എന്താണ് വൈറ്റ് കോട്ട് സിൻഡ്രോം?
|എന്താണ് വൈറ്റ് കോട്ട് സിൻഡ്രോം?
ചില വ്യക്തികൾക്ക് വീട്ടിൽ രേഖപ്പെടുത്തുന്നതിനേക്കാൾ ഉയർന്ന രക്തസമ്മർദ്ദം ഹോസ്പിറ്റലിൽ രേഖപ്പെടുത്തുമ്പോൾ, ഇതിനെ വൈറ്റ് കോട്ട് സിൻഡ്രോം, വൈറ്റ് കോട്ട് ഇഫക്റ്റ്, വൈറ്റ് കോട്ട് ഹൈപ്പർടെൻഷൻ എന്നിങ്ങനെ വിളിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ സാങ്കേതിക പദമാണ് ഹൈപ്പർടെൻഷൻ. വൈറ്റ് കോട്ട് സിൻഡ്രോം രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്ന ആശുപത്രി സജ്ജീകരണത്തിലുള്ള വ്യക്തിയുടെ ഉത്കണ്ഠ മൂലമാണെന്ന് കരുതപ്പെടുന്നു. ഡോക്ടർമാർ ധരിക്കുന്ന വെളുത്ത കോട്ടിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം.
ഉപദ്രവകരമല്ലെന്ന് കരുതിയിരുന്നെങ്കിലും, വീട്ടിലും ആശുപത്രിയിലും സ്ഥിരമായ ഉയർന്ന രക്തസമ്മർദ്ദം രേഖപെടുത്തുന്നവരെപ്പോലെ അവർക്കും ഹൃദയ, രക്തക്കുഴൽ രോഗങ്ങൾ വരാനുള്ള സാധ്യതയുണ്ടെന്ന് ഇപ്പോൾ ഒരു കാഴ്ചപ്പാട് ഉണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ എപ്പോഴും ഉയർന്ന രക്തസമ്മർദ്ദമുള്ള ഒരു വ്യക്തിക്ക് രക്തസമ്മർദ്ദം മൂലമുണ്ടാകാവുന്ന മറ്റു തകരാറുകൾ കാണാത്തപ്പോൾ വൈറ്റ് കോട്ട് സിൻഡ്രോം സംശയിക്കുന്നു.
ഉയർന്ന രക്തസമ്മർദ്ദം മൂലം സാധാരണയായി ഉണ്ടാകാവുന്നത് ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ തകരാറുകളാണ്. ഇതിനെപറ്റി പമ്പ് പരാജയപ്പെടാം, പൈപ്പുകൾ പൊട്ടാം, ഫിൽട്ടർ ചോർന്നേക്കാം എന്നൊരു ചൊല്ലുണ്ട്. രക്തസമ്മർദ്ദം വളരെ ഉയർന്നാൽ രക്തം പമ്പ് ചെയ്യുന്ന ഹൃദയം പരാജയപ്പെടാം എന്നായിരുന്നു അതിലൊന്ന്. പൈപ്പുകൾ പൊട്ടുന്നത് അർത്ഥമാക്കുന്നത് ചെറിയ രക്തക്കുഴലുകൾ, പ്രത്യേകിച്ച് മസ്തിഷ്കത്തിൽ, തകരുകയും, ചുറ്റുമുള്ള മസ്തിഷ്ക ഭാഗത്തിന് കേടുപാടുകൾ സംഭവിക്കുന്നത് മൂലം സ്ട്രോക്ക് അഥവ പക്ഷാഘാതം ഉണ്ടാകുകയും ചെയ്യും എന്നാണ്. ഉയർന്ന രക്തസമ്മർദ്ദം മൂലം വൃക്കകൾ തകരാറിലാകുമ്പോൾ പ്രോട്ടീനുകൾ മൂത്രത്തിൽ നഷ്ടപ്പെടാൻ തുടങ്ങും എന്നാണ് ഫിൽറ്റർ ചോർന്നേക്കാം എന്ന് പറഞ്ഞതിനർത്ഥം. ഉയർന്ന രക്തസമ്മർദ്ദം മൂലം കണ്ണിലെ രക്തക്കുഴലുകൾക്കും കേടുപാടുകൾ സംഭവിക്കാം.
വൈറ്റ് കോട്ട് ഹൈപ്പർടെൻഷന് വിപരീതമായ ഒരു അവസ്ഥയുമുണ്ട്. അത് മാസ്ക്ഡ് ഹൈപ്പർടെൻഷനാണ്, ആശുപത്രിയിൽ നോർമൽ രക്ത സമ്മർദ്ദം രേഖപ്പെടുത്തുന്നു, ആശുപത്രിക്ക് പുറത്ത് നിരവധി തവണ ഉയർന്ന രക്ത സമ്മർദ്ദം രേഖപ്പെടുത്തപ്പെടുന്നു. സ്ഥിരമായ രക്താതിമർദ്ദത്തിന് സമാനമായ അപകടസാധ്യത മാസ്ക്ഡ് ഹൈപ്പർടെൻഷനും ഉണ്ട്. ഈ രണ്ട് അവസ്ഥകളിലെയും ഒരു പ്രധാന പരിശോധന 24 മണിക്കൂർ ആംബുലേറ്ററി രക്തസമ്മർദ്ദ നിരീക്ഷണമാണ്. ഇത് പകൽ സമയത്തെ ശരാശരി രക്തസമ്മർദ്ദവും രാത്രിയിലെ ശരാശരി രക്തസമ്മർദ്ദവും കണക്കാക്കും.
ടാർഗെറ്റ് അവയവങ്ങളുടെ കേടുപാടുകളും അനുബന്ധ അപകടസാധ്യതകളും കാഷ്വൽ റെക്കോർഡിംഗുകളേക്കാൾ ശരാശരി രക്തസമ്മർദ്ദത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. സാധാരണ വ്യക്തികൾക്ക് പകലിനേക്കാൾ രാത്രിയിൽ രക്തസമ്മർദ്ദം കുറവാണ്. ഉറക്കത്തിൽ രക്തസമ്മർദ്ദം കുറയാത്തവരെ ‘നോൺ-ഡിപ്പർമാർ’ എന്ന് വിളിക്കുന്നു. നോൺ-ഡിപ്പർമാർക്ക് ഉയർന്ന അപകടസാധ്യതയുണ്ടെന്ന് കരുതപ്പെടുന്നു.
രക്തസമ്മർദ്ദം രേഖപ്പെടുത്തുമ്പോൾ, റെക്കോർഡിംഗിന് മുമ്പ് ഏകദേശം 20 – 30 മിനിറ്റ് നേരത്തേക്ക് നിങ്ങൾ വിശ്രമിച്ചിരിക്കണം. വ്യായാമം സാധാരണയായി എല്ലാ വ്യക്തികളിലും രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനാലാണിത്. ഉയർന്ന രക്തസമ്മർദ്ദം ശ്രദ്ധയിൽപ്പെടുമ്പോഴെല്ലാം, ഉത്കണ്ഠയോ അല്ലെങ്കിൽ നടന്നു വന്ന ഉടനെ ആയത് കൊണ്ടുണ്ടായ ക്ഷണികമായ വർദ്ധനയോ അല്ലെന്ന് ഉറപ്പാക്കാൻ, കുറച്ച് സമയത്തിന് ശേഷം വീണ്ടും നോക്കുന്നു. മിക്കപ്പോളും രണ്ടാമത്തെ റെക്കോർഡിങ് കുറവായിരിക്കും. റെക്കോർഡിംഗിന് 30 മിനിറ്റ് മുമ്പെങ്കിലും കഫീൻ അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കിയിരിക്കണം.