ക്രോണിക് കിഡ്നി ഡിസീസിൽ ഹാർട്ട് ഫെയ്ലർ
|ക്രോണിക് കിഡ്നി ഡിസീസിൽ ഹാർട്ട് ഫെയ്ലർ
ആഗോളതലത്തിൽ ജനങ്ങളുടെ പ്രായം വർദ്ധിക്കുന്നതിനാൽ ഹാർട്ട് ഫെയ്ലറിന്റെയും ക്രോണിക് കിഡ്നി ഡിസീസ് അഥവ സികെഡിയുടെയും വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വിട്ടുമാറാത്ത വൃക്കരോഗങ്ങളിൽ ഹാർട്ട് ഫെയ്ലർ കൂടുതലായി കാണപ്പെടുന്നു. ഹാർട്ട് ഫെയ്ലറിൽ സികെഡിയുടെ സാന്നിധ്യം രോഗാവസ്ഥയും മരണനിരക്കും വർദ്ധിപ്പിക്കുന്നു. പൊതുവെ ഹൃദ്രോഗികളിൽ ഫലപ്രദമായ മരുന്നുകളുടെയും ഹാർട്ട് ഫെയ്ലർ ഡിവൈസ് പോലുള്ള പ്രത്യേക ഉപകരണങ്ങളുടെയും ഉപയോഗം വർധിച്ചിട്ടുണ്ടെങ്കിലും, CKD ഉള്ളവർക്ക് വേണ്ടത്ര പ്രയോജനം ലഭിച്ചിട്ടില്ല.
CKD എന്നത് ആരോഗ്യത്തിന് പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന രീതിയിൽ 3 മാസത്തിൽ അധിക കാലമായി വൃക്കയുടെ ഘടനയിലോ പ്രവർത്തനത്തിലോ ഉള്ള തകരാറുകളാണ്. മൂത്രത്തിൽ ആൽബുമിൻ എന്നറിയപ്പെടുന്ന ഒരു പ്രോട്ടീൻ നഷ്ടപ്പെടുന്നത്, മൂത്രത്തിന്റെ സൂക്ഷ്മദർശിനിയിൽ കാണപ്പെടുന്ന തകരാറുകൾ, കിഡ്നി ബയോപ്സിയിൽ രേഖപ്പെടുത്തിയിരിക്കുന്ന തകരാറുകൾ, അൾട്രാസൗണ്ട് സ്കാനിംഗിലോ മറ്റ് ഇമേജിംഗ് ടെസ്റ്റുകളിലോ രേഖപ്പെടുത്തിയ വൃക്കകളുടെ ഘടനയിലെ തകരാറുകൾ എന്നിവ വൃക്ക തകരാറിന്റെ അടയാളങ്ങളിൽ ഉൾപ്പെടുന്നു.
ഡയാലിസിസ് ചെയ്യുന്നവർക്കും ഡയാലിസിസ് ആവശ്യമില്ലാത്ത വൃക്കരോഗമുള്ളവർക്കും ഹാർട്ട് ഫെയ്ലർ ഉണ്ടാകാം. സ്വാഭാവികമായും ഡയാലിസിസ് ചെയ്യുന്നവർക്ക് വൃക്കരോഗത്തിന്റെ തീവ്രത കൂടുതലായിരിക്കും. ഹാർട്ട് ഫെയ്ലറിൽ ഉപയോഗിക്കുന്ന പ്രധാന മരുന്നുകൾ ഹാർട്ട് ഫെയ്ലറും മിതമായ CKDയും ഉള്ളവരിലും ഉപയോഗിക്കാം. എന്നാൽ ഈ മരുന്നുകളിൽ ചിലത് രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്നതിനാൽ ജാഗ്രത ആവശ്യമാണ്. ചിലത് വൃക്കകളുടെ പ്രവർത്തനത്തെ ക്ഷണികമായി വഷളാക്കിയേക്കാം.
ഹാർട്ട് ഫെയ്ലറും വൃക്കരോഗവും കൂടിച്ചേരുമ്പോൾ ആവശ്യമായ മറ്റൊരു കൂട്ടം മരുന്നുകൾ മൂത്രത്തിന്റെ അളവ് വർദ്ധിപ്പിക്കുന്നവയാണ്, ഇവ ഡൈയൂററ്റിക്സ് എന്നറിയപ്പെടുന്നു. അധിക ജലാംശം നിലനിർത്തുന്നതിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പലപ്പോഴും ഈ മരുന്നുകളുടെ സംയോജനവും ഉയർന്ന ഡോസുകളും ഹാർട്ട് ഫെയ്ലറുള്ള സികെഡിയിൽ ആവശ്യമാണ്. ഈ സാഹചര്യത്തിൽ, വൃക്കകളുടെ പ്രവർത്തനം മോശമാകുന്നതിനും രക്തത്തിലെ സോഡിയം, പൊട്ടാസ്യം മുതലായ ഇലക്ട്രോലൈറ്റുകളുടെ വ്യെതിയാനകൾക്കും സൂക്ഷ്മ നിരീക്ഷണം ആവശ്യമാണ്.
ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോണിന്റെ ഉത്പാദനം വൃക്കയിൽനിന്നായതിനാൽ CKD ഉള്ളവർക്ക് പലപ്പോഴും അനീമിയ അഥവ ഹീമോഗ്ലോബിന്റെ അളവ് കുറയൽ ഉണ്ടാകാറുണ്ട്. ഇരുമ്പ് സത്ത് അടങ്ങിയ മരുന്നുകൾ ഇടയ്ക്കിടെ സിരകളിലൂടെ ഡ്രിപ്പായി നൽകുന്നത് സികെഡിയിലെ ഹാർട്ട് ഫെയ്ലർ മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതിന്റെ ആവശ്യകത ഗണ്യമായി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇരുമ്പ് സത്ത് അടങ്ങിയ മരുന്നുകൾ ഉപയോഗിച്ചുള്ള ചികിത്സ CKD ഉള്ള ഹാർട്ട് ഫെയ്ലറിന്റ രോഗലക്ഷണങ്ങൾ കുറക്കുന്നതിനും ഉപയോഗപ്രദമാണ്.
ശരിയായ സമയബന്ധിതമായ വൈദ്യുത സിഗ്നലുകൾ നൽകിക്കൊണ്ട് ഇടത് വെൻട്രിക്കിളിന്റെ വിവിധ ഭാഗങ്ങളുടെ സങ്കോചങ്ങളെ സമന്വയിപ്പിക്കുന്നതിനാൽ ഹാർട്ട് ഫെയ്ലർ ഡിവൈസിനെ കാർഡിയാക് റീസിൻക്രൊണൈസേഷൻ തെറാപ്പി എന്ന് വിളിക്കുന്നു. ഇടത് വെൻട്രിക്കിൾ ഹൃദയത്തിന്റെ താഴത്തെ അറയാണ്, ഇത് ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നു. ചർമ്മത്തിനടിയിൽ ഒരു ഉപകരണം സ്ഥാപിച്ച് ഹൃദയത്തിന്റെ മൂന്ന് അറകളിലേക്ക് സിരകളിലൂടെ കടത്തുന്ന മൂന്ന് ലീഡ് വയറുകളുമായി ബന്ധിപ്പിച്ചാണ് നടപടിക്രമം.
ഹൃദയത്തിന്റെ വൈദ്യുത റെക്കോർഡിങ്ങായ ഇസിജി, ഹൃദയത്തിന്റെ അൾട്രാസൗണ്ട് സ്കാൻ എക്കോകാർഡിയോഗ്രാം തുടങ്ങിയ പരിശോധനകൾ വഴി നിർണ്ണയിക്കുന്ന ഹാർട്ട് ഫെയ്ലറുള്ള അനുയോജ്യരായ രോഗികളിൽ മാത്രമേ വിലകൂടിയ ഹാർട്ട് ഫെയ്ലർ ഡിവൈസ് സ്ഥാപിക്കാൻ കഴിയൂ. ഈ ഉപകരണം CKD ഉള്ള ഹാർട്ട് ഫെയ്ലർ രോഗികളിൽ മരണനിരക്കും ആശുപത്രി പ്രവേശനവും കുറയ്ക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
CKD ഉള്ള രോഗികളിൽ ശരീരത്തിൽ നിന്ന് അധിക ജലാംശം നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു മാർഗ്ഗം പെരിറ്റോണിയൽ ഡയാലിസിസ് ആണ്. പെരിറ്റോണിയൽ ഡയാലിസിസിൽ, ഒരു ട്യൂബ് ഉപയോഗിച്ച് ഒരു പ്രത്യേക ഫ്ലൂയിഡ് വയറിനുള്ളിൽ ഇടുന്നു. കുടലിനു പുറത്തുള്ള വയറിന്റെ ആന്തരിക പാളിയാണ് പെരിറ്റോണിയം. പെരിറ്റോണിയത്തിന് പ്രത്യേക ഫ്ലൂയിഡിലേക്ക് അധിക ജലാംശം കൈമാറാൻ കഴിയും. ഏതാനും മണിക്കൂറുകൾക്ക് ശേഷം ഫ്ലൂയിഡ് പുറത്തെടുക്കുന്നു, മാലിന്യ ഉൽപ്പന്നങ്ങളും അധിക ജലാംശവും നീക്കം ചെയ്യപ്പെടുന്നു.
ഹോസ്പിറ്റലിൽ നിന്ന് പെരിറ്റോണിയൽ ഡയാലിസിസ് ട്യൂബ് ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ കെയർ ടേക്കർക്ക് ഇത് വീട്ടിൽ നിന്ന് തന്നെ ചെയ്യാം. എന്നാൽ ജലാംശം അമിതമായി നീക്കം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്, കാരണം അത് രക്തസമ്മർദ്ദം കുറയാൻ ഇടയാക്കും. ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശങ്ങൾ ഇക്കാര്യത്തിൽ പാലിക്കേണ്ടതുണ്ട്.
ഹാർട്ട് ഫെയ്ലറുള്ള CKD രോഗികളിൽ ശരീരത്തിൽ നിന്ന് അധിക ജലാംശം നീക്കം ചെയ്യുന്നതിനുള്ള മറ്റൊരു പ്രത്യേക മാർഗം, ആശുപത്രിയിൽ നിന്നോ ഡയാലിസിസ് സെന്ററിൽ നിന്നോ സാധാരണ ഡയാലിസിസ് സമയത്തുള്ള അൾട്രാഫിൽട്രേഷൻ ആണ്. ഡയാലിസിസ് മെംബ്രറെയ്നിൽ ഡയാലിസിസ് മെഷീൻ വഴി നെഗറ്റീവ് മർദ്ദം നൽകിയാണ് ഇത് ചെയ്യുന്നത്. രക്തസമ്മർദ്ദം കുറയാൻ ഇടയാക്കുന്ന അമിതമായ ജലാംശം നീക്കം ചെയ്യൽ ഉണ്ടാകാതിരിക്കാൻ ഈ സാഹചര്യത്തിലും അതേ ജാഗ്രത ആവശ്യമാണ്.