നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ എന്തുചെയ്യണം?
|നിങ്ങൾക്ക് ഹാർട്ട് അറ്റാക്ക് ഉണ്ടായാൽ എന്തുചെയ്യണം?
മയോകാർഡിയൽ ഇൻഫാർക്ഷൻ എന്നറിയപ്പെടുന്ന ഹൃദയാഘാത്തിൽ, ഹൃദയപേശികളിലെ ഒരു ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്നു. സാധാരണയായി ഈ ഭാഗത്തേക്ക് ഓക്സിജൻ ഉള്ള രക്തം വിതരണം ചെയ്യുന്ന ഒരു രക്തക്കുഴലിന്റെ പെട്ടെന്നുള്ള തടസ്സം മൂലമാണ് ഇത്. ഈ രക്തകുഴലിനെ കൊറോണറി ധമനി എന്ന് പറയുന്നു.
ഹൃദയ പേശികളിലേക്കുള്ള രക്തത്തിന്റെ വിതരണവും ആവശ്യവും തമ്മിലുള്ള പൊരുത്തക്കേട് മൂലവും ഹൃദയാഘാതം ഉണ്ടാകാമെങ്കിലും, നമുക്ക് പരിചിതമായ സാധാരണ ഹൃദയാഘാതം രക്തക്കുഴലിലെ തടസ്സം മൂലമാണ്. ഹൃദയാഘാതം ഹൃദയസ്തംഭനത്തിൽ നിന്ന് വ്യത്യസ്തമാണ്.
ഹൃദയസ്തംഭനത്തിൽ ഹൃദയമിടിപ്പ് നിലയ്ക്കും. ഹൃദയത്തിന്റെ പ്രവർത്തനം സ്വയമേവ അല്ലെങ്കിൽ കാർഡിയോപൾമോണറി റെസസിറ്റേഷൻ അഥവാ സിപിആർ വഴി വേഗത്തിൽ പുനഃസ്ഥാപിച്ചില്ലെങ്കിൽ അത് മരണത്തിന് തുല്യമാണ്.
ഹൃദയാഘാതത്തിന്റെ ഏറ്റവും പരിചിതമായ ലക്ഷണം കടുത്ത നെഞ്ചുവേദനയാണ്. പലപ്പോഴും വിയർപ്പ്, ക്ഷീണം, തലകറക്കം, ചിലപ്പോൾ ശ്വാസതടസ്സം എന്നിവയും ഉണ്ടാകാം. അപൂർവ്വമായി രോഗലക്ഷണങ്ങൾ ഉണ്ടാകില്ല, ഇത് ‘നിശബ്ദ ഹൃദയാഘാതം’ എന്ന് അറിയപ്പെടുന്നു.
ഹൃദയാഘാതമുള്ള ചില നിർഭാഗ്യവാന്മാർക്ക് ഹൃദയസ്തംഭനം ഉണ്ടാകുകയും പെട്ടെന്ന് മരിക്കുകയും ചെയ്യാം. ഹൃദയാഘാതത്തിൽ പെട്ടെന്നുള്ള മരണം പലപ്പോഴും ഹൃദയ താളത്തിലെ പെട്ടെന്നുള്ള വ്യതിയാനം മൂലമാണ്, ഇത് ഹൃദയത്തെ നിശ്ചലമാക്കുന്നു. ഇത് വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്ന് അറിയപ്പെടുന്നു.
ഹൃദയത്തെ വീണ്ടും പ്രവർത്തനക്ഷമമാക്കുന്ന ഡിഫിബ്രിലേറ്റർ എന്നറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് ഡയറക്ട് കറന്റ് ഷോക്ക് കൊടുത്ത് ഈ അസാധാരണ ഹൃദയതാളം ചികിത്സിക്കാം. ചുരുങ്ങിയ പരിശീലനം ലഭിച്ച വ്യക്തികൾക്ക് ഉപയോഗിക്കാനുള്ള ഒരു ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എഇഡി) ഇപ്പോൾ എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാളുകൾ തുടങ്ങി നിരവധി പൊതു സ്ഥലങ്ങളിൽ ലഭ്യമാണ്.
നിങ്ങൾക്ക് ഹൃദയാഘാതം ഉണ്ടെന്ന് തോന്നിയാൽ എന്തുചെയ്യണം? ഒന്നാമതായി, വിശ്രമിക്കുക, അടിയന്തിര സഹായത്തിനായി വിളിക്കുക എന്നതാണ്. അടിയന്തര ആംബുലൻസ് സേവനം ലഭ്യമായ പ്രദേശങ്ങളിൽ, അത് വിളിക്കണം. അടുത്തുള്ള ആശുപത്രിയിലേക്ക് പോകണം.
സുസജ്ജമായ ആംബുലൻസുകളിൽ, ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ രോഗനിർണയം നടത്താനും നേരത്തെയുള്ള ചികിത്സ ആരംഭിക്കാനും സാധിക്കും. പാരാമെഡിക്കിന്റെ പ്രാഥമിക വിലയിരുത്തലിനുശേഷം, ഒരു ഇസിജി രേഖപ്പെടുത്തുന്നു.
സൗകര്യം ലഭ്യമാണെങ്കിൽ, രോഗിയുടെ വരവിനു മുമ്പുതന്നെ തുടർനടപടികൾക്കായി ടീം തയ്യാറായിരിക്കുന്ന ആശുപത്രിയിലേക്ക് ഇസിജി അയക്കുന്നു.
സ്വയം ഓടിക്കുന്ന വാഹനത്തിൽ ആശുപത്രിയിലേക്ക് പോകുന്നത് അഭികാമ്യമല്ല. കാരണം വഴിയിൽ ചിലപ്പോൾ ഹൃദയസ്തംഭനം സംഭവിക്കാം.
മാത്രമല്ല, ആംബുലൻസിൽ എത്തുന്നത് അത്യാഹിത വിഭാഗത്തിലെ പരിചരണം വേഗത്തിലാക്കുന്നു. ആംബുലൻസിൽ യാത്ര ചെയ്യുമ്പോൾ ഗതാഗതക്കുരുക്ക് കുറവായിരിക്കും. ആംബുലൻസിൽ ലഭ്യമായ വൈദ്യസഹായത്തിന് പുറമേയാണിത്.