എന്താണ് പിഎഫ്ഒ?

എന്താണ് പിഎഫ്ഒ?

പേറ്റന്റ് ഫൊറാമെൻ ഒവേലിന്റെ ഹ്രസ്വ രൂപമാണ് PFO. വലത് ഏറ്റ്രിയത്തിൽ നിന്ന് ഇടത് ഏറ്റ്രിയത്തിലേക്കുള്ള ഒരു ചെറിയ ദ്വാരമാണിത്. വലത് ഏറ്റ്രിയം വലത് മുകളിലെ അറയും ഇടത് ഏറ്റ്രിയം ഇടത് മുകളിലെ അറയുമാണ്. അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുമ്പോൾ കുഞ്ഞിൽ സാധാരണയായി ഉള്ള ദ്വാരമാണ് ഫൊറാമെൻ ഒവേൽ. ജനിച്ചയുടനെ ഇത് അടയുന്നു, അതിനാൽ മിക്ക ആളുകളിലും രണ്ട് മുകളിലെ അറക്കിടയിൽ ദ്വാരം ഉണ്ടാകില്ല. എന്നാൽ ചിലപ്പോൾ, ഒരു ചെറിയ ദ്വാരം നിലനിന്നേക്കാം, അതിനെ PFO എന്ന് വിളിക്കുന്നു.


ഹൃദയത്തിന്റെ മുകളിലെ രണ്ട് അറകൾക്കിടയിലുള്ള ഭിത്തിയിലൂടെയുള്ള ചരിഞ്ഞ ഒരു വഴിയാണ് ഫോർമെൻ ഒവേൽ. ജനനശേഷം ശ്വാസകോശം പ്രവർത്തനക്ഷമമാകുമ്പോൾ ഇടത് ഏറ്റ്രിയത്തിലെ മർദ്ദം ഉയരുകയും, അത് ഫോർമെൻ ഒവേലിന്റെ ഇടതുവശത്ത് അമർത്തി അടയ്ക്കുകയും ചെയ്യുന്നു. ഒരു ചെറിയ ദ്വാരം അവശേഷിക്കുന്നുണ്ടങ്കിലും, മിക്കപ്പോഴും പിഎഫ്ഒയിൽ ഉടനീളം രക്തസഞ്ചാരം ഉണ്ടാകില്ല. എന്നാൽ ചിലപ്പോൾ മുക്കുമ്പോഴെന്നപോലെ, വലത് ഏറ്റ്രിയത്തിലെ മർദ്ദം താൽക്കാലികമായി ഉയരുബോൾ, രക്തം വലത് ഏറ്റ്രിയത്തിൽ നിന്ന് ഇടത് ഏറ്റ്രിയത്തിലേക്ക് പിഎഫ്‌ഒയിലൂടെ കടന്നുപോകുന്നു.
മറ്റൊരു സാഹചര്യം വലിച്ചു നീട്ടി തുറന്ന PFO ആണ്. മറ്റൊരു രോഗം മൂലം വലത് അല്ലെങ്കിൽ ഇടത് ഏറ്റ്രിയത്തിൽ മർദ്ദം ഗണ്യമായി ഉയരുമ്പോൾ, ഏറ്റ്രിയം വലുതാകുകയും രണ്ട് ഏറ്റ്രിയകൾക്കിടയിലുള്ള ഭിത്തിയും അതോടൊപ്പം വലിഞ്ഞു നീളുകയും ചെയ്യുന്നു. PFO വലിഞ്ഞുനീളുമ്പോൾ, ഏത് വശത്താണ് ഉയർന്ന മർദ്ദം ഉള്ളത് എന്നതിനെ ആശ്രയിച്ച് രക്തം ഇരു വശത്തേക്കും ഒഴുകാം. ഇടത് ഏറ്റ്രിയം വലുതായാൽ, വലിഞ്ഞു തുറന്ന പിഎഫ്ഒ രക്തത്തെ വലത്തോട്ടും, മറിച്ചാണെങ്കിൽ തിരിച്ചും ഒഴുക്കും. ഓക്‌സിജന്റെ അളവ് കുറവുള്ള വലത് ഏറ്റ്രിയൽ രക്തത്തിന്റെ അധികഭാഗം ഇടത് ഏറ്റ്രിയത്തിൽ എത്തിയാൽ, ശരീരത്തിലെ രക്തക്കുഴലുകളിലെ ഓക്‌സിജന്റെ അളവ് കുറയുകയും ചർമ്മത്തിന് നീലനിറം ഉണ്ടാകുകയും ചെയ്യും.
ചെറിയ പിഎഫ്ഒ മൂലം സാധാരണ വലിയ പ്രശ്‌നങ്ങൾ ഉണ്ടാകണമെന്നില്ല. എന്നാൽ കാലിലെ സിരകളിൽ നിന്നോ വയറിൽ നിന്നോ ഉള്ള ചെറിയ രക്ത കട്ടകൾ ചിലപ്പോൾ ഇടത് ഏറ്റ്രിയത്തിലേക്ക് കടന്നുപോകാം. ഇത് അപകടകരമായ അവസ്ഥയാണ്. രക്ത കട്ട ഇടത് ഏറ്റ്രിയത്തിൽ നിന്ന് ഇടത് വെൻട്രിക്കിളിലേക്കും പിന്നീട് അയോർട്ടയിലേക്കും നീങ്ങാം. ഇടത് വെൻട്രിക്കിൾ ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ താഴത്തെ അറയാണ്. ഇടത് വെൻട്രിക്കിളിൽ നിന്നുള്ള വലിയ രക്തക്കുഴലാണ് അയോർട്ട. അയോർട്ടയിൽ നിന്ന് രക്ത കട്ട രക്തചംക്രമണത്തിന്റെ ഏത് ഭാഗത്തേക്കും നീങ്ങാം.
ഇത് തലച്ചോറിലെ രക്തക്കുഴലിൽ അടിഞ്ഞുകൂടുകയും അതിനെ തടയുകയും ചെയ്താൽ, പക്ഷാഘാതത്തോടുകൂടിയ ഒരു സ്ട്രോക്ക് സംഭവിക്കാം. ഹൃദയത്തിന്റെ വലതുഭാഗത്ത് നിന്ന് ഇടതുവശത്തേക്ക് പിഎഫ്ഒയിലൂടെ രക്തം കട്ട നീങ്ങുന്നതിനെ പേരഡോക്സിക്കൽ എംബോളിസം എന്ന് വിളിക്കുന്നു. പേരഡോക്സിക്കൽ എംബോളിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം സ്ട്രോക്ക് ആണ്, എന്നിരുന്നാലും ഇത് ശരീരത്തിലെ മറ്റേതെങ്കിലും രക്തക്കുഴലുകളിൽ തങ്ങിനിൽക്കുകയും ആ പ്രദേശത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യാം. ഒരു ഉപകരണം ഉപയോഗിച്ച് PFO അടക്കണമെന്ന് ചില വിദ്ധക്തർ പറയാറുണ്ട്, പ്രത്യേകിച്ച് ഒരു സ്ട്രോക്കിന് ശേഷം, ആവർത്തനം തടയാൻ. PFO-യിലൂടെ വലത് നിന്ന് ഇടത്തോട്ട് ഷണ്ടിംഗ് ഉണ്ടെന്ന് തെളിഞ്ഞാൽ മാത്രമേ ഇത് പരിഗണിക്കൂ.
എക്കോകാർഡിയോഗ്രാം എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ അൾട്രാസൗണ്ട് പഠനത്തിലൂടെ PFO രേഖപ്പെടുത്താം. ചിലതരം സ്‌ട്രെയിനുകൾക്കിടയിൽ ഇത് വലത്തുനിന്ന് ഇടത്തേക്കുള്ള ഷണ്ടിംഗും കാണിക്കും, ഇത് പേരഡോക്സിക്കൽ എംബോളിസത്തിന്റെ അപകടസാധ്യതയെ സൂചിപ്പിക്കുന്നു.
മറ്റൊരു ടെസ്റ്റ് ട്രാൻസ്ക്രേനിയൽ ഡോപ്ലർ ആണ്, തലച്ചോറിലെ രക്തക്കുഴലുകളിൽ ചെറിയ വായു കുമിളകൾ എത്തുന്നുണ്ടങ്കിൽ കണ്ടുപിടിക്കാവുന്ന തലയുടെ അൾട്രാസൗണ്ട് പഠനം. PFO-യിൽ വലത് നിന്ന് ഇടത്തേക്ക് ഷണ്ട് കണ്ടെത്തുന്നതിന്, സൂക്ഷ്മമായ വായു കുമിളകൾ അടങ്ങുന്ന അജിറ്റേഡ് സലിയൻ കൈത്തണ്ടയിലെ സിരയിലേക്ക് കുത്തിവയ്ക്കുന്നു. ട്രാൻസ്ക്രേനിയൽ ഡോപ്ലർ മെഷീൻ വഴി വായു കുമിളകൾ തലച്ചോറിലെ രക്തക്കുഴലുകളിൽ എത്തുന്നത് കണ്ടെത്തുകയാണെങ്കിൽ, ചെറിയ രക്ത കട്ടകൾക്കും പിഎഫ്ഒയിലൂടെ കടന്നുപോകാൻ കഴിയുമെന്ന് അനുമാനിക്കപ്പെടുന്നു. എക്കോകാർഡിയോഗ്രാമിൽ ഇടത് ഏറ്റ്രിയത്തിൽ ചെറിയ വായു കുമിളകൾ വലത് ഏറ്റ്രിയത്തിൽ നിന്ന് ഇടത്തേക്ക് ഒഴുകുന്നത് കാണാം.