എന്താണ് മയോകാർഡിയൽ ബ്രിഡ്ജ്?

എന്താണ് മയോകാർഡിയൽ ബ്രിഡ്ജ്?

സാധാരണയായി കൊറോണറി ധമനികൾ മയോകാർഡിയത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്. ഹൃദയത്തിലേക്ക് ഓക്സിജൻ അടങ്ങിയ രക്തം വിതരണം ചെയ്യുന്ന രക്തക്കുഴലുകളാണ് കൊറോണറി ആർട്ടറികൾ. മയോകാർഡിയം എന്നാൽ ഹൃദയപേശികൾ എന്നാണ് അർത്ഥമാക്കുന്നത്. ചിലപ്പോൾ കൊറോണറി ആർട്ടറിയുടെ ഒരു ഭാഗം മയോകാർഡിയത്തിലൂടെ കടന്നുപോകുന്നു. ഇത് ഹൃദയപേശികൾ ചുരുങ്ങുമ്പോൾ ആ ഭാഗത്തെ സങ്കോചത്തിന് കാരണമാകുന്നു, ഇത് മയോകാർഡിയൽ ബ്രിഡ്ജിംഗ് എന്നറിയപ്പെടുന്നു. ഹൃദയപേശികൾ സങ്കോചിക്കുമ്പോൾ കൊറോണറി ആർട്ടറിയുടെ ഒരു ഭാഗത്തിന്റെ ചുരുങ്ങൽ ആയി മയോകാർഡിയൽ ബ്രിഡ്ജിംഗ് തിരിച്ചറിയാം. സങ്കോചത്തിന് ശേഷം ഹൃദയപേശികൾ വികസിക്കുമ്പോൾ ഈ  ഭാഗം  സാധാരണ നിലയിലാകുന്നു.

എന്താണ് മയോകാർഡിയൽ ബ്രിഡ്ജ്
എന്താണ് മയോകാർഡിയൽ ബ്രിഡ്ജ്?

സാധാരണയായി മയോകാർഡിയൽ ബ്രിഡ്ജുകൾ ഹൃദയപേശികളിലേക്കുള്ള രക്തവിതരണം കുറയുന്നതിന് കാരണമാകില്ല, കാരണം സാധാരണയായി ഹൃദയപേശികൾ വികസിക്കുമ്പോൾ മാത്രമേ പേശികളിലേക്കുള്ള രക്തപ്രവാഹം ഉണ്ടാകൂ. എന്നാലും, ചിലപ്പോൾ മയോകാർഡിയൽ ബ്രിഡ്ജുകൾ ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും നെഞ്ചുവേദനയ്ക്ക് കാരണമാവുകയും ചെയ്യും. അപൂർവ്വമായി ഇതിന് ആവർത്തിച്ചുള്ള ആശുപത്രി പ്രവേശനം ആവശ്യമായി വന്നേക്കാം. വളരെ അപൂർവ്വമായി ഹൃദയാഘാതം അല്ലെങ്കിൽ ജീവൻ അപകടപ്പെടുത്തുന്ന ഹൃദയ താള തകരാറുകളും സംഭവിക്കാം. കൊറോണറി വാസോസ്പാസ്ം എന്നറിയപ്പെടുന്ന കൊറോണറി ധമനിയുടെ സങ്കോചങ്ങളുമായി ബന്ധപ്പെട്ട് നീണ്ട മയോകാർഡിയൽ ബ്രിഡ്ജ് ഉള്ളവരിൽ അപകടസാധ്യത കൂടുതലാണ്.

ദൈർഘ്യമേറിയതും കട്ടിയുള്ളതുമായ മയോകാർഡിയൽ ബ്രിഡ്ജുകൾ ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ സാധാരണ തരത്തിലുള്ള ഭാഗിക ബ്ലോക്കുകളുമായി ബന്ധപ്പെട്ടിരിക്കാം. മയോകാർഡിയൽ ബ്രിഡ്ജിന്റെ പ്രദേശത്തിന് മുമ്പുള്ള ഭാഗങ്ങളിൽ ബ്ലോക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗിക ബ്ലോക്കുകൾ പിന്നീട് പൂർണ്ണ ബ്ലോക്കുകളായി മാറുകയും ഹൃദയാഘാതത്തിന് കാരണമാവുകയും ചെയ്യാം. ഈ സാഹചര്യത്തിൽ, ഉയർന്ന പ്രാധാന്യമുള്ള കൊറോണറി ആർട്ടറിയുടെ ഒരു വലിയ ഭാഗത്ത് ബ്ലോക്ക് സംഭവിക്കുന്നു.

സാധാരണയായി മയോകാർഡിയൽ ബ്രിഡ്ജുകൾ വെറുതെ വിടുകയാണ് പതിവ്. ചില സന്ദർഭങ്ങളിൽ ഹൃദയം സങ്കോചിക്കുമ്പോൾ രക്തക്കുഴൽ അടയുന്നത് തടയാൻ ഒരു സ്റ്റെന്റ് ഇടേണ്ടി വന്നേക്കാം. രക്തക്കുഴലുകൾ അടഞ്ഞു പോകാതിരിക്കാൻ അവക്കുള്ളിൽ നിക്ഷേപിക്കുന്ന സ്പ്രിങ് പോലെയുള്ള ലോഹ ഭാഗമാണ് സ്റ്റെന്റ്. ഇവ ബലൂണ് കത്തീറ്ററുകൾ ഉപയോഗിച്ചാണ് നിക്ഷേപിക്കുന്നത്. ബലൂണ് കത്തീറ്ററുകൾ രക്ത കുഴലുകൾ വഴിയാണ് ഹൃദയധമനിയിലേക്ക് കടത്തുന്നത്.

പരിശോധനകളിലൂടെ ഹൃദയപേശികളിലേക്കുള്ള രക്ത വിതരണം കുറയുന്നതിന്റെ ലക്ഷണങ്ങളും തെളിവുകളും ഉള്ളവരിൽ മറ്റൊരു ഓപ്ഷൻ കൊറോണറി ആർട്ടറി ബൈപാസ് സർജറി (CABG) ആണ്. ഈ രണ്ട് ഓപ്ഷനുകളും മയോകാർഡിയൽ ബ്രിഡ്ജിന് വളരെ അപൂർവമായി മാത്രമേ ആവശ്യമുള്ളൂ. മിക്ക മയോകാർഡിയൽ ബ്രിഡ്ജുകളും കൊറോണറി ആൻജിയോഗ്രാഫിയിൽ ആകസ്മികമായ കണ്ടെത്തലായി കണക്കാക്കപ്പെടുന്നു.