ട്ടാവി എന്താണ്?
|ട്ടാവി എന്താണ്?
ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷന്റെ ഹ്രസ്വ രൂപമാണ് ട്ടാവി. ഇതിനെ ട്ടാവർ (ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ്) എന്നും വിളിക്കുന്നു. അയോർട്ടയ്ക്കും ഇടത് വെൻട്രിക്കിളിനും ഇടയിലുള്ള വാൽവാണ് അയോർട്ടിക് വാൽവ്. ശരീരത്തിലുടനീളം ഓക്സിജൻ അടങ്ങിയ രക്തം കൊണ്ടുപോകുന്ന ഏറ്റവും വലിയ രക്തധമനിയാണ് അയോർട്ട. ഇടത് വെൻട്രിക്കിൾ ഹൃദയത്തിന്റെ താഴത്തെ അറയാണ്, ഇത് മുഴുവൻ ശരീരത്തിലേക്കും ഓക്സിജൻ അടങ്ങിയ രക്തം പമ്പ് ചെയ്യുന്നു. അയോർട്ടിക് വാൽവിന് സാരമായ കേടുപാടുകൾ സംഭവിക്കുമ്പോൾ, നേരത്തെ അത് ശസ്ത്രക്രിയയിലൂടെ റിപ്പയർ ചെയ്യുകയോ മാറ്റുകയോ ചെയ്യുമായിരുന്നു. തുടയിലെ രക്തക്കുഴലുകളിലെ ചെറിയ ദ്വാരങ്ങളിലൂടെ കടത്തിവിടുന്ന ട്യൂബുകളിലൂടെ ശസ്ത്രക്രിയ കൂടാതെ ഒരു വാൽവ് സ്ഥാപിക്കാനുള്ള ഓപ്ഷൻ ഇന്ന് ഉണ്ട്.
ട്ടാവി എന്താണ്?ട്ടാവി ആദ്യം അവതരിപ്പിച്ചപ്പോൾ, അത് ശസ്ത്രക്രിയയ്ക്ക് വളരെ ഉയർന്ന അപകടസാധ്യതയുള്ളവർക്ക് മാത്രമായിരുന്നു. എന്നാൽ നടപടിക്രമം പൂർണത കൈവരിക്കുകയും ഉപകരണത്തിന്റെ സവിശേഷതകൾ മെച്ചപ്പെട്ട സാങ്കേതികവിദ്യ ഉപയോഗിച്ച് മെച്ചപ്പെടുത്തുകയും ചെയ്‌തതിനാൽ, ശസ്ത്രക്രിയയ്ക്കുള്ള അപകടസാധ്യതസാധ്യത കുറവുള്ളവർക്കും ഇത് ഇപ്പോൾ ശുപാർശ ചെയ്യപ്പെടുന്നു. ഇപ്പോൾ ട്ടാവിക്കായി ഉപയോഗിക്കുന്ന വാൽവ് വളരെ ചെലവേറിയതാണ്, എന്നാൽ ലോകമെമ്പാടും നടക്കുന്ന ട്ടാവികളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ചെലവ് ക്രമേണ കുറയും.
ട്ടാവിയിൽ ബലൂൺ കത്തീറ്ററുകൾ എന്നറിയപ്പെടുന്ന ചെറിയ ട്യൂബുകളിൽ കൃത്രിമ വാൽവ് ഘടിപ്പിച്ചിരിക്കുന്നു. ലോക്കൽ അനസ്തേഷ്യയിൽ ചർമ്മത്തിൽ നിർമ്മിച്ച ചെറിയ ദ്വാരങ്ങളിലൂടെ ഉപകരണം തുടയിലെ രക്തക്കുഴലിലേക്ക് കൊണ്ടുവരുന്നു. ഇത് എക്‌സ്-റേ ഇമേജിംഗ് നിരീക്ഷണത്തിൽ അയോർട്ടയിലൂടെ അയോർട്ടിക് വാൽവ് വരെ നയിക്കപ്പെടുന്നു. അയോർട്ടിക് വാൽവിനു കുറുകെയുള്ള കൃത്രിമ വാൽവിന്റെ സ്ഥാനം സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ഉപകരണത്തിന്റെ മറ്റേ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു സിറിഞ്ച് പോലെയുള്ള മെക്കാനിസം ഉപയോഗിച്ച് ബലൂൺ വീർപ്പിക്കുന്നു. വാൽവ് വിജയകരമായി ഘടിപ്പിച്ച ശേഷം ബലൂൺ കത്തീറ്റർ തിരിച്ചെടുക്കുന്നു.
കഠിനമായി ഇടുങ്ങിയ അയോർട്ടിക് വാൽവിന് വേണ്ടിയുള്ള നടപടിക്രമമാതിനാൽ, കൃത്രിമ വാൽവ് സ്ഥാപിക്കുന്നതിന് തയ്യാറെടുക്കുന്നതിന് ബലൂൺ ഉപയോഗിച്ച് ഇടുങ്ങിയ വാൽവിന്റെ പ്രാരംഭ വികസിപ്പിക്കൽ നടത്തുന്നു. ട്ടാവിക്ക് ശേഷം രക്തസ്രാവം തടയാൻ തുടയിലെ രക്തകുഴലിലെ ദ്വാരം അടക്കും. പ്രായമായവരിലേത് പോലെ അസുഖം മൂലം തുടയിലെ രക്തക്കുഴലുകൾ ഇടുങ്ങിയതെങ്കിൽ, താരതമ്യേന വലിയ ഉപകരണം കടന്നുപോകുന്നതിന് ട്ടാവിക്ക് മുമ്പ് അവ വലുതാക്കേണ്ടി വന്നേക്കാം. അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കുന്നതിനോ റിപ്പയർ ചെയ്യുന്നതിനോ ഉള്ള ഓപ്പൺ ഹാർട്ട് സർജറിക്ക് ഉള്ള പോലെ നെഞ്ചിലെ അസ്ഥി പിളർത്തുന്നത് ഉൾപ്പെടാത്ത ഒരു ചെറിയ ശസ്ത്രക്രിയ ഉപയോഗിച്ച് ഉപകരണം ഇടത് വെൻട്രിക്കിളിലേക്ക് നേരിട്ട് പ്രവേശിപ്പിക്കുന്നതാണ് ഇത്തരക്കാക്കുള്ള മറ്റൊരു ഓപ്ഷൻ.
പൊതുവേ, 65 വയസ്സിന് താഴെയുള്ളവർക്ക് അയോർട്ടിക് വാൽവ് ശസ്ത്രക്രിയയിലൂടെ മാറ്റിസ്ഥാപിക്കുന്നതാണ് അഭികാമ്യം, 80 വയസ്സിന് മുകളിലുള്ളവർക്ക് ട്ടാവി ആണ് തിരഞ്ഞെടുക്കുന്നത്. 65 വയസിനും 80 വയസിനും ഇടയിലുള്ളവർക്ക്, രണ്ട് ഓപ്ഷനുകളും ആലോചിക്കാവുന്നതാണ്, ഓരോ കേസിലെയും അപകടസാധ്യതകളും നേട്ടങ്ങളും കണക്കാക്കി, വ്യക്തിയുടെ താല്പര്യവും കൂടി കണക്കിലെടുത്ത്.