കൊറോണറി ആൻജിയോപ്ലാസ്റ്റിയുടെ അപകടസാധ്യതകൾ എന്തൊക്കെയാണ്?

കൊറോണറി ആൻജിയോപ്ലാസ്റ്റിയുടെ അപകടസാധ്യതകൾ എന്തൊക്കെയാണ്?

കൊറോണറി ആൻജിയോപ്ലാസ്റ്റി പൊതുവെ സുരക്ഷിതമായ ഒരു ചികിത്സയാണ്. ഇത് രക്തക്കുഴലുകളിലെ തടസ്സം ഒഴിവാക്കുകയും ഹൃദയപേശികളിലേക്കുള്ള രക്ത വിതരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അപൂർവ്വമായി ബ്ലോക്ക് ആവർത്തിക്കാം. കത്തീറ്ററുകൾ എന്നറിയപ്പെടുന്ന നേർത്ത ട്യൂബുകളുടെ അഗ്രത്തിൽ ഘടിപ്പിച്ചിരിക്കുന്ന ചെറിയ കരുത്തുറ്റ ബലൂണുകൾ ഉപയോഗിച്ച് ബ്ലോക്ക് നീക്കം ചെയ്യുന്ന പ്രക്രിയയാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി.

തുടർച്ചയായ എക്സ്-റേ ഇമേജിംഗിൽ കൈത്തണ്ടയുടെയോ തുടയിലെയോ രക്തക്കുഴലുകളിലൂടെ കത്തീറ്ററുകൾ കടത്തുന്നു. കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി എന്നറിയപ്പെടുന്ന ഒരു പ്രത്യേക ചികിത്സാ മുറിയിലാണ് ഈ ചികിത്സ നടത്തുന്നത്.

ആൻജിയോപ്ലാസ്റ്റിക്ക് ശേഷം ചിലപ്പോൾ രക്തക്കുഴലിൽ ഒരു രക്തകട്ട രൂപപ്പെടുകയും അത് അടഞ്ഞുപോകുകയും ചെയ്യാം. രക്തം കട്ടപിടിക്കുന്ന പ്രവർത്തനത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് ആൻജിയോപ്ലാസ്റ്റിക്ക്  മുമ്പും ശേഷവും ശേഷവും കട്ടപിടിക്കുന്നത് തടയുന്ന മരുന്നുകൾ ഉപയോഗിച്ചാണ് ഇത് തടയുന്നത്.

വളരെ അപൂർവ്വമായി, ആൻജിയോപ്ലാസ്റ്റിക്കിടയിൽ രക്തക്കുഴലിൽ സുഷിരങ്ങൾ ഉണ്ടാകാം. ഇത് പെരികാർഡിയം എന്നറിയപ്പെടുന്ന ഹൃദയത്തിന്റെ ആവരണത്തിലേക്ക് രക്തസ്രാവത്തിന് കാരണമാകും. ഇത് കഠിനമാണെങ്കിൽ, ഹൃദയത്തെ ഞെരുക്കിയേക്കാം, ഇത് രക്തസമ്മർദ്ദം കുറയുന്നതിന് കാരണമാകുന്നു. ആൻജിയോപ്ലാസ്റ്റിയുടെ സാങ്കേതിക വശങ്ങളിലെ അതീവ ശ്രദ്ധയാണ് ഈ പ്രശ്നം കുറയ്ക്കുന്നതിനുള്ള മാർഗം. രക്തക്കുഴലിനുള്ളിൽ നിക്ഷേപിക്കുന്ന പ്രത്യേക തരം തുണികൊണ്ട് പൊതിഞ്ഞ സ്റ്റെന്റുകൾ ഉപയോഗിച്ച് സുഷിരങ്ങൾ അടയ്ക്കാം.

ചിലപ്പോൾ ആൻജിയോപ്ലാസ്റ്റിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഡിസെക്ഷൻ എന്നറിയപ്പെടുന്ന, രക്തക്കുഴലുകൾക്കുള്ളിലെ ചെറിയ വിള്ളലുകൾ ഉണ്ടാക്കാം. ഇത് കഠിനമായാൽ രക്തക്കുഴലുകൾ അടയാൻ ഇടയാക്കും. കൊറോണറി സ്റ്റെന്റ് എന്നറിയപ്പെടുന്ന രക്തക്കുഴലിനുള്ളിൽ നിക്ഷേപിക്കുന്ന സ്പ്രിങ് പോലെയുള്ള ഒരു ചെറിയ ട്യൂബ് ഉപയോഗിച്ച് രക്തകുഴലിന്റെ ഭിത്തിയെ ബലപ്പെടുത്തുന്നതിലൂടെ ഡിസെക്ഷൻ ചികിത്സിക്കാം.

രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുന്നത് തടയാൻ നൽകുന്ന മരുന്നുകൾ കാരണം ചിലപ്പോൾ രക്തസ്രാവം ഉണ്ടാകാം. ഈ രക്തസ്രാവം ശരീരത്തിന്റെ ഏത് ഭാഗത്തും ഉണ്ടാകാം, കഠിനമാണെങ്കിൽ അത് അപകടകരമാണ്. പെട്ടന്ന് കണ്ടുപിടിച്ചു ചികിത്സിക്കുന്നത് ജീവൻ രക്ഷിക്കും.

രക്തക്കുഴലുകളെ ദൃശ്യവൽക്കരിക്കാൻ കുത്തിവച്ച റേഡിയോ കോൺട്രാസ്റ്റ് മരുന്ന് ചിലപ്പോൾ വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാം. ആൻജിയോപ്ലാസ്റ്റിക്ക് മുമ്പും ശേഷവും രോഗിയുടെ ശരീരത്തിലെ ജലാംശം കൃത്യമായി നിലനിർത്തുക വഴി ഇത് കുറയ്ക്കാം. ബോർഡർലൈൻ കിഡ്നി പ്രവർത്തനമുള്ളവരിൽ ഉപയോഗിക്കുന്ന റേഡിയോ കോൺട്രാസ്റ്റ് മരുന്നുകളുടെ അളവ് കുറയ്ക്കുന്നു. ആൻജിയോപ്ലാസ്റ്റിക്ക് മുമ്പും ശേഷവും വൃക്കകളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെടുന്നു.

ചില അപകടസാധ്യതകൾ ഉണ്ടെങ്കിലും, ആൻജിയോപ്ലാസ്റ്റി ചെയ്യുന്ന രോഗത്തിന്റെ അപകടസാധ്യത കണക്കിലെടുക്കുമ്പോൾ, ഗുണം / അപകടസാധ്യത അനുപാതം കൂടുതലാണ്, ഈ സങ്കീർണതകൾ ഉണ്ടാകുന്നത് കുറവാണ്. ശരിയായി തിരഞ്ഞെടുത്ത കേസുകളിൽ, കൊറോണറി ആൻജിയോപ്ലാസ്റ്റി താരതമ്യേന സുരക്ഷിതമായ ചികിത്സയാണ്.