ഒരു ദിവസം 10,000 ചുവടുകൾ എന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണ്?
|ഒരു ദിവസം 10,000 ചുവടുകൾ എന്നതിന്റെ ശാസ്ത്രീയ അടിസ്ഥാനം എന്താണ്?
നിങ്ങളുടെ ഫിറ്റ്നസ് പ്രോഗ്രാമിന്റെ ഭാഗമായി ആഴ്ചയിൽ ഏഴ് ദിവസവും 10,000 ചുവടുകൾ ദിവസവും എടുക്കണമെന്ന് പലപ്പോഴും നിർദ്ദേശിക്കാറുണ്ട്. യഥാർത്ഥത്തിൽ, ചുവടുകളുടെ എണ്ണം നിങ്ങൾ നടക്കുന്ന ദൂരം തിട്ടപ്പെടുത്തണമെന്നില്ല. നടന്ന ദൂരം നിങ്ങളുടെ സ്ട്രൈഡിന്റെ ദൈർഘ്യത്തെ ആശ്രയിച്ചിരിക്കും.
എന്തായാലും, ഒരു ദിവസം 10,000 ചുവടുകൾ എന്ന ആശയം വളരെ ജനപ്രിയമാണ്, പലരും ദൈനംദിന ചുവടുകളുടെ എണ്ണം ട്രാക്കുചെയ്യുന്നതിന് പെഡോമീറ്ററുകൾ ഉപയോഗിക്കുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ഇടുകയും ചെയ്യുന്നു.
ഒരു ദിവസം 10,000 ചുവടുകളുടെ പ്രയോജനത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ നോക്കാം. 1990-ൽ പ്രസിദ്ധീകരിച്ച ജപ്പാനിൽ നിന്നുള്ള ഒരു പഠനം അമിത ഭാരമുള്ള മധ്യവയസ്കരെ കുറിച്ചായിരുന്നു.
അവർ 4 മാസത്തേക്ക് പ്രതിദിനം 10,000 ചുവടുകൾ നടക്കുകയും, ഭക്ഷണക്രമം 1500 കിലോ കലോറി ആയി പരിമിതത്തുകയും ചെയ്തു. ശരീരഭാരം, ചർമ്മത്തിന്റെ കനം, രക്തസമ്മർദ്ദം, കൊഴുപ്പിന്റെ അളവ് എന്നിവ പ്രോഗ്രാമിൽ ഗണ്യമായി മെച്ചപ്പെട്ടതായി കണ്ടു.
ദിവസേനയുള്ള ചുവടുകളുടെ എണ്ണവും ശരീരഭാരം, ഡയസ്റ്റോളിക് രക്തസമ്മർദ്ദം, എച്ച്ഡിഎൽ കൊളസ്ട്രോൾ എന്നിവയിലെ പുരോഗതിയും തമ്മിൽ കാര്യമായ ബന്ധമുണ്ടായിരുന്നു. സങ്കോചത്തിന് ശേഷം ഹൃദയം വികസിക്കുമ്പോൾ ഉണ്ടാകുന്ന രക്തസമ്മർദ്ദമാണ് ഡയസ്റ്റോളിക് രക്തസമ്മർദ്ദം. എച്ച്ഡിഎൽ അല്ലെങ്കിൽ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ നല്ല കൊളസ്ട്രോൾ ആണ്, ഇത് നീക്കം ചെയ്യുന്നതിനായി കൊഴുപ്പ് രക്തക്കുഴലുകളിൽ നിന്ന് കരളിലേക്ക് കൊണ്ടുപോകുന്നു.
1995-ൽ പ്രസിദ്ധീകരിച്ച അതേ ഗ്രൂപ്പിൽ നിന്നുള്ള മറ്റൊരു റിപ്പോർട്ട്, ശരീരഭാരം കുറയ്ക്കുന്നതും അമിതവണ്ണവുമായി ബന്ധപ്പെട്ട ചില രോഗങ്ങളും അന്വേഷിച്ചു. 1983 മുതൽ 1990 വരെ ശരീരഭാരം കുറയ്ക്കാനുള്ള പരിപാടിയിൽ പങ്കെടുത്ത 248 മധ്യവയസ്കരായ വ്യക്തികൾ, കൂടുതലും സ്ത്രീകൾ, ഈ പഠനത്തിൽ ഉൾപ്പെട്ടിരുന്ന.
ദിവസം 1500 കിലോ കലോറി ഭക്ഷണക്രമവും, 10,000 ചുവടുകളുടെ വ്യായാമവും എന്ന രീതിയിലുള്ളതായിരുന്നു പ്രോഗ്രാം. അഞ്ച് മാസത്തെ പ്രോഗ്രാമിന് ശേഷമുള്ള ശരീരഭാരത്തിലെ ശരാശരി കുറവ് 5 കിലോ ആയിരുന്നു. രക്തസമ്മർദ്ദം, മൊത്തം കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവ ഗണ്യമായി കുറഞ്ഞപ്പോൾ എച്ച്ഡിഎൽ കൊളസ്ട്രോൾ ചെറുതായി വർദ്ധിച്ചു. രക്തത്തിൽ കാണപ്പെടുന്ന മറ്റൊരു തരം കൊഴുപ്പാണ് ട്രൈഗ്ലിസറൈഡ്.
2021-ൽ, മുമ്പ് പ്രസിദ്ധീകരിച്ച 16 പഠനങ്ങളെ ഒരു ലേഖനം വിശകലനം ചെയ്തു. പഠനങ്ങളെക്കുറിച്ചുള്ള അത്തരം പഠനത്തെ മെറ്റാ അനാലിസിസ് എന്ന് വിളിക്കുന്നു. 12 പഠനങ്ങൾ എല്ലാ കരണങ്ങളാലുള്ള മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്, 5 എണ്ണം ഹൃദ്രോഗത്തെക്കുറിച്ചും കുറിച്ചും ഒരു പഠനം രണ്ടിനെ കുറിച്ചുള്ള വിവരങ്ങളും ഉൾക്കൊള്ളുന്നു. സ്റ്റെപ്പ് കൗണ്ടും മൊത്തം മരണനിരക്കും ഹൃദ്രോഗവും തമ്മിൽ ബന്ധമുള്ളതായി അവർ കണ്ടെത്തി.
അവർ വിശകലനത്തെ ആക്സിലറോമീറ്റർ അടിസ്ഥാനമാക്കിയുള്ള പഠനങ്ങളിലേക്ക് പരിമിതപ്പെടുത്തിയപ്പോൾ, പ്രതിദിനം 9000 ചുവടുകളുള്ളവർക്ക് എല്ലാ കാരണങ്ങളാലും മരണ സാധ്യത 40% കുറവാണ്. ഹൃദ്രോഗത്തിൻറെ കാര്യത്തിൽ, സ്റ്റെപ്പ് കൗണ്ട് ഒരു ദിവസം ഏകദേശം 9500 ചുവടുകൾ ആയിരുന്നപ്പോൾ അപകടസാധ്യത 35% കുറവാണ്.