എന്താണ് ഫൊണ്ടാൻ ഓപ്പറേഷൻ?
|എന്താണ് ഫൊണ്ടാൻ ഓപ്പറേഷൻ?
ട്രൈകസ്പിഡ് അട്രീസിയ പോലുള്ള ഹൃദയത്തിന്റെ ചില ജനന വൈകല്യങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഒരു ഓപ്പറേഷനാണ് ഫൊണ്ടാൻ ഓപ്പറേഷൻ. ട്രൈകസ്പിഡ് അട്രീസിയയിൽ ട്രൈകസ്പിഡ് വാൽവ് പൂർണമായി അടഞ്ഞാണിരിക്കുന്നത്. ഹൃദയത്തിന്റെ മുകളിലും താഴെയുമുള്ള വലത് അറകൾക്കിടയിലുള്ള വാൽവാണ് ട്രൈകസ്പിഡ് വാൽവ്. ഇത് വലത് വെൻട്രിക്കിൾ സങ്കോചിക്കുമ്പോൾ രക്തം തിരികെ ഒഴുകുന്നത് തടയുന്നു. ട്രൈകസ്പിഡ് അട്രീസിയ ഉള്ളപ്പോൾ, രക്തം വലത് ഏട്രിയത്തിൽ നിന്ന് ഇടത് ഏട്രിയത്തിൽ എത്തുന്നത് ഇവയ്ക്കിടയിലുള്ള ഭിത്തിയിലെ ദ്വാരം വഴിയാണ്, ഇത് അത്തരം സന്ദർഭങ്ങളിൽ അതിജീവനത്തിന് നിർബന്ധമാണ്.
ഇടത് ഏട്രിയത്തിൽ നിന്ന് രക്തം ഇടത് വെൻട്രിക്കിളിലേക്ക് എത്തുന്നു. അതിനാൽ, ഓക്സിജനുവേണ്ടി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹത്തിന് രണ്ട് വെൻട്രിക്കിളുകൾക്കിടയിലുള്ള ഭിത്തിയിലെ ദ്വാരം അല്ലെങ്കിൽ അയോർട്ടയും പൾമണറി ആർട്ടറിയും തമ്മിലുള്ള കണക്ഷൻ പോലെയുള്ള മറ്റൊരു അനുബന്ധ വൈകല്യം ആവശ്യമാണ്. വലത് വെൻട്രിക്കിളിൽ നിന്ന് ശ്വാസകോശത്തിലേക്കുള്ള രക്തക്കുഴലാണ് പൾമണറി ആർട്ടറി. ഇടത് വെൻട്രിക്കിളിൽ നിന്ന് ഉത്ഭവിക്കുന്ന പ്രധാന രക്തക്കുഴലാണ് അയോർട്ട, ശരീരം മുഴുവൻ ഓക്സിജൻ ഉള്ള രക്തം കൊണ്ടുപോകുന്നു.
ഫൊണ്ടാൻ ഓപ്പറേഷൻ 1960-ൽ ഫ്രാൻസിസ് ഫൊണ്ടാൻ വിവരിച്ചു. ശരീരത്തിന്റെ താഴത്തെ ഭാഗത്ത് നിന്ന് ഇൻഫീരിയർ വീന കാവയിലൂടെ തിരികെ വരുന്ന രക്തം ഈ ഓപ്പറേഷൻ വഴി ഇടത് ശ്വാസകോശത്തിലേക്ക് നയിക്കപ്പെടുന്നു. ശരീരത്തിന്റെ മുകൾ ഭാഗത്ത് നിന്ന് സുപ്പീരിയർ വീന കാവയിലൂടെ വരുന്ന രക്തം വലത് ശ്വാസകോശത്തിലേക്ക് നയിക്കപ്പെടുന്നു. ഈ ഓപ്പറേഷൻ വിജയിക്കണമെങ്കിൽ, രക്തപ്രവാഹം അനുവദിക്കുന്നതിന് ശ്വാസകോശ ധമനികളുടെ വലിപ്പം വലുതും അവയിലെ മർദ്ദം കുറവും ആയിരിക്കണം. കാരണം, ശ്വാസകോശത്തിലേക്ക് രക്തം പമ്പ് ചെയ്യാൻ ഫൊണ്ടാൻ സർക്യൂട്ടിൽ വലത് വെൻട്രിക്കിൾ പോലെയുള്ള പേശീ അറയില്ല. ശ്വാസകോശത്തിലേക്ക് രക്തം നിഷ്ക്രിയമായി ഒഴുകണം.
ദീർഘകാല ഫലങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1960-ലെ പ്രാരംഭ വിവരണം മുതൽ ഫൊണ്ടാൻ നടപടിക്രമത്തിന്റെ വിവിധ പരിഷ്കാരങ്ങൾ ഉപയോഗിച്ചുവരുന്നു. 1988-ൽ മാർക്ക് ഡി ലെവൽ വിവരിച്ച ടോട്ടൽ കാവോപൾമോണറി കണക്ഷൻ എന്നാണ് ഒരു പ്രധാന പരിഷ്കാരം. ഈ പ്രക്രിയയിൽ വലത് ഏട്രിയത്തിന്റെ ഒരു ഭാഗത്തോടൊപ്പം ശ്വാസകോശ ധമനികളിലേക്ക് രക്തം എത്തിക്കാൻ കൃത്രിമ ഗ്രാഫ്റ്റുകൾ ഉപയോഗിക്കുന്നു. നടപടിക്രമത്തിന്റെ മറ്റ് വ്യതിയാനങ്ങൾ അതേ ഫലം നേടുന്നതിന് ഹൃദയത്തിന് പുറത്ത് ഒരു ട്യൂബ് ഉപയോഗിച്ചേക്കാം. ഹൃദയത്തിന്റെ മറ്റ് തരത്തിലുള്ള ജനന വൈകല്യങ്ങൾക്കും ഫൊണ്ടാൻ ഓപ്പറേഷൻ ഉപയോഗിക്കുന്നു. ഈ വൈകല്യങ്ങൾ കാരണം ഒരു വെൻട്രിക്കിളിന് മാത്രമേ നന്നായി പ്രവർത്തിക്കാൻ കഴിയൂ. പ്രവർത്തനക്ഷമമായ വെൻട്രിക്കിൾ അയോർട്ടയിലേക്ക് രക്തം പമ്പ് ചെയ്യാനും ഫൊണ്ടാൻ സർക്യൂട്ട് ശ്വാസകോശത്തിലേക്ക് രക്തം കൊണ്ടുപോകാനും ഉപയോഗിക്കുന്നു.
ഫൊണ്ടാൻ ഓപ്പറേഷനു ശേഷമുള്ള ദീർഘകാല ഫോളോ-അപ്പ് മേയോ ക്ലിനിക്കിൽ നിന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1973 നും 2012 നും ഇടയിൽ പരിഷ്കരിച്ച ഫൊണ്ടാൻ ഓപ്പറേഷന് വിധേയരായ എല്ലാ രോഗികളുടെയും ഫലം അവർ അവലോകനം ചെയ്തു. ഡാറ്റാബേസിലെ 1052 രോഗികളുടെ 10 വർഷത്തെ അതിജീവനം 74% ആയിരുന്നു. 20 വർഷത്തെ അതിജീവനം 61% ഉം 30 വർഷത്തെ അതിജീവനം 43% ഉം ആയിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ഹൃദയത്തിന്റെ താളം സാധാരണ നിലയിലായിരുന്നെങ്കിൽ അതിജീവനം മെച്ചമായിരുന്നു.
പേസ്മേക്കർ സ്ഥാപിക്കൽ, ഫൊണ്ടാൻ സർക്യൂട്ട് റിവിഷൻ, വെൻട്രിക്കിളുകൾക്കിടയിലുള്ള വാൽവുകൾ മാറ്റിസ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്നിവയാണ് വീണ്ടും ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങൾ. ചില കാരണങ്ങളാൽ ഹൃദയമിടിപ്പ് കുറവായിരിക്കുമ്പോൾ മിടിപ്പ് വർദ്ധിപ്പിക്കാനായി ഹൃദയത്തിന് കൃത്യമായ വൈദ്യുത സിഗ്നലുകൾ നൽകാൻ ഉപയോഗിക്കുന്ന ഉപകരണമാണ് പേസ്മേക്കർ.
ഫൊണ്ടാൻ സർജറിക്ക് ശേഷമുള്ള ഒരു പ്രധാന ദീർഘകാല സങ്കീർണത, വൈകിയുണ്ടാകുന്ന ഹൃദയ താള ക്രമക്കേടുകളാണ്, ഇത് പകുതിയോളം രോഗികളിൽ സംഭവിക്കാം. ഒരു അപൂർവ സങ്കീർണത പ്രോട്ടീൻ നഷ്ടപ്പെടുന്ന എന്ററോപ്പതിയാണ്, അതിൽ പ്രോട്ടീൻ കുടലിൽ നിന്ന് നഷ്ടപ്പെടുന്നു. ശ്വാസകോശത്തിലെ മറ്റൊരു അപൂർവ പ്രശ്നത്തെ പ്ലാസ്റ്റിക് ബ്രോങ്കൈറ്റിസ് എന്ന് വിളിക്കുന്നു. ഫൊണ്ടാൻ രോഗികൾക്ക് രക്തം കട്ടപിടിക്കാനും രക്ത കട്ടകൾ ഒഴുകിപോയി മറ്റെവിടെയെങ്കിലും രക്തക്കുഴലുകൾ തടസപ്പെടുത്താനുമുള്ള സാധ്യത കൂടുതലാണ്. ഫൊണ്ടാൻ സർജറിക്ക് ദീർഘകാല സങ്കീർണതകൾ ഉണ്ടെങ്കിലും, സർജറി ഇല്ലാതെ, ആ രോഗികളുടെ അതിജീവനം വളരെ കുറവായിരിക്കുമെന്ന് ഓർക്കണം.
1980-നും 2000-നും ഇടയിൽ ഓപ്പറേഷൻ നടത്തിയ 305 രോഗികളുടെ മറ്റൊരു പരമ്പരയിൽ, പരിഷ്കരിച്ച ഫൊണ്ടാൻ സർജറിക്ക് ശേഷം 84% ഇരുപത് വർഷത്തെ അതിജീവനം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട പരിഷ്കരണങ്ങളിലൂടെ മെച്ചപ്പെട്ട അതിജീവനം അവർ നിരീക്ഷിച്ചു. 15 വർഷത്തെ അതിജീവനം ഒരു തരം പരിഷ്ക്കരണത്തിന് ശേഷം 81% ആയിരുന്നു, മറ്റൊരു പരിഷ്ക്കരണത്തിന് 94%വും. ഫൊണ്ടാൻ രക്തചംക്രമണം അടിസ്ഥാനപരമായി ഒരൊറ്റ വെൻട്രിക്കിൾ ഹൃദയമാണ്, ഈ വെൻട്രിക്കിൾ ശരീരത്തിലുടനീളം രക്തചംക്രമണത്തെ സഹായിക്കുന്നു. വലിയ സിരകളിൽ നിന്ന് ശ്വാസകോശത്തിലേക്കുള്ള ഒരു കണക്ഷനിലൂടെ ശ്വാസകോശത്തിലേക്ക് നിഷ്ക്രിയ രക്തപ്രവാഹം നടക്കുന്നു. നോർമൽ വ്യക്തിയിൽ ഈ ജോലി ചെയ്യുന്നത് വലത് വെൻട്രിക്കിളാണ്.