ഇടത് വശത്തുള്ള നെഞ്ചുവേദന എപ്പോഴും ഹൃദ്രോഗം മൂലമാണോ?

ഇടത് വശത്തുള്ള നെഞ്ചുവേദന എപ്പോഴും ഹൃദ്രോഗം മൂലമാണോ?

ഇടത് വശത്തുള്ള നെഞ്ചുവേദന എപ്പോഴും ഹൃദ്രോഗം മൂലമാണോ?

നെഞ്ചുവേദനയുടെ ഒരു കാരണം മാത്രമാണ് ഹൃദ്രോഗം. നെഞ്ചിലെ മറ്റ് അവയവങ്ങളുടെ രോഗങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാകും. ചർമ്മം, പേശികൾ, അസ്ഥികൾ, ശ്വാസകോശം, ശ്വാസകോശത്തിന്റെ ആവരണമായ  പ്ലൂറ, അന്നനാളം എന്നിവയിൽ നിന്നുള്ള വേദനയും നെഞ്ചുവേദനയായി അനുഭവപ്പെടാം.

പ്ലൂറയുടെ വീക്കം പ്ലൂറിസി എന്നറിയപ്പെടുന്നു. വേദനയുടെ സ്വഭാവവും കൂടെയുള്ള മറ്റു ലക്ഷണങ്ങളും പലപ്പോഴും വേദനയുടെ ഉത്ഭവത്തെ വേർതിരിച്ചറിയാൻ സഹായിക്കുന്നു. ഉദാഹരണത്തിന്, ചർമ്മത്തിൽ നിന്ന് ഉണ്ടാകുന്ന വേദനക്ക് പലപ്പോഴും അവിടെ ചുവപ്പ് നിറവും, അവിടെ അമർത്തുമ്പോൾ വേദന വർദ്ധിക്കുകയും ചെയ്യുന്നു.

പ്ലൂറയിൽ നിന്ന് ഉണ്ടാകുന്ന വേദന നീട്ടി ശ്വാസം വലിക്കുമ്പോളും ചുമക്കുമ്പോളും വർദ്ധിക്കും. പേശികളുടെയും അസ്ഥികളുടെയും വേദന ചലനസമയത്തും അവിടെ അമർത്തുമ്പോളും വർദ്ധിക്കുന്നു.

നെഞ്ചിന്റെ ഭിത്തിയിലെ ഞരമ്പുകളിൽ നിന്ന് വേദന ഉണ്ടാകാം. ഉദാഹരണത്തിന്, ഹെർപ്പസ് സോസ്റ്റർ എന്നറിയപ്പെടുന്ന ഒരു രോഗത്തിൽ, ചിക്കൻ പോക്സ് വൈറസ്  സെൻസറി നാഡി വേരുകളെ ബാധിക്കുന്നു. ഇത് നാഡി വേരുമായി ബന്ധപ്പെട്ട ചർമ്മത്തിന്റെ പ്രദേശത്ത് കഠിനമായ വേദന ഉണ്ടാക്കുന്നു.

ഹെർപ്പസ് സോസ്റ്ററിൽ ചർമ്മത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് വേദന ആരംഭിക്കുന്നു, അതിനാൽ ഇത് ആദ്യ ദിവസങ്ങളിൽ നെഞ്ചുവേദനയുടെ മറ്റ് കാരണങ്ങളായി തെറ്റിദ്ധരിക്കപ്പെടും. കർശനമായി ശരീരത്തിന്റെ മധ്യരേഖയുടെ ഒരു വശത്തേക്ക് മാത്രമായി നാഡി വിതരണത്തിൻറെ പ്രദേശത്ത് ചർമ്മത്തിൽ വെസിക്കിളുകൾ പ്രത്യക്ഷപ്പെടുമ്പോൾ രോഗനിർണയം വ്യക്തമാണ്.

ഈ രോഗത്തിൽ, വെസിക്കിളുകൾ സുഖപ്പെട്ടതിന് ശേഷവും വേദന ചിലപ്പോൾ നീണ്ടുനിൽക്കും.  ഇതിനെ പോസ്റ്റ് ഹെർപെറ്റിക് ന്യൂറാൾജിയ എന്ന് വിളിക്കുന്നു. ഞരമ്പുകൾ ഉത്ഭവിക്കുന്ന നട്ടെല്ലിനുള്ളിലെ അസ്ഥിഘടനകളോ മുഴകളോ മൂലം നാഡി വേരിന്റെ കേടുപാടുകൾ അല്ലെങ്കിൽ കംപ്രഷൻ മൂലവും വേദന ഉണ്ടാകാം.

ചുരുക്കത്തിൽ ഹൃദ്രോഗമല്ലാത്ത പല അസുഖങ്ങളും നെഞ്ചുവേദനയ്ക്ക് കാരണമാകാം, ഇതിന് കൃത്യമായ വിലയിരുത്തൽ ആവശ്യമാണ്. കൃത്യമായ കാരണം തിരിച്ചറിയാൻ പല പരിശോധനകളും വേണ്ടി വന്നേക്കാം.