യുവ അത്ലറ്റുകളിൽ ഹൃദ്രോഗം മൂലം പെട്ടെന്നുള്ള മരണം

യുവ അത്ലറ്റുകളിൽ ഹൃദ്രോഗം മൂലം പെട്ടെന്നുള്ള മരണം

യുവ കായികതാരങ്ങളിലെ പെട്ടെന്നുള്ള മരണം കുടുംബത്തിന് താങ്ങാനാവാത്തതാണ്, പലപ്പോഴും വളരെ അധികം മാധ്യമശ്രദ്ധ ആകർഷിക്കുന്നതുമാണ്.


യുവ കായികതാരങ്ങളിൽ ഘടനാപരമായ ഹൃദ്രോഗം മൂലമുണ്ടാകുന്ന പെട്ടെന്നുള്ള മരണത്തിന്റെ ഏറ്റവും സാധാരണമായ കാരണം ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണ്.
ഇത് ഒരു ജനിതകമായ രോഗമാണ്, അതിൽ ഹൃദയപേശികൾ മൊത്തത്തിൽ കട്ടികൂടുകയും ചിലപ്പോൾ ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം പുറത്തേക്ക് ഒഴുകുന്നതിന് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു.
ഹൈപ്പർട്രോഫിക് ഒബ്‌സ്ട്രക്റ്റീവ് കാർഡിയോമയോപ്പതി എന്നാണ് ഈ ഇനം അറിയപ്പെടുന്നത്. കാർഡിയോമയോപ്പതി എന്ന വാക്കിന്റെ അർത്ഥം ഹൃദയപേശികളുടെ രോഗം എന്നാണ്. ഹൃദയപേശികളുടെ തീവ്രമായ കട്ടികൂടൽ കാരണം, ഹൃദയത്തിലെ വൈദ്യുതചാലക പാറ്റേണിൽ മാറ്റം വരുന്നു.


ഇത് ഹൃദയത്തിന്റെ അപകടകരമായ അസാധാരണ താളത്തിലേക്ക് നയിച്ചേക്കാം, അത് ചിലപ്പോൾ മാരകമായേക്കാം. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതിയിൽ, കഠിനമായ അദ്ധ്വാനത്തിന് ശേഷം പെട്ടെന്നുള്ള ഹൃദയസ്തംഭനം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ അന്തർലീനമായ ഹൃദ്രോഗം കണ്ടെത്തുന്നതിനുള്ള പ്രീ-പാർട്ടിസിപ്പേഷൻ സ്ക്രീനിംഗ് പ്രോഗ്രാം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു.
യുവ കായികതാരങ്ങളിൽ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ അടുത്ത പ്രധാന കാരണം ഹൃദയത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം നൽകുന്ന രക്തക്കുഴലുകളായ കൊറോണറി ധമനികളിലെ ജന്മനായുള്ള വൈകല്യങ്ങളാണ്. ഹൃദയത്തിൽ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം കൊണ്ടുപോകുന്ന ഏറ്റവും വലിയ രക്തധമനിയായ അയോർട്ടയുടെ ആന്തരിക പാളിയിലെ വിള്ളൽ മൂലമാണ് പെട്ടെന്നുള്ള ചില മരണങ്ങൾ സംഭവിക്കുന്നത്.
അപൂർവമാണെങ്കിലും പാരമ്പര്യമായുണ്ടാകാവുന്ന ഹൃദയത്തിന്റെ വൈദ്യുത തകരാറുകളും അത്ലറ്റുകളുടെ പെട്ടെന്നുള്ള മരണത്തിന് ഒരു പ്രധാന കാരണമാണ്. മയോകാർഡൈറ്റിസ് എന്നറിയപ്പെടുന്ന ഹൃദയമാംസപേശികളുടെ വീക്കം മൂലവും ചിലപ്പോൾ പെട്ടെന്നുള്ള മരണം സംഭവിക്കാം.
മുൻപേ കണ്ടുപിക്കാതെ പോയ നിശബ്ദമായ ജന്മനായുള്ള ഹൃദ്രോഗം മൂലവും പെട്ടെന്നുള്ള ഹൃദയസ്തംഭനം ഉണ്ടാകാം.