിലുള്ളതും തുടക്കത്തിൽ തന്നെ ഏറ്റവും കഠിനവുമാണ്. ഇത് വളരെ ഗുരുതരമായ രോഗമായതിനാൽ, നേരത്തെ ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ, ഉയർന്ന മരണനിരക്ക് ഉണ്ടാകാം, അടിയന്തിര ആശുപത്രി പ്രവേശം ആവശ്യമാണ്.

നെഞ്ചുവേദനയെ അവഗണിക്കരുതെന്നാണ് പൊതുനിയമം, ഹൃദയത്തിന്റെ തന്നെ അല്ലെങ്കുലും ഒരു പ്രധാന അസുഖം നേരത്തെ ചികിത്സിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ. വളരെ ക്ഷണികമായ കൊളുത്തിപ്പിടിക്കുന്ന തരത്തിലുള്ള നെഞ്ചുവേദന നിസ്സാരവും നെഞ്ച് ഭിത്തിയുടെ പേശികളിൽ നിന്ന് ഉത്ഭവിക്കുന്ന തുമാണ്. പേശികൾ, എല്ലുകൾ, സന്ധികൾ എന്നിവയിൽ നിന്ന് ഉത്ഭവിക്കുന്ന വേദന സാധാരണയായി ആ ഭാഗത്തിന്റെ ചലനങ്ങളോ, കൈകൊണ്ട് അവിടെ അമർത്തുമ്പോളൊ ആണ് വർദ്ധിക്കുന്നത്.

ഭാഗത്തിന്റെ നിഷ്ക്രിയ ചലനവും വേദന ഉണ്ടാക്കും. ഹൃദയത്തിൽ നിന്ന് ഉത്ഭവിക്കുന്ന വേദനയുടെ കാര്യത്തിൽ, നിങ്ങൾ കാലുകൾ ഉപയോഗിച്ച് അദ്ധ്വാനിക്കുമ്പോഴും വേദന ഉണ്ടാകുന്നു, അതേസമയം നെഞ്ചിലെ പേശികളിൽ നിന്ന് ഉത്ഭവിക്കുന്ന വേദന കാലിന്റെ വ്യായാമത്തിലൂടെ വർദ്ധിക്കാൻ സാധ്യതയില്ല. കൈ വ്യായാമത്തിന് ആവശ്യമായ ചില പ്രധാന പേശികൾ നെഞ്ചിൽ ഘടിപ്പിച്ചിരിക്കുന്നതിനാൽ നെഞ്ചിലെ പേശികളിൽ നിന്നുള്ള വേദന കൈ വ്യായാമത്തിലൂടെ വർദ്ധിക്കും.