ഹൃദയാഘാതത്തിന്റെ വിവിധ തരങ്ങൾ ഏതൊക്കെയാണ്?
|ഹൃദയാഘാതത്തിന്റെ വിവിധ തരങ്ങൾ ഏതൊക്കെയാണ്?
ഹൃദയാഘാതം ഒരു രോഗം മാത്രമാണെന്നാണ് നമ്മളിൽ പലരും കരുതുന്നത്. പ്രധാന യൂറോപ്യൻ, നോർത്ത് അമേരിക്കൻ ഹാർട്ട് സൊസൈറ്റികൾക്കൊപ്പം വേൾഡ് ഹാർട്ട് ഫെഡറേഷനും ഹൃദയാഘാതത്തിന്റെ സാങ്കേതിക നാമമായ മയോകാർഡിയൽ ഇൻഫാർക്ഷന്റെ സാർവത്രിക നിർവചനം കൊണ്ടുവന്നു. 2018-ൽ ഇത് നാലാം തവണയും പരിഷ്‌ക്കരിക്കപ്പെട്ടു. ഏറ്റവും പുതിയ റിവിഷനിൽ ഹൃദയാഘാതങ്ങളെ 5 തരങ്ങളായി തരംതിരിച്ചിട്ടുണ്ട്, അതിൽ ടൈപ്പ് 4-ന് മൂന്ന് ഉപവിഭാഗങ്ങളുമുണ്ട്.
ടൈപ്പ് 1 എന്നത് നമുക്കെല്ലാവർക്കും സുപരിചിതമായ തരം ഹൃദയാഘാതമാണ്. ഹൃദയപേശികളിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലിലൽ കാണപ്പെടുന്നു തടസ്സം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് നെഞ്ചുവേദനയ്ക്കും ഇസിജി മാറ്റത്തിനും കാരണമാകുന്നു. ഹൃദയത്തിന്റെ അൾട്രാസൗണ്ട് ഇമേജിംഗിലും മാഗ്നറ്റിക് റിസോണൻസ് ഇമേജിംഗ് (എംആർഐ) പോലുള്ള മറ്റ് ഇമേജിംഗ് രീതികളിലും ഹൃദയപേശികളുടെ തകരാറുകൾ കാണാവുന്നതാണ്. കൊറോണറി ആൻജിയോഗ്രാഫി എന്നറിയപ്പെടുന്ന എക്സ്-റേ ഇമേജിംഗിൽ രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിച്ചത് കാണപ്പെടുന്നു.
സപ്ലൈ-ഡിമാൻഡ് പൊരുത്തക്കേട് ഉണ്ടാകുമ്പോൾ ടൈപ്പ് 2 സംഭവിക്കുന്നു. ഏതെങ്കിലും രക്തസ്രാവം മൂലം ശരീരത്തിൽ നിന്ന് പെട്ടെന്ന് ധാരാളം രക്തം നഷ്ടപ്പെടുന്നത് ഹൃദയപേശികളിലേക്കുള്ള ഓക്സിജന്റെ വിതരണം കുറയ്ക്കുകയും തൽഫലമായി തകരാറിലാകുകയും ചെയ്യും. ടൈപ്പ് 2 സ്ത്രീകളിൽ കൂടുതലായി കാണപ്പെടുന്നു, പലപ്പോഴും ബന്ധപ്പെട്ട മറ്റ് അസുഖങ്ങൾ കാരണം മോശമായ രോഗാവസ്ഥയുമുണ്ട്.
ടൈപ്പ് 3 ൽ, ഹൃദയാഘാതം നിർണ്ണയിക്കാൻ ആവശ്യമായ രക്ത ട്രോപോണിൻ പരിശോധന പോസിറ്റീവ് ആകുന്നതിന് മുമ്പ് മരണം സംഭവിക്കുന്നു. ട്രോപോണിൻ തെളിവുകൾ കുറവാണെങ്കിലും വ്യക്തിക്ക് നെഞ്ചുവേദനയും ഇസിജിയിൽ ഹാർട്ട് അറ്റാക്കിന്റെ പ്രാരംഭ മാറ്റങ്ങളും ഉണ്ടാകും.
കൊറോണറി ആൻജിയോപ്ലാസ്റ്റി പോലുള്ള രക്തക്കുഴലുകളിലെ ബ്ലോക്കുകൾ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ഹൃദയാഘാതമാണ് ടൈപ്പ് 4 എ. ടൈപ്പ് 1 ലെ പോലെ അവർക്ക് രോഗ ലക്ഷണങ്ങളും ഇസിജി മാറ്റങ്ങളും ഉണ്ടാകും. കൊറോണറി ആൻജിയോഗ്രാം രക്തക്കുഴലിൽ ഒരു പുതിയ ബ്ലോക്ക് കാണിക്കും, ഇത് നടപടിക്രമ സങ്കീർണതയുമായി ബന്ധപ്പെട്ടതാണ്.
ടൈപ്പ് 4 ബിയിൽ, ആൻജിയോപ്ലാസ്റ്റി സമയത്ത് ഘടിപ്പിച്ച സ്റ്റെന്റിൽ രക്തം കട്ടപിടിക്കുന്നത് മൂലം ബ്ലോക്ക് ഉണ്ടാകുന്നു. ഇത് സ്റ്റെന്റ് ത്രോംബോസിസ് എന്നാണ് അറിയപ്പെടുന്നത്.
കോശങ്ങൾ വളർന്ന് സ്റ്റെന്റ് ഘടിപ്പിച്ച ഭാഗം ചുരുങ്ങുന്നത് മൂലമാണ് ടൈപ്പ് 4 സി ഹൃദയാഘാതം ഉണ്ടാകുന്നത്. കൊറോണറി ആൻജിയോഗ്രാം വഴിയാണ് ഇത് രേഖപ്പെടുത്തുന്നത്.
ടൈപ്പ് 5 കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിംഗുമായി (സിഎബിജി) ബന്ധപ്പെട്ടിരിക്കുന്നു. ഇസിജി, കൊറോണറി ആൻജിയോഗ്രാം എന്നിവയും ഇത് രേഖപ്പെടുത്തുന്നു. അൾട്രാസൗണ്ട് അല്ലെങ്കിൽ മറ്റ് ഇമേജിംഗ് പഠനങ്ങൾ ഹൃദയപേശികളിലെ പുതിയ കേടുപാടുകൾ കാണിക്കും.
ടൈപ്പ് 3 ഒഴികെയുള്ള ഈ തരങ്ങളിലെല്ലാം ഹൃദയാഘാതം രേഖപ്പെടുത്തുന്നതിന്, മറ്റ് തെളിവുകൾക്ക് പുറമെ കാർഡിയാക് ട്രോപോണിൻ എന്നറിയപ്പെടുന്ന ഒരു രക്തപരിശോധന ആവശ്യമാണ്. ഹൃദയാഘാതത്തിന് ശേഷം ട്രോപോണിന്റെ അളവ് ക്രമമായി ഉയർന്ന് 24 മണിക്കൂറിൽ അത്യുന്നതത്തിലെത്തും. ടൈപ്പ് 3 ൽ ട്രോപോണിൻ ലെവൽ രോഗനിർണയത്തിന് പറ്റിയ ലെവലിൽ എത്തുന്നതിന് മുമ്പെ മരണം സംഭവിക്കുന്നു. ഹൃദയപേശികൾക്ക് കേടുപാടുകൾ സംഭവിച്ചതിന് ശേഷം രക്തത്തിലേക്ക് ക്രമേണ കടക്കുന്ന ഹൃദയപേശികളിലെ പ്രോട്ടീനാണ് കാർഡിയാക് ട്രോപോണിൻ.