എന്താണ് ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ?

എന്താണ് ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ?

കൈകൾ, കാലുകൾ, പാദങ്ങൾ എന്നിവയുടെ ധമനികളിലെ ഗുരുതരമായ തടസ്സമാണ് ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ. ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് ധമനികൾ. രക്ത വിതരണത്തിൽ പ്രകടമായ കുറവുണ്ടാകുന്നത് കഠിനമായ വേദനയ്ക്കും ചർമ്മത്തിൽ വ്രണങ്ങളുടെ രൂപീകരണത്തിനും കാരണമാകുന്നു, ഈ വ്രണങ്ങൾ ഉണങ്ങാൻ പ്രയാസമാണ്. ഉറക്കത്തെ ശല്യപ്പെടുത്തുന്ന തരത്തിൽ വേദന കഠിനമായേക്കാം, കട്ടിലിന് അരികിലൂടെ കാൽ തൂക്കിയിടുന്നതിലൂടെ ഭാഗികമായി ആശ്വാസം ലഭിക്കാം. ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ എന്നത് ചുരുക്കത്തിൽ പിഎഡി എന്നറിയപ്പെടുന്ന പെരിഫറൽ ആർട്ടറി രോഗത്തിന്റെ ഗുരുതരമായ രൂപമാണ്. ഇതിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്.
ക്രിട്ടിക്കൽ ലിംബ് ഇസ്കീമിയ്ക്കുള്ള അപകട ഘടകങ്ങൾ ഹൃദയാഘാതം ഉണ്ടാക്കുന്നതുപോലെയുള്ള മറ്റെവിടെയെങ്കിലും ഉള്ള രക്തക്കുഴലുകളുടെ രോഗത്തിന് സമാനമാണ്. പ്രായമായ പുരുഷന്മാരിലും ആർത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകളിലും ഇത് കൂടതൽ കണ്ടേക്കാം. കുടുംബത്തിൽ മറ്റാർക്കെങ്കിലും പെരിഫറൽ ആർട്ടറി രോഗമുള്ളവർക്ക് അതിനുള്ള സാധ്യത കൂടുതലാണ്. പുകവലി, പ്രമേഹം, അമിതഭാരം, ഉദാസീനമായ ജീവിതശൈലി, ഉയർന്ന കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദ്ദം എന്നിവയാണ് മറ്റ് പ്രധാന അപകട ഘടകങ്ങൾ.
കാലിലെ രക്തക്കുഴലുകളിലെ തടസ്സങ്ങൾ നടക്കുമ്പോൾ വേദനയായി പ്രകടമാണ്, ഇത് ക്ലോഡിക്കേഷൻ എന്നറിയപ്പെടുന്നു. വർദ്ധിച്ച അവസ്ഥയിൽ വേദനയും മരവിപ്പും വിശ്രമവേളയിൽ പോലും ഉണ്ടാകുന്നു. രോഗബാധിതമായ കാൽ സാധാരണയായി ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെക്കാളും അല്ലെങ്കിൽ മറ്റേ കാലിനേക്കാളും തണുത്തിരിക്കും. ചർമ്മം തിളക്കമുള്ളതും മിനുസമാർന്നതുമായി മാറുന്നു, വ്രണങ്ങൾ ഉണ്ടാകാം, അവ ദീർഘകാലത്തേക്ക് സുഖപ്പെടുന്നില്ല. ഗാംഗ്രീൻ ഒരു അങ്ങേയറ്റത്തെ അവസ്ഥയാണ്, അതിൽ കാൽവിരലുകളോ കാലിന്റെ ഭാഗങ്ങൾ പോലും കറുത്തതായി മാറുകയും കോശങ്ങൾ നിർജ്ജീവമാകുകയും ചെയ്യുന്നു. രക്തക്കുഴലുകൾ അടഞ്ഞതിനാൽ ആ ഭാഗത്തേക്കുള്ള പൾസ് നഷ്ടപ്പെടുന്നു. കാൽവിരലിലെ നഖങ്ങൾ കട്ടി കൂടിയേക്കാം.
ബ്ലോക്കുകൾ ഉണ്ടാകുന്നതും പുരോഗമിക്കുന്നതും തടയുന്നതിന്, തുടക്കത്തിൽ സൂചിപ്പിച്ച അപകട ഘടകങ്ങളെ നിയന്ത്രിക്കുന്നതിലൂടെ ഗുരുതരമായ ലിംബ് ഇസ്കീമിയ തടയാൻ കഴിയും. പുകവലി നിർത്തൽ, ശരീരഭാരം കുറയ്ക്കൽ, സജീവമായ ജീവിതശൈലിയിലേക്ക് മാറൽ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുടെ ചികിത്സ ബ്ലോക്കുകളും അവയുടെ പുരോഗതിയും തടയുന്നതിന് വളരെയധികം സഹായിക്കും. തീർച്ചയായും, പ്രായം, ലിംഗഭേദം, കുടുംബത്തിൽ മറ്റുള്ളവർക്ക് പിഎഡി ഉള്ളത് എന്നിവയെക്കുറിച്ച് നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല! അവയെ മാറ്റാനാവാത്ത അപകട ഘടകങ്ങൾ എന്ന് വിളിക്കുന്നു.
രോഗം വരാതിരിക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ ചികിത്സയായും ഉപയോഗപ്രദമാണ്. കൂടാതെ, രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും അണുബാധയ്ക്ക് ഉടനടി ചികിത്സിക്കാനും കഴിയുന്ന മരുന്നുകൾ ആവശ്യമാണ്. എന്നാൽ പലപ്പോഴും ഗുരുതരമായ ലിംബ് ഇസ്കീമിയ മരുന്നുകളോട് മാത്രം പ്രതികരിക്കില്ല. രക്തക്കുഴലിലെ തടസ്സം ഉപകരണങ്ങൾ വഴി നീക്കം ചെയ്യേണ്ടിവരും. ഏറ്റവും ലളിതമായ മാർഗ്ഗം ബലൂൺ ആൻജിയോപ്ലാസ്റ്റിയാണ്, അതിൽ അഗ്രഭാഗത്ത് ബലൂണുകളുള്ള ചെറിയ ട്യൂബുകൾ രക്തധമനികളിലെ ബ്ലോക്കുകൾ നീക്കംചെയ്യാൻ ഉപയോഗിക്കുന്നു. ഇതിനെ തുടർന്ന് സ്പ്രിങ് പോലെയുള്ള ചെറിയ മെറ്റാലിക് സ്റ്റെന്റ് രക്തക്കുഴലിൽ നിക്ഷേപിക്കാം. വികസിപ്പിച്ച രക്തകുഴൽ ഉടനെ അടഞ്ഞുപോകാതിരിക്കാനാണ് ഇത്.
ഡയമണ്ട് ബർ ഉപയോഗിച്ചുള്ള അഥെരെക്ടമിയും, ലേസർ അഥെരെക്ടമിയുമാണ് കൂടുതൽ നൂതനമായ സാങ്കേതിക വിദ്യകൾ. അഥെരെക്ടമി എന്നാൽ രക്തക്കുഴലുകളിലെ കൊഴുപ്പ് ഫലകങ്ങൾ നീക്കം ചെയ്യുക എന്നാണ് അർത്ഥമാക്കുന്നത്. രക്തക്കുഴലുകൾക്കുള്ളിൽ ധാരാളം കാൽസ്യം നിക്ഷേപമുണ്ടെങ്കിൽ, ഒരു പുതിയ സാങ്കേതിക വിദ്യ ഇൻട്രാവാസ്കുലർ ലിത്തോട്രിപ്സി ആണ്. കിഡ്‌നി സ്റ്റോൺ പൊടിക്കാൻ ഉപയോഗിക്കുന്ന തരം ഷോക്ക് വേവുകളാണ് ഈ നൂതന വിദ്യയിൽ ഉപയോഗിക്കുന്നത്. രക്തക്കുഴലുകളിലൂടെ കടത്തിവിടുന്ന ചെറിയ ട്യൂബുകളിൽ ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക തരം ബലൂണുകൾ ഉപയോഗിച്ചാണ് ചികിത്സ. രക്തക്കുഴലുകൾക്കുള്ളിലെ കാൽസ്യം നിറഞ്ഞ ബ്ലോക്കുകളെ പൊടിക്കാൻ ഉപകരണം സോണിക് പ്രഷർ തരംഗങ്ങൾ പുറപ്പെടുവിക്കുന്നു.
രക്തക്കുഴലുകളിലൂടെയുള്ള ചികിത്സക്ക് അനുയോജ്യമല്ലാത്തവർക്ക്, ശസ്ത്രക്രിയയാണ് ഓപ്ഷൻ. ശസ്ത്രക്രിയയിൽ ശരീരത്തിൽ നിന്ന് ഒരു സിര അല്ലെങ്കിൽ കൃത്രിമ ഗ്രാഫ്റ്റ് ഉപയോഗിച്ച് ബ്ലോക്കിനെ ബൈപാസ് ചെയ്യുന്നു. രക്തക്കുഴലുകൾ ശസ്ത്രക്രിയ വഴി തുറന്ന് ബ്ലോക്കിന് കാരണമാകുന്ന ഫാറ്റി ഡിപ്പോസിറ്റുകൾ നീക്കം ചെയ്യുന്നതിലൂടെയും ചില കേസുകൾ മെച്ചപ്പെട്ടേക്കാം. ഈ ചികിത്സകളോട് പ്രതികരിക്കാത്ത ഗുരുതരമായ രോഗങ്ങളുള്ള ചില നിർഭാഗ്യവാന്മാർക്ക് ഗാംഗ്രീൻ ബാധിച്ച ഭാഗം നീക്കം ചെയ്യേണ്ടി വന്നേക്കാം.
ഒരു വിരൽ നീക്കം ചെയ്യുന്നത് മുതൽ പാദത്തിന്റെ ഭാഗം വരെ അല്ലെങ്കിൽ വളരെ അപൂർവ്വമായി മുഴുവൻ കാലും നീക്കം ചെയ്യേണ്ടി വന്നേക്കാം. ഗുരുതര രോഗാവസ്ഥയിൽ ജീവൻ രക്ഷിക്കാനാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നത്. അല്ലെങ്കിൽ ശരീരം മുഴുവൻ അണുബാധയുണ്ടാകാം. അപകടസാധ്യത ഘടകങ്ങൾ ഒഴിവാക്കുക, നേരത്തെയുള്ള തിരിച്ചറിയൽ, ഗുരുതരമായ ലിംബ് ഇസ്കീമിയയുടെ വേഗത്തിലുള്ള ചികിത്സ എന്നിവയിലൂടെ തടയാൻ ലക്ഷ്യമിടുന്നത് ഈ അങ്ങേയറ്റത്തെ സാഹചര്യമാണ്.