റുമാറ്റിക് ഹൃദ്രോഗം (റുമാറ്റിക് ഹാർട്ട് ഡിസീസ് )
|റുമാറ്റിക് ഹൃദ്രോഗം (റുമാറ്റിക് ഹാർട്ട് ഡിസീസ് )
റുമാറ്റിക് ഫീവർ എന്നറിയപ്പെടുന്ന ഒരു രോഗം മൂലം ഹൃദയ വാൽവ് തകരാറിലാകുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് റുമാറ്റിക് ഹൃദ്രോഗം അഥവാ റുമാറ്റിക് ഹാർട്ട് ഡിസീസ്. സ്ട്രെപ്റ്റോകോക്കസ് എന്നറിയപ്പെടുന്ന ബാക്ടീരിയയ്ക്കെതിരെ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികൾ ശരീരത്തിലെ കോശങ്ങളുമായി പ്രതിപ്രവർത്തിക്കുന്ന ഒരു രോഗമാണ് റുമാറ്റിക് ഫീവർ.
കുട്ടികളിൽ പലപ്പോഴും തൊണ്ടവേദനയുണ്ടാക്കുന്ന ബാക്ടീരിയയാണ് സ്ട്രെപ്റ്റോകോക്കസ്. റുമാറ്റിക് ഫീവറിനെ തുടർന്ന് ഹൃദയ വാൽവുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നതാണ് ശരീരത്തിലെ ദീർഘകാല തകരാറുകൾ. കാൽമുട്ട്, കണങ്കാൽ, കൈമുട്ട് തുടങ്ങിയ ഒന്നിലധികം വലിയ സന്ധികളുടെ വേദനയും വീക്കവുമാണ് റുമാറ്റിക് ഫീവറിന്റെ പ്രാരംഭ ലക്ഷണങ്ങൾ.
എന്നാൽ ഇത് സാധാരണയായി സന്ധികൾക്ക് ദീർഘകാല തകരാറുകൾ വരുത്തുന്നില്ല, എന്നിരുന്നാലും പ്രാരംഭ ഘട്ടത്തിൽ സന്ധികളിൽ നല്ല വേദനയുണ്ടാകാം. ഹാർട്ട് വാൽവ് തകരാറുകൾ ആദ്യം നിശ്ശബ്ദമായിരിക്കുകയും പിന്നീട് കഠിനമായ റുമാറ്റിക് ഹൃദ്രോഗത്തോടെ പ്രകടമാവുകയും ചെയ്യാം.
റുമാറ്റിക് ഫീവറിന്റെ മറ്റ് ലക്ഷണങ്ങൾ അനിയന്ത്രിതമായ പേശി ചലനങ്ങൾ, ചർമത്തിന് താഴെയുള്ള ചെറിയ നോഡ്യൂളുകൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന തിണർപ്പ് എന്നിവയാണ്. ഭാഗ്യവശാൽ, സന്ധി വേദനയും അനിയന്ത്രിതമായ പേശി ചലനങ്ങളും ഒരേ സമയം ഉണ്ടാകുന്നില്ല. അല്ലാത്തപക്ഷം, രോഗബാധിതമായ സന്ധികളിൽ ഇത് കഠിനമായ വേദനയ്ക്ക് കാരണമാകും.
സാധാരണയായി അനിയന്ത്രിതമായ പേശി ചലനങ്ങൾ റുമാറ്റിക് ഫീവറിന്റെ വൈകിയുള്ള രോഗ ലക്ഷണമാണ്, അതേസമയം സന്ധി വേദന തുടക്കത്തിലുള്ള രോഗ ലക്ഷണമാണ്. ചർമ്മത്തിന് കീഴിലുള്ള നോഡ്യൂളുകളും ചുവന്ന തിണർപ്പുകളും കുട്ടിക്ക് വലിയ പ്രശ്നമുണ്ടാക്കില്ല, സാധാരണയായി പെട്ടെന്ന് അപ്രത്യക്ഷമാകും. ചികിത്സയില്ലാതെ പോലും സന്ധി വേദനകൾ എത്രയും വേഗം കുറയുന്നു. എന്നാൽ ഹൃദയ വാൽവ് തകരാറുകൾ സാവധാനത്തിലോ വേഗത്തിലോ പലപ്പോഴും പുരോഗമിക്കുന്നു.
റുമാറ്റിക് ഫീവറിന്റെ പ്രാരംഭ ഘട്ടത്തിൽ, ഹൃദയ വാൽവുകൾക്ക് വീക്കം സംഭവിക്കുകയും ചോർച്ചയുണ്ടാകുകയും ചെയ്യാം. മൈട്രൽ വാൽവ്, അയോർട്ടിക് വാൽവ് എന്നിവയാണ് സാധാരണയായി ബാധിക്കുന്ന വാൽവുകൾ. ഹൃദയത്തിന്റെ ഇടത് മുകളിലും താഴെയുമുള്ള അറകൾക്കിടയിലാണ് മൈട്രൽ വാൽവ്. അയോർട്ടിക് വാൽവ് ഹൃദയത്തിന്റെ താഴത്തെ ഇടത് അറയ്ക്കും അയോർട്ടയ്ക്കും ഇടയിലാണ്.
ശരീരത്തിലെ ഏറ്റവും വലിയ രക്തധമനിയാണ് അയോർട്ട, ഇടത് വെൻട്രിക്കിളിൽ നിന്ന് ശരീരം മുഴുവൻ ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകുന്നു. ഇടത് വെൻട്രിക്കിൾ ഹൃദയത്തിന്റെ താഴത്തെ ഇടത് അറയാണ്. ഇത് ഇടത് ഏട്രിയത്തിൽ നിന്ന് മൈട്രൽ വാൽവിലൂടെ രക്തം സ്വീകരിക്കുകയും അയോർട്ടിക് വാൽവ് വഴി അയോർട്ടയിലേക്ക് പമ്പ് ചെയ്യുകയും ചെയ്യുന്നു.
റുമാറ്റിക് ഫീവറിൽ ഹൃദയ വാൽവുകളുടെ വീക്കം റുമാറ്റിക് കാർഡൈറ്റിസ് എന്നറിയപ്പെടുന്നു. ഇടയ്ക്കിടെ ഹൃദയപേശികളുടെ വീക്കം, അതിന്റെ ആവരണത്തിന്റെ വീക്കം എന്നിവയും റുമാറ്റിക് ഫീവറിൽ സംഭവിക്കാം. ഇവയെ യഥാക്രമം റുമാറ്റിക് മയോകാർഡൈറ്റിസ് എന്നും റുമാറ്റിക് പെരികാർഡൈറ്റിസ് എന്നും വിളിക്കുന്നു. റുമാറ്റിക് ഫീവർ ഉള്ള കുട്ടികളിൽ പെരികാർഡൈറ്റിസ് നെഞ്ചുവേദനയ്ക്ക് കാരണമാകാം.
പ്രാരംഭ ഘട്ടത്തിൽ ഹൃദയ വാൽവുകൾക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചാൽ, ഗുരുതരമായ ലീക്ക് ഉണ്ടെങ്കിൽ, അവയിൽ ചിലർക്ക് ശ്വാസതടസ്സത്തോടൊപ്പം ഹാർട്ട് ഫെയ്ലുർ ഉണ്ടാക്കാം. ഹൃദയത്തിന് രക്തം നന്നായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോഴാണ് ശ്വാസതടസ്സം ഉണ്ടാകുന്നത്. ഇത് ശ്വാസകോശത്തിലെ രക്ത സമ്മർദ്ദം വർദ്ധിക്കുന്നതിനും ശ്വാസകോശത്തിലെ നീർകെട്ടായ പൾമണറി എഡിമ ഉണ്ടാകാനും കാരണമാകുന്നു.
ഹൃദയ വാൽവുകൾക്ക് ദീർഘകാല കേടുപാടുകൾ സംഭവിക്കുന്നത് നാല് ഹൃദയ വാൽവുകളിൽ ഏതിലെങ്കിലും സംഭവിക്കാം, എന്നിരുന്നാലും ഇത് മൈട്രൽ, അയോർട്ടിക് വാൽവുകളിലാണ് അധികവും കാണുന്നത്. റുമാറ്റിക് ഫീവറിൻറെ ആദ്യത്തെ എപ്പിസോഡിന്റെ ശേഷം മൈട്രൽ, അയോർട്ടിക് വാൽവുകളിലെ ലീക്ക് ഭാഗീകമായോ പൂർണമായോ മെച്ചപ്പെടാം. ചിലപ്പോൾ ലീക്ക് പുരോഗമിക്കുകയും ഹാർട്ട് ഫെയ്ലുർ ഉണ്ടാക്കുകയും ചെയ്യുന്നു.
മിക്കപ്പോഴും വികസ്വര രാജ്യങ്ങളിൽ അസാധാരണമല്ലാത്ത റുമാറ്റിക് ഫീവറിന്റെ ആവർത്തിച്ചുള്ള എപ്പിസോഡുകളാണ് ഹൃദയ വാൽവുകൾക്ക് കൂടുതൽ തകരാറുണ്ടാക്കുന്നത്. അതുകൊണ്ടാണ് സ്ഥിരമായ ദീർഘകാല ആൻറിബയോട്ടിക് ചികിത്സയിലൂടെ റുമാറ്റിക് ഫീവർ ആവർത്തിക്കുന്നത് തടയുന്നത് വളരെ പ്രധാനമായത്. റുമാറ്റിക് ഫീവർ ആവർത്തിച്ചില്ലെങ്കിൽ വാൽവ് കേടുപാടുകൾ മെച്ചപ്പെടുകയും പിന്നീട് സാധാരണ നിലയിലാകുകയും ചെയ്യാം.
വാൽവ് കേടുപാടുകൾ മെച്ചപ്പെടാതെ പുരോഗമിക്കുമ്പോൾ ദീർഘകാല റുമാറ്റിക് ഹൃദ്രോഗം ഉണ്ടാകുന്നു. ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും തുടക്കത്തിൽ ലീക്കുള്ളതുമായ വാൽവുകൾ പിന്നീട് ചുരുങ്ങിയേക്കാം. ഇത് ഹൃദയത്തിനുള്ളിലെ രക്തപ്രവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നു. മൈട്രൽ വാൽവ് തടസ്സപ്പെടുന്നതിന്റെ, വൈദ്യശാസ്ത്രപരമായ പദം മൈട്രൽ സ്റ്റെനോസിസ് എന്നാണ്.
അയോർട്ടിക് സ്റ്റെനോസിസ് എന്നത് അയോർട്ടിക് വാൽവ് ചുരുങ്ങുന്നതിനുള്ള വൈദ്യശാസ്ത്ര പദമാണ്. രണ്ടും വളരെ പ്രധാനപ്പെട്ട ഹൃദയ വാൽവ് രോഗങ്ങളാണ്, ഇത് റുമാറ്റിക് ഫീവറിനുശേഷം സംഭവിക്കാം. രണ്ട് വാൽവുകളുടെയും ചുരുക്കം ശ്വാസതടസ്സത്തിന് കാരണമാകാം, മിക്കപ്പോഴും മൈട്രൽ സ്റ്റെനോസിസിൽ ആണ് ഇത് അധികം. അയോർട്ടിക് വാൽവ് തടസ്സപ്പെടുമ്പോൾ, ഒരാൾ അദ്ധ്വാനിക്കുമ്പോൾ ശരീരത്തിന് ആവശ്യമായ രക്തം ലഭിക്കാത്തതിനാൽ തലകറക്കം ഉണ്ടാകാം.
ട്രൈകസ്പിഡ് വാൽവ് രണ്ട് തരത്തിൽ റുമാറ്റിക് ഹൃദ്രോഗത്തിൽ ബാധിക്കാം. വാൽവിന് നേരിട്ടുള്ള കേടുപാടുകൾ ലീക്കോ തടസ്സമോ ഉണ്ടാക്കാം. വാൽവ് ചുരുങ്ങുന്നതിനെ ട്രൈകസ്പിഡ് സ്റ്റെനോസിസ് എന്ന് വിളിക്കുന്നു. ഹൃദയത്തിന്റെ മുകളിലും താഴെയുമുള്ള വലത് അറകൾക്കിടയിലുള്ള വാൽവാണ് ട്രൈകസ്പിഡ് വാൽവ്. ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ മർദ്ദം വർദ്ധിച്ചാലും ട്രൈകസ്പിഡ് വാൽവിന് ലീക്ക് ഉണ്ടാകാം.
മൈട്രൽ വാൽവ് ചുരുങ്ങുമ്പോൾ, വാൽവിന് പിന്നിലെ മർദ്ദം ശ്വാസകോശത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ മർദ്ദം വർദ്ധിക്കുകയും വലത് വെൻട്രിക്കിളിൽ മർദ്ദം വർദ്ധിക്കുകയും ചെയ്യുന്നു. വലത് വെൻട്രിക്കിൾ ഹൃദയത്തിന്റെ താഴത്തെ വലത് അറയാണ്, ഇത് ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യുന്നു. വലത് വെൻട്രിക്കിളിലെ മർദ്ദം വളരെയധികം ഉയരുമ്പോൾ, ട്രൈകസ്പിഡ് വാൽവിന് പിടിച്ചുനിൽക്കാൻ കഴിയാതെ ലീക്ക് ഉണ്ടാകാം. വലത് വെൻട്രിക്കിൾ സങ്കോചിക്കുമ്പോൾ ഇത് വലത് ഏട്രിയത്തിലേക്ക്, വലത് മുകളിലെ അറയിലേക്ക്, രക്തം തിരികെ ചോർത്തുന്നു.
ട്രൈകസ്പിഡ് വാൽവിന്റെ രോഗം വലത് ഏട്രിയത്തിലും വലത് ഏട്രിയത്തിലേക്ക് രക്തം ഒഴുകുന്ന സിരകളിലും മർദ്ദം വർദ്ധിപ്പിക്കുന്നു. ഓക്സിജൻ സമ്പുഷ്ടമാക്കുന്നതിനായി ശ്വാസകോശത്തിലേക്ക് രക്തം പകരുന്നതിനായി ഹൃദയത്തിലേക്ക് രക്തം തിരികെ നൽകുന്ന രക്തക്കുഴലുകളാണ് സിരകൾ. സിരകളിലെ മർദ്ദം ഉയരുമ്പോൾ, അത് കഴുത്തിൽ വികസിച്ച സിരകളായി പ്രത്യക്ഷപ്പെടുന്നു.
സിരകളിലെ മർദ്ദം വർദ്ധിക്കുന്നത് കരൾ വലുതാവുന്നതിന് കാരണമാകുന്നു, ഇത് ചിലപ്പോൾ വയറിന്റെ വലത് മുകൾ ഭാഗത്ത് വേദന ഉണ്ടാക്കാം. സിരകളിലെ മർദ്ദം കാരണം കാലുകളുടെ ചർമ്മത്തിന് കീഴിൽ നീര് വരാം. കഠിനമായ കേസുകളിൽ വയറിലും നീര് വരാം, ഇത് അസൈറ്റ്സ് എന്നറിയപ്പെടുന്നു.
റുമാറ്റിക് പ്രക്രിയയിൽ ഏറ്റവും അപൂർവമായി ഉൾപ്പെടുന്ന വാൽവാണ് പൾമണറി വാൽവ്. എന്നാൽ റുമാറ്റിക് ഫീവർ മൂലമല്ലാതെയും ഇതിന് ലീക്ക് വരം. ട്രൈകസ്പിഡ് വാൽവിന്റെ കാര്യത്തിലെന്നപോലെ, ശ്വാസകോശത്തിലെ രക്തക്കുഴലുകളിലെ മർദ്ദം ഉയരുമ്പോൾ, പൾമണറി വാൽവിന് പിടിച്ചുനിൽക്കാൻ കഴിയാതെ ലീക്ക് ഉണ്ടാകാം. ശ്വാസകോശത്തിലെ രക്തക്കുഴലുകളുടെ മർദ്ദം വർദ്ധിക്കുന്നതിനെ പൾമണറി ഹൈപ്പർടെൻഷൻ എന്ന് വിളിക്കുന്നു.
പൾമണറി വാൽവിലെ ചോർച്ച പൾമണറി റീഗർജിറ്റേഷൻ എന്നറിയപ്പെടുന്നു. ഏത് വാൽവിന്റെയും ചോർച്ചയ്ക്ക് വാൽവിന്റെ പേരിന് ശേഷം റീഗർജിറ്റേഷൻ എന്ന പദം ചേർത്താണ് പേര് നൽകിയിരിക്കുന്നത്. പൾമണറി ആർട്ടറിയിൽ നിന്ന് വലത് വെൻട്രിക്കിളിലേക്ക് തിരിച്ചുള്ള രക്തപ്രവാഹം സാധാരണഗതിയിൽ തടയുന്ന വാൽവാണ് പൾമണറി വാൽവ്. ഓക്സിജനുവേണ്ടി വലത് വെൻട്രിക്കിളിൽ നിന്ന് ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകുന്ന രക്തക്കുഴലാണ് പൾമണറി ആർട്ടറി. വളരെ അപൂർവ്വമായി, റുമാറ്റിക് ഹൃദ്രോഗത്തിലും പൾമണറി വാൽവ് ചുരുങ്ങാം.
കഠിനമായി ഇടുങ്ങിയ ഹൃദയ വാൽവുകൾ ബലൂൺ ഡൈലേറ്റേഷൻ വഴിയോ ശസ്ത്രക്രിയയിലൂടെയോ തുറക്കേണ്ടിവരും. ചിലപ്പോൾ ഓപ്പൺ സർജറിയിലൂടെ അവ റിപ്പെയർ ചെയ്യുകയോ കൃത്രിമ വാൽവ് സ്ഥാപിക്കുകയോ ചെയ്യേണ്ടി വന്നേക്കാം. ബലൂൺ കത്തീറ്ററുകൾ എന്നറിയപ്പെടുന്ന നേർത്ത ട്യൂബുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഉറപ്പുള്ള ബലൂണുകൾ ഉപയോഗിച്ച് ഇടുങ്ങിയ വാൽവുകൾ വലുതാക്കുന്ന പ്രക്രിയയാണ് ബലൂൺ ഡൈലേറ്റേഷൻ.
ഇവ തുടയിലെ രക്തക്കുഴലുകളിലൂടെ കടത്തിവിടുകയും തുടർച്ചയായ എക്സ്-റേ ഇമേജിങ് നിരീക്ഷണത്തിൽ ഹൃദയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇടുങ്ങിയ വാൽവിനു കുറുകെ എത്തിയാൽ, വാൽവിലെ തടസ്സം ഒഴിവാക്കാൻ ബലൂൺ വീർപ്പിക്കുന്നു. തുടർന്ന് ഉപകരണം ശരീരത്തിൽ നിന്ന് നീക്കംചെയ്യുന്നു. ഈ ചികിത്സയ്ക്കു ശേഷവും റുമാറ്റിക് ഫീവർ ആവർത്തിക്കാതിരിക്കാനുള്ള ദീർഘകാല മരുന്നുകൾ തുടരേണ്ടതുണ്ട്.
പതിവായി റുമാറ്റിക് മൈട്രൽ സ്റ്റെനോസിസിനും വല്ലപ്പോഴും ട്രൈകസ്പിഡ് സ്റ്റെനോസിസിനും ബലൂൺ ഡൈലേറ്റേഷൻ നടത്തുന്നു. നല്ല ഫലങ്ങളാണ് ലഭിക്കാറ്. ഇടുങ്ങിയതിനൊപ്പം വാൽവിൽ കാര്യമായ ലീക്കുണ്ടെങ്കിൽ ബലൂൺ ഡൈലേറ്റേഷൻ ഒഴിവാക്കുന്നതാണ് നല്ലത്.
കഠിനമായ ലീക്കുള്ള ഹൃദയ വാൽവുകൾ സാധാരണയായി തുറന്ന ശസ്ത്രക്രിയയിലൂടെ റിപ്പെയർ ചെയ്യുകയൊ പലപ്പോഴും മാറ്റിസ്ഥാപിക്കുകയോ ചെയ്യും. കാരണം, റുമാറ്റിക് ഫീവർ മൂലം കേടായ ഹൃദയ വാൽവുകൾ റിപ്പെയറിന് വളരെ അപൂർവമായി മാത്രമേ അനുയോജ്യമാകൂ. ഒരു മെക്കാനിക്കൽ ഹാർട്ട് വാൽവ് സ്ഥാപിക്കുകയാണെങ്കിൽ, അവയിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ മരുന്നുകൾ പതിവായി ജീവിതകാലം മുഴുവൻ കഴിക്കേണ്ടിവരും.
ഈ മരുന്ന് കഴിക്കുന്നവർ രക്തസ്രാവം തടയുന്നതിനും ഫലപ്രാപ്തി പരിശോധിക്കുന്നതിനും രക്തം കട്ടപിടിക്കുന്നതിനുള്ള പ്രവർത്തനം പതിവായി നിരീക്ഷിക്കേണ്ടത് ആവശ്യമാണ്. ശസ്ത്രക്രിയ കൂടാതെ രക്തധമനികൾ വഴിയുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് ലീക്കുള്ള ഹൃദയ വാൽവുകൾ റിപ്പെയർ ചെയ്യുന്നതിനുള്ള പുതിയ നടപടിക്രമങ്ങൾ അടുത്തിടെ വന്നിട്ടുണ്ടെങ്കിലും, അവ റുമാറ്റിക് ഹൃദ്രോഗത്തിൽ ഉപയോഗിക്കാൻ ആയിട്ടില്ല.
ശസ്ത്രക്രിയാ റിപ്പെയറിന്റെ കാര്യത്തിൽ സൂചിപ്പിച്ച അതേ കാരണത്താലാണ് ഇത്, വാൽവിന്റെ ഘടനയിലെ കേടുപാടുകളും വികലതയും പലപ്പോഴും ഈ നടപടിക്രമങ്ങൾ റുമാറ്റിക് ഹൃദ്രോഗത്തിന് അനുയോജ്യമല്ലാതാക്കുന്നു. മാത്രമല്ല, പുതിയ സാങ്കേതിക വിദ്യകൾ ആയതിനാൽ, അവ വളരെ ചെലവേറിയതാണ്, റുമാറ്റിക് ഹൃദ്രോഗം ബാധിച്ച മിക്ക രോഗികൾക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.