എന്താണ് പൾമണറി എഡിമ?
|എന്താണ് പൾമണറി എഡിമ?
ശ്വാസകോശത്തിനുള്ളിലെ നീരാണ് പൾമണറി എഡിമ. ഇത് പ്ലൂറൽ എഫ്യൂഷനിൽ നിന്ന് വ്യത്യസ്തമാണ്, അത് ശ്വാസകോശത്തിന്റെ ആന്തരികവും ബാഹ്യവുമായ ആവരണങ്ങൾക്കിടയിലുള്ള നീരാണ്.
പൾമണറി എഡിമയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം ഹാർട്ട് ഫെയ്‌ലർ ആണ്, പ്രത്യേകിച്ച്, ഇടത് വെൻട്രിക്കിളിന്റെ. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ താഴത്തെ അറയാണ് ലെഫ്റ് വെൻട്രിക്കിൾ. വൃക്ക തകരാർ മൂലമെന്ന പോലെ ശരീരത്തിൽ നീര് അധികമാകുമ്പോഴും പൾമണറി എഡിമ ഉണ്ടാകാം.
പൾമണറി എഡിമയുടെ മറ്റ് കാരണങ്ങൾ മൈട്രൽ വാൽവിലെ തടസ്സം, ശ്വാസകോശത്തിൽ നിന്ന് ഇടത് ഏട്രിയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം ഒഴുകിവരുന്ന രക്തക്കുഴലുകളിലെ തടസ്സം, ശ്വാസകോശത്തിലെ ചെറിയ രക്തക്കുഴലുകളുടെ ലീക്ക് എന്നിവയാണ്.
പൾമണറി എഡിമയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്? പെട്ടെന്നുള്ള ശ്വാസതടസ്സം പൾമണറി എഡിമയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ്. പൾമണറി എഡിമയുടെ മറ്റൊരു ലക്ഷണമാണ് പിങ്ക് നുരയുള്ള കഫത്തോടുകൂടിയ ചുമ. ശ്വാസകോശത്തിന്റെ മോശം പ്രവർത്തനം കാരണം രക്തത്തിലെ ഓക്സിജന്റെ അളവ് അതിവേഗം കുറയുന്നു. ജീവൻ അപകടപ്പെടുത്തുന്ന ഗുരുതരമായ അവസ്ഥയാണിത്.
ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിക്കലും ചികിത്സയും ജീവൻ രക്ഷിക്കാൻ ആവശ്യമാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് കുറവായതിനാൽ ഓക്‌സിജൻ നൽകാറുണ്ട്. സിരകളിലൂടെ നൽകുന്ന വേഗത്തിൽ പ്രവർത്തിക്കുന്ന മരുന്നുകൾ ആവശ്യമാണ്. കഠിനമായ കേസുകളിൽ വെന്റിലേറ്ററിന്റെ സഹായം ആവശ്യമായി വന്നേക്കാം. പൾമണറി എഡിമയുടെ കാരണം കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്.
പദ പരിചയം: ഇടത് വെൻട്രിക്കിൾ: ശരീരത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ താഴത്തെ ഇടത് അറ. ഇടത് ഏട്രിയം: ശ്വാസകോശത്തിൽ നിന്ന് ഓക്സിജൻ അടങ്ങിയ രക്തം സ്വീകരിക്കുന്ന ഹൃദയത്തിന്റെ ഇടത് മുകളിലെ അറ.
മൈട്രൽ വാൽവ്: ഇടത് ഏട്രിയത്തിനും ഇടത് വെൻട്രിക്കിളിനും ഇടയിലുള്ള വാൽവ്. ശ്വാസകോശ സിരകൾ: ശ്വാസകോശത്തിൽ നിന്ന് ഇടത് ഏട്രിയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം ഒഴുകുന്ന രക്തക്കുഴലുകൾ.