ഹൃദയത്തിന്റെ ട്യൂമറുകൾ – മിക്കപ്പോഴും ക്യാൻസറല്ല
|ഹൃദയത്തിന്റെ ട്യൂമറുകൾ – മിക്കപ്പോഴും ക്യാൻസറല്ല
ശ്വാസകോശത്തിലോ സ്തനത്തിലോ മറ്റ് അവയവങ്ങളിലോ ഉള്ള ക്യാൻസർ മൂലം ഹൃദയത്തിൽ ഉണ്ടാകുന്ന ട്യൂമറുകൾ മിക്കപ്പോഴും സെക്കണ്ടറികൾ ആണ്. ഹൃദയത്തിന്റെ പ്രൈമറി ട്യൂമറുകൾ അപൂർവവും മിക്കപ്പോഴും ക്യാൻസറുമല്ല. പ്രൈമറി ട്യൂമറുകളിൽ പകുതിയും മിക്സോമകളാണ്. ഹൃദയത്തിലെ കാൻസർ ഹൃദയത്തിന്റെ പ്രൈമറി ട്യൂമറുകളുടെ നാലിലൊന്ന് വരും. ഹൃദയത്തിലെ ഏറ്റവും കൂടുതൽ കാണുന്ന പ്രൈമറി കാൻസർ സാർക്കോമയാണ്. ഹൃദയത്തിൽ ട്യൂമറുള്ള ആളുകൾക്ക് ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങളോ മറ്റു രോഗ ലക്ഷണങ്ങളോ ഉണ്ടാകാം. ചിലപ്പോൾ മറ്റു കാരണങ്ങൾക്ക് വേണ്ടിയുള്ള എക്കോകാർഡിയോഗ്രാഫി എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ അൾട്രാസൗണ്ട് പഠനത്തിനിടയിൽ ഇത് ഒരു ആകസ്മികമായ കണ്ടെത്തലാകാം.
കംപ്യൂട്ടഡ് ടോമോഗ്രാഫിയും മാഗ്നെറ്റിക് റെസൊണൻസ് ഇമേജിംഗും ഹൃദയത്തിന്റെ ട്യൂമറുകളുടെ പരിശോധന വേളയിൽ അധിക വിവരങ്ങൾ നൽകാം. എംആർഐയേക്കാൾ മികച്ച സ്പേഷ്യൽ റെസലൂഷൻ സിടിക്ക് ഉണ്ട്, ഇത് സ്റ്റേജിംഗിനും ചികിത്സ ആസൂത്രണത്തിനും ഉപയോഗപ്രദമാണ്, പ്രത്യേകിച്ച് ട്യൂമർ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്യുന്നതിന്. ട്യൂമറിലേക്കുള്ള രക്തപ്രവാഹത്തെക്കുറിച്ചും ട്യൂമറിനുള്ളിലെ കാൽസ്യം നിക്ഷേപത്തെക്കുറിച്ചും സിടി വിവരങ്ങൾ നൽകുന്നു. എംആർഐ രക്തപ്രവാഹത്തെക്കുറിച്ചുള്ള വിവരങ്ങളും, ട്യൂമറിന്റെ സ്വഭാവത്തെക്കുറിച്ചുള്ള മികച്ച വിവരങ്ങളും നൽകുന്നു, റേഡിയേഷൻ അപകടസാധ്യതയില്ല.
ഏകദേശം 10% ക്യാൻസറുകൾ ഹൃദയത്തിലേക്ക് പടരുന്നു. എന്നാൽ ഹൃദയസംബന്ധമായ പ്രശ്നമായി ഇത് വളരെ അപൂർവമായി മാത്രമേ പ്രകടമാകൂ. മറ്റ് അവയവങ്ങളിലെ പ്രൈമറി അർബുദമാണ് മിക്കപ്പോഴും ലക്ഷണങ്ങൾക്ക് കാരണം. ഹൃദയത്തിനുള്ളിൽ വ്യാപിക്കുന്ന പ്രദേശങ്ങൾ സാധാരണയായി ചെറുതും ഒന്നിലധികവും ആയിരിക്കാം, ഇത് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നു.
മിക്സോമകളുട നാലിൽ മൂന്ന് ഭാഗവും ഹൃദയത്തിന്റെ ഇടത് മുകൾ അറയായ ഇടത് ഏറ്റ്രിയത്തിൽ കാണപ്പെടുന്നു, അഞ്ചിലൊന്ന് വലത് ഏറ്റ്രിയത്തിൽ ഉണ്ടാകുന്നു. ഹൃദയത്തിന്റെ താഴത്തെ അറകളായ വെൻട്രിക്കിളുകളിൽ മിക്സോമകൾ അപൂർവമാണ്. എക്കോകാർഡിയോഗ്രാഫിക് വീഡിയോയുടെ ഈ ക്ലിപ്പിംഗിൽ കാണിച്ചിരിക്കുന്നതുപോലെ, മിക്സോമകൾക്ക് സാധാരണയായി നീളമുള്ള തണ്ടാണുള്ളത്, അതിനാൽ ഇടത് ഏറ്റ്രിയൽ മിക്സോമയ്ക്ക് ഇടത് വെൻട്രിക്കിളിലേക്ക് ഡയസ്റ്റോളിൽ നീങ്ങാൻ കഴിയും. സങ്കോചത്തിനുശേഷം വെൻട്രിക്കിൾ നിറയുന്ന സമയമാണ് ഡയസ്റ്റോൾ. മിക്ക മിക്സോമകളും പാരമ്പര്യമായി ഉണ്ടാകുന്നതല്ല, പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം വീണ്ടുമുണ്ടാവില്ല.
കാർണി കോംപ്ലക്സ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ഡിസോർഡേഴ്സിന്റെ ഭാഗമായി ഫെമിലിയൽ മിക്സോമകൾ ഉണ്ടാകാം. ചർമ്മത്തിലെ കറുത്ത പാടുകൾ, ചർമ്മത്തിലെ മിക്സോമകൾ, ചില ഹോർമോണുകളുടെ തകരാറുകൾ എന്നിവയുമായി അവ ബന്ധപ്പെട്ടിരിക്കാം. ഇത് ക്രോമസോം നമ്പർ 17-ലെ മ്യൂട്ടേഷനുമായി ബന്ധപ്പെട്ടിരിക്കുന്നു.
കുട്ടികളിലെ ഹൃദയത്തിന്റെ ഏറ്റവും കൂടുതൽ കാണുന്ന പ്രൈമറി ട്യൂമറിനെ റാബ്ഡോമയോമ എന്ന് വിളിക്കുന്നു, ഇത് മുതിർന്നവരിൽ അപൂർവമാണ്. ഇടത് വെൻട്രിക്കിളിലോ രണ്ട് വെൻട്രിക്കിളുകൾക്കിടയിലുള്ള ഭിത്തിയിലൊ ആണ് അവ പലപ്പോഴും ഉണ്ടാകുന്നത്. വലിപ്പത്തിൽ സ്വയമേവയുള്ള കുറവും പൂർണ്ണമായ രോഗശമനം പോലും സാധാരണമാണ്, അവയിൽ പകുതിയോളം കേസുകളിൽ ഇത് സംഭവിക്കാം. ഒരു റിപ്പോർട്ടിൽ ഒരു സ്ഥാപനത്തിൽനിന്ന് മുപ്പത് വർഷത്തിനിടെ, റാബ്ഡോമയോമയുള്ള 20 കുട്ടികളെ ശസ്ത്രക്രിയ കൂടാതെ ചികിത്സിച്ചതായി കാണുന്നു.