CRT-P, CRT-D എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

CRT-P, CRT-D എന്നിവ തമ്മിലുള്ള വ്യത്യാസം എന്താണ്?

കാർഡിയോളജിയിൽ, CRT എന്നത് കാർഡിയാക് റീസിൻക്രൊണൈസേഷൻ തെറാപ്പിയെ സൂചിപ്പിക്കുന്നു. ഇടത് വെൻട്രിക്കിളിന്റെ ഇജക്ഷൻ ഫ്രാക്ഷൻ അഥവ പമ്പിങ് ശേഷി കുറവുള്ള ഹാർട്ട് ഫെയ്‌ലറിൽ CRT ഉപയോഗിക്കുന്നു. ഇടത് വെൻട്രിക്കിൾ ഹൃദയത്തിന്റെ താഴത്തെ ഇടത് അറയാണ്. CRT എന്നത് ഹൃദയത്തിന്റെ മൂന്ന് അറകളിൽ, അതായത് വലത് മുകൾ അറയായ വലത് ഏറ്റ്രിയതിലും, വലത് താഴത്തെ അറയായ വലത് വെൻട്രിക്കിളിലും, ഇടത് വെൻട്രിക്കിളിലും വൈദ്യുത ലീഡുകൾ സ്ഥാപിക്കുന്ന ഒരു തരം പേസ്മേക്കറാണ്.

കുറഞ്ഞ ഇജക്ഷൻ ഫ്രാക്ഷൻ എന്നാൽ എന്താണ് അർത്ഥമാക്കുന്നത് എന്ന് ഈ ചിത്രം വ്യക്തമാക്കുന്നു. രക്തം നിറഞ്ഞ ശേഷം ചുരുങ്ങുമ്പോൾ ഇടത് വെൻട്രിക്കിളിൽ നിന്ന് പമ്പ് ചെയ്യപ്പെടുന്ന രക്തത്തിന്റെ അംശമാണ് ഇജക്ഷൻ ഫ്രാക്ഷൻ. ലെഫ്റ് വെൻട്രിക്കിൾ വികസിക്കുന്ന സമയത്തെ ഡയസ്റ്റോൾ എന്ന് വിളിക്കുന്നു, ആ സമയത്ത് വെൻട്രിക്കിൾ നിറയുന്നു, സങ്കോചത്തെ സിസ്റ്റോൾ എന്ന് വിളിക്കുന്നു. സാധാരണ ഇജക്ഷൻ ഫ്രാക്ഷൻ 60 മുതൽ 70% വരെയാണ്. ഇത് 40% ൽ താഴെയായി കുറയുമ്പോൾ, അത് ഇജക്ഷൻ ഫ്രാക്ഷൻ കുറവുള്ള ഹാർട്ട് ഫെയ്‌ലർ എന്നറിയപ്പെടുന്നു.
ഇജക്ഷൻ ഫ്രാക്ഷൻ കുറവുള്ള ചില വ്യക്തികളിൽ, ഇടത് വെൻട്രിക്കിളിന്റെ വിവിധ ഭാഗങ്ങളുടെ സങ്കോചം തമ്മിലുള്ള സമന്വയം നഷ്ടപ്പെടുന്നു, അങ്ങനെ സങ്കോച പരിശ്രമത്തിന്റെ ഒരു ഭാഗം പാഴാകുന്നു. ഇതിനെ ഡിസ്സിൻക്രോണി എന്ന് പറയുന്നു. ഹൃദയത്തിന്റെ വൈദ്യുത റെക്കോർഡിംഗായ ഇസിജിയിൽ നിന്ന് ഇത് അനുമാനിക്കാം. ഡിസ്സിൻക്രോണിയുള്ളവരിൽ ഇടത് ബണ്ടിൽ ബ്രാഞ്ച് ബ്ലോക്ക് പാറ്റേൺ ഉള്ള വീതി കൂടിയ QRS കോംപ്ലക്സ് ഇസിജി കാണിക്കും. QRS കോംപ്ലക്സ് ഹൃദയത്തിന്റെ താഴത്തെ അറകളുടെ വൈദ്യുത പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. ഇടത് വെൻട്രിക്കിളിലേക്ക് സിഗ്നലുകൾ നൽകുന്ന ഹൃദയത്തിന്റെ വൈദ്യുതചാലക സംവിധാനത്തിന്റെ ഭാഗമാണ് ഇടത് ബണ്ടിൽ ബ്രാഞ്ച്.

ഹൃദയത്തിന്റെ വിവിധ ഭാഗങ്ങളുടെ സങ്കോചങ്ങളുടെ സമന്വയം ഉണ്ടാക്കുന്നതിന് പേസ്മേക്കർ നൽകുന്ന വൈദ്യുത സിഗ്നലുകളുടെ സമയം ക്രമീകരിച്ചിരിക്കുന്നു. വലത് ഏറ്റ്രിയത്തിന് ആദ്യം സിഗ്നൽ നൽകുന്നു, ചെറിയ കാലതാമസത്തിന് ശേഷം വെൻട്രിക്കിളുകൾക്കും. പമ്പിംഗ് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഇടത് വെൻട്രിക്കിൾ സമന്വയിപ്പിച്ച രീതിയിൽ ചുരുങ്ങുന്ന വിധത്തിൽ ഇടത്, വലത് വെൻട്രിക്കിളുകളുടെ പേസിംഗ് സമയം ക്രമീകരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, ഇടത് വെൻട്രിക്കുലാർ സങ്കോചത്തിന്റെ സമന്വയം നഷ്ടപ്പെട്ട ഹാർട്ട് ഫെയ്‌ലറുള്ള രോഗികളിൽ സിആർടി സ്ഥാപിക്കുന്നു.

CRT മാത്രമായുള്ളതിനെ ഇപ്പോൾ CRT-P അഥവ പേസിംഗ് മാത്രമുള്ള CRT ആയി പുനർനിർവചിച്ചിരിക്കുന്നു. കാരണം, CRT-D എന്നറിയപ്പെടുന്ന മറ്റൊരു ഉപകരണമുണ്ട്, അതിൽ CRT ഒരു ICD-യുമായി സംയോജിപ്പിച്ചിരിക്കുന്നു. ഇംപ്ലാന്റ് ചെയ്യാവുന്ന കാർഡിയോവർട്ടർ ഡിഫിബ്രില്ലേറ്ററിന്റെ ഹ്രസ്വ രൂപമാണ് ഐസിഡി, ജീവന് ഭീഷണിയാകുന്ന ഹൃദയ താള തകരാറുകൾ ഉണ്ടാകുമ്പോൾ ഷോക്ക് നൽകി ഹൃദയത്തെ സാധാരണ പ്രവർത്തനത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഇത് ഉപയോഗിക്കുന്നു. ഈ എക്സ്-റേ ഹൃദയത്തിനുള്ളിൽ ഹൈ വോൾട്ടേജ് ഷോക്ക് കോയിലുകളുള്ള ഒരു ഐസിഡി കാണിക്കുന്നു. CRT-D-യിൽ, CRT-P യുടെ പേസിംഗ് ലീഡുകൾക്കൊപ്പം കട്ടിയുള്ള ഹൈ വോൾട്ടേജ് ഷോക്കിംഗ് കോയിലുകളുള്ള ലീഡുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

സിആർടി-ഡിക്ക് ബാറ്ററി കപ്പാസിറ്റി കൂടുതലായിരിക്കണം, കാരണം ഷോക്കുകൾക്ക് വലിയ അളവിൽ വൈദ്യുതോർജ്ജം ആവശ്യമാണ്. സ്വാഭാവികമായും, CRT-D ബാറ്ററിയുടെ ആയുസ്സ് CRT-P യേക്കാൾ കുറവാണ്. മാത്രമല്ല, സിആർടി-ഡി ഹൃദയത്തിനുള്ളിൽ നൽകുന്ന ഷോക്കുകൾക്ക് സ്വല്പം വേദനയും ഉണ്ടാകും, എന്നിരുന്നാലും പ്രധാന ഹൃദയ താള തകരാറുള്ളപ്പോൾ ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്. ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താള തകരാറുകൾക്ക് ഉയർന്ന അപകടസാധ്യതയുള്ള ചില ഹാർട്ട് ഫെയ്‌ലർ രോഗികൾക്ക് CRT-D ആവശ്യമാണ്.