ക്ഷണികമായ ബ്ലാക്ക്ഔട്ടുകൾ (സിൻകോപ്പ്)
|ക്ഷണികമായ ബ്ലാക്ക്ഔട്ടുകൾ (സിൻകോപ്പ്)
ക്ഷണികമായ ബ്ലാക്ക്ഔട്ടുകൾ ഹൃദ്രോഗത്തിന്റെ ലക്ഷണമാകുമോ?
ക്ഷണികമായി ബോധം നഷ്ടപ്പെട്ട് വീഴുന്നതിനെ ‘സിൻകോപ്പ്’ എന്ന് വിളിക്കുന്നു. ഹൃദ്രോഗം ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ഇത് സംഭവിക്കാം.
ഹൃദ്രോഗം ഒഴികെയുള്ള കാരണങ്ങൾ ചിലതരം അപസ്മാരം, രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറവ് അഥവാ അനീമിയ, അല്ലെങ്കിൽ ഒരു ലളിതമായ ബോധക്ഷയം പോലും ആവാം. ഇതിൽ, ലളിതമായ ബോധക്ഷയം വാസോവേഗൽ സിൻകോപ്പ്, ന്യൂറോകാർഡിയോജനിക് സിൻകോപ്പ് എന്നീ പേരുകളാൽ അറിയപ്പെടുന്നു. ഏറ്റവും സാധാരണമായത് ഇതാണ്.
കുട്ടികളിൽ ഇത് വളരെ സാധാരണമാണ്, പ്രത്യേകിച്ച് ചൂടുകാലത്ത് സ്കൂൾ അസംബ്ലിയിൽ നിൽക്കുമ്പോൾ. ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടുന്നത് ഈ രൂപത്തിലുള്ള സിൻകോപ്പിന് കാരണമാകാം.
ഹൃദയസംബന്ധമായ അസുഖങ്ങൾ മൂലമുള്ള സിൻകോപ്പ് പല കാരണങ്ങളാൽ ഉണ്ടാകാം. ഏതെങ്കിലും ഹൃദയ വാൽവിലെ ഗുരുതരമായ തടസ്സം സിൻകോപ്പിന് കാരണമാകും, പ്രത്യേകിച്ച് കഠിനാധ്വാന സമയത്ത്, വ്യായാമത്തോടൊപ്പം രക്ത വിതരണത്തിനുള്ള അധിക ആവശ്യം നിറവേറ്റാൻ ഹൃദയത്തിന് കഴിയില്ല.
ശ്വാസകോശത്തിലെ രക്തക്കുഴലുകളിൽ ഉയർന്ന രക്തസമ്മർദ്ദം അഥവാ പൾമണറി ഹൈപ്പർടെൻഷൻ, സിൻകോപ്പിന്റെ അപൂർവമെങ്കിലും ഗുരുതരമായ കാരണമാണ്. കാലുകളിൽ നിന്നോ ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്നോ ഒഴുകിയെത്തുന്ന രക്ത കട്ടകൾ പെട്ടെന്ന് ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നത് ചിലപ്പോൾ സിൻകോപ്പിന് കാരണമാകാം.
സിൻകോപ്പിന് കാരണമാകുന്ന മറ്റൊരു പ്രധാന കൂട്ടം ഹൃദയ സംബന്ധമായ അസുഖങ്ങൾ ഹൃദയ താളത്തിലെ തകരാറുകളാണ്. വളരെ വേഗത്തിലുള്ള ഹൃദയ താളം അല്ലെങ്കിൽ വളരെ മന്ദഗതിയിലുള്ള ഹൃദയ താളം, രണ്ടും സിൻകോപ്പിന് കാരണമാകും. രണ്ട് സാഹചര്യങ്ങളിലും, തലച്ചോറിലേക്കുള്ള രക്തചംക്രമണം നന്നായി നിലനിർത്തുന്നതിന് ആവശ്യമായ അളവിൽ രക്തം പമ്പ് ചെയ്യാൻ ഹൃദയത്തിന് കഴിയില്ല.
ഒരു പമ്പ് എന്ന നിലയിൽ ഹൃദയത്തിന്റെ മോശം പ്രവർത്തനത്തിലേക്ക് നയിക്കുന്ന ഹൃദയപേശികളിലെ രോഗങ്ങൾ, കൂടുതലും അദ്ധ്വാന സമയത്ത്, സിൻകോപ്പിന് കാരണമാകും.
ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി പോലുള്ള ചില ഹൃദ്രോഗങ്ങളിൽ ഹൃദയപേശികളുടെ മൊത്തത്തിലുള്ള കട്ടിയാകകൽ താഴത്തെ അറയായ ഇടത് വെൻട്രിക്കിളിൽ നിന്ന് അയോർട്ടയിലേക്കുള്ള രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കാം. ശരീരത്തിലേക്ക് ഓക്‌സിജൻ അടങ്ങിയ രക്തം നൽകുന്ന ഏറ്റവും വലിയ രക്തക്കുഴലാണ് അയോർട്ട. ഈ തടസ്സവും സിൻകോപ്പിലേക്ക് നയിച്ചേക്കാം. സാധാരണയായി അദ്ധ്വാനത്തിനു ശേഷം വിശ്രമിക്കുമ്പോൾ ആണ് അത് സംഭവിക്കുന്നത്.
സിൻകോപ്പ് ഉള്ള ഒരു വ്യക്തിയിൽ എന്തെല്ലാം പരിശോധനകൾ നടത്താൻ സാധ്യതയുണ്ട്? സിൻകോപ്പ് ഉണ്ടായ വ്യക്തിയെ വിലയിരുത്തുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം സംഭവത്തിന്റെ വിശദമായ വിവരണവും ലഭ്യമാണെങ്കിൽ ഒരു ദൃക്‌സാക്ഷിയിൽ നിന്നുള്ള വിവരണവുമാണ്. സാധാരണയായി മൂല്യനിർണ്ണയത്തിന് ഒരു സംയുക്‌ത ടീം സമീപനം ആവശ്യമാണ്.
മിക്ക കേസുകളിലും ഹൃദയവുമായി ബന്ധപ്പെട്ടതും തലച്ചോറിനും ഞരമ്പുകൾക്കും വേണ്ടിയുള്ള ടെസ്റ്റുകളും ആവശ്യമായി വരും, എന്തുകൊണ്ടെന്നാൽ പലപ്പോഴും കാരണം വളരെ വ്യക്തമായിരിക്കില്ല. രോഗവിവരണം ഏതെങ്കിലും തരത്തിലുള്ള രോഗത്തിലേക്ക് വിരൽ ചൂണ്ടുന്നുവെങ്കിൽ, ആ ടെസ്റ്റുകൾക്ക് മുൻഗണന നൽകും.
അനീമിയ ഉണ്ടോ എന്നറിയാൻ രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് നോക്കാം. ബന്ധപ്പെട്ട പ്രധാനപ്പെട്ട അസുഖങ്ങൾ ഉണ്ടോ എന്നറിയാൻ അടിസ്ഥാന രക്തപരിശോധനയും നടത്താറുണ്ട്.
ഹൃദയവുമായി ബന്ധപ്പെട്ട പരിശോധനകളിൽ ഇസിജി, ഹൃദയത്തിന്റെ അൾട്രാസൗണ്ട് പരിശോധനയായ എക്കോകാർഡിയോഗ്രാം, 24 അല്ലെങ്കിൽ 48 മണിക്കൂർ ഹോൾട്ടർ ആംബുലറ്റോറി ഇസിജി നിരീക്ഷണം എന്നിവ ഉൾപ്പെട്ടേക്കാം.
മസ്തിഷ്കം, ഞരമ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളിൽ തലച്ചോറിന്റെ വൈദ്യുത പ്രവർത്തനത്തിന്റെ റെക്കോർഡിംഗ് ആയ ഇഇജി, ബ്രെയിൻ ഇമേജിംഗ് ടെസ്റ്റുകളായ കമ്പ്യൂട്ട് ടോമോഗ്രഫി അഥവാ സിടി സ്കാൻ, മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് അഥവാ എംആർഐ എന്നിവ ഉൾപ്പെട്ടേക്കാം. ഈ പ്രാഥമിക പരിശോധനകളുടെ ഫലത്തെ ആശ്രയിച്ചിരിക്കും പിന്നീടുള്ള വിശകലനം.