മാനസിക സമ്മർദ്ദം എങ്ങനെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്?

മാനസിക സമ്മർദ്ദം എങ്ങനെയാണ് ഹൃദ്രോഗത്തിന് കാരണമാകുന്നത്?

മാനസിക സമ്മർദ്ദത്തിനും ഹൃദ്രോഗത്തിനും തമ്മിലുള്ള ബന്ധത്തിന് വിവിധ വശങ്ങളുണ്ട്. പിരിമുറുക്കം ഹൃദ്രോഗത്തിനുള്ള അപകടസാധ്യത ഘടകങ്ങൾ വർദ്ധിപ്പിക്കുന്നതിനും അതുവരെ നിശ്ശബ്ദമായ ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും.

മിക്ക പ്രായമായ വ്യക്തികളിലും ഹൃദയത്തിന്റെ രക്തക്കുഴലുകളായ കൊറോണറി ആർട്ടറികളിൽ  കൊഴുപ്പ് അടിഞ്ഞു കൂടുന്നു. പെട്ടെന്നുള്ള കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാകുമ്പോൾ, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും വർദ്ധിക്കും.

ഇത് ഹൃദയത്തിലെ രക്തക്കുഴലുകളിലെ കൊഴുപ്പ് ഫലകങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കും. കൊഴുപ്പ് ഫലകത്തിന്റെ ആവരണത്തിൽ ഒരു ചെറിയ വിള്ളൽ രൂപപ്പെട്ടേക്കാം.

പ്ലേറ്റ്‌ലെറ്റുകൾ എന്നറിയപ്പെടുന്ന രക്ത ഘടകങ്ങൾ രക്തക്കുഴലുകളുടെ ആന്തരിക ഉപരിതലത്തിൽ ഈ വിള്ളലുകളോട് ചേർന്നുനിൽക്കുകയും രക്തം കട്ടപിടിക്കുന്നതിന് തുടക്കമിടുകയും ചെയ്യുന്നു. രക്തം കട്ടപിടിക്കുന്നത് രക്‌തക്കുഴലിലെ രക്തപ്രവാഹത്തെ തടയുന്നു, ഇത് ഹൃദയപേശികളുടെ തകരാറിലേക്ക് നയിക്കുന്നു, ഹൃദയാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു.

പെട്ടെന്നുള്ള മാനസിക സമ്മർദ്ദം ചിലപ്പോൾ അഡ്രിനാലിൻ പോലുള്ള ചില ഹോർമോണുകളുടെ രക്തത്തിലെ അളവ് കുതിച്ചുയരാൻ ഇടയാക്കും. ഇവ രക്തസമ്മർദ്ദത്തിലും ഹൃദയമിടിപ്പിലും വർദ്ധനവിന് കാരണമാകുന്നു.

കൂടാതെ, ഇത് ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താള തകരാറുകളിലേക്ക് നയിക്കാം. ഹൃദയ താള തകരാറുൾ കാർഡിയാക് ആർറിഥ്മിയ എന്നാണ് അറിയപ്പെടുന്നത്. ഇത് ചിലപ്പോൾ ഹൃദയത്തിന്റെ പെട്ടെന്നുള്ള സ്തംഭനത്തിന് കാരണമാകാം. ഇതിനെ കാർഡിയാക് അറസ്റ്റ് എന്ന് വിളിക്കുന്നു.

ശക്തമായ മാനസിക സമ്മർദ്ദം മൂലമുണ്ടാകാവുന്ന മറ്റൊരു പ്രശ്നമാണ് ‘ബ്രോക്കൺ ഹാർട്ട് സിൻഡ്രോം’ അല്ലെങ്കിൽ സ്ട്രെസ് കാർഡിയോമയോപ്പതി. ബ്രോക്കൺ ഹാർട്ട് സിൻഡ്രോം ആദ്യം കണ്ടെത്തിയത് പ്രായമായ സ്ത്രീകളിൽ അവരുടെ ഇണയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷമാണ്.

ഹൃദയപേശികളുടെ കുറെ ഭാഗങ്ങളുടെ പ്രവർത്തനം പെട്ടന്ന് കുറഞ്ഞു പോകുന്ന ഒരു അസുഖമാണ് ബ്രോക്കൻ ഹാർട്ട് സിൻഡ്രോം. ഹാർട്ട് അറ്റാക്കിനോട് സാമ്യമുണ്ടെങ്കിലും, കൊറോണറി ധമനികളിൽ ബ്ലോക്കുകൾ കാണില്ല.

ഈ കേസുകളിൽ ഭൂരിഭാഗവും താമസിയാതെ അല്ലെങ്കിൽ പിന്നീട് മെച്ചപ്പെടും. സ്‌ട്രെസ് കാർഡിയോമയോപ്പതി വിയോഗം ഒഴികെയുള്ള മാനസിക സമ്മർദ്ദത്തോടൊപ്പവും ഉണ്ടാകാം.

മാനസിക സമ്മർദം പൊതുവെ നമ്മുടെ ജീവിതശൈലി മാറ്റുകയും കാർബോഹൈഡ്രേറ്റും കൊഴുപ്പും കൂടുതലായി കഴിക്കുകയും ചെയ്യാം. ഇത് ശരീരഭാര വർദ്ധന, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

ഇവ ഹൃദ്രോഗ സാധ്യത കൂടുതൽ വർദ്ധിപ്പിക്കും. മാനസിക സമ്മർദം ഭക്ഷണക്രമത്തിൽ മാറ്റം വരുത്താതെ തന്നെ ഹോർമോൺ സ്വാധീനത്തിലൂടെയും രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയും വർദ്ധിപ്പിക്കാം.