വ്യായാമം ഹൃദ്രോഗം എങ്ങനെയാണ് തടയുന്നത്?
|വ്യായാമം ഹൃദ്രോഗം എങ്ങനെയാണ് തടയുന്നത്?
ഹൃദ്രോഗശാസ്ത്രരംഗത്തെ നിരവധി പ്രമുഖരെ പഠിപ്പിച്ചിട്ടുള്ള ഡോ. പോൾ ഡഡ്ലി വൈറ്റ്, എൺപതിനുമുമ്പ് ഹൃദ്രോഗം നമ്മുടെ തെറ്റാണെന്നും ദൈവഹിതമോ പ്രകൃതിയുടെ ഇഷ്ടമോ അല്ലെന്നും ഒരിക്കൽ എഴുതിയിട്ടുണ്ട്. ഇതിനർത്ഥം, ഹൃദ്രോഗം തടയുന്നതിൽ ജീവിതശൈലി പരിഷ്ക്കരണത്തിന്റെ പങ്ക് അദ്ദേഹം പണ്ടേ തിരിച്ചറിഞ്ഞിരുന്നു എന്നാണ്. ഹൃദ്രോഗം തടയുന്നതിനോ വൈകിക്കുന്നതിനോ എല്ലാവർക്കും സ്വീകരിക്കാവുന്ന പ്രധാന ജീവിതശൈലി പരിഷ്ക്കരണങ്ങളിൽ ഒന്നാണ് ചിട്ടയായ രീതിയിലുള്ള വ്യായാമം. വ്യായാമം പലവിധത്തിൽ സഹായിക്കുന്നു.
ചിട്ടയായ വ്യായാമം ശരീരത്തെ കണ്ടിഷൻ ചെയ്യുന്നു, അതുവഴി പ്രയത്ന ശേഷിയും ശ്വാസകോശത്തിന്റെയും പേശികളുടെയും പ്രവർത്തനവും മെച്ചപ്പെടുന്നു. അതുപോലെ നമ്മുടെ മാനസിക ഉല്ലാസവും. തീർച്ചയായും, വ്യായാമം അധിക കലോറികൾ കത്തിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യുന്നു, ഇത് കൊഴുപ്പ് നിക്ഷേപം കുറയ്ക്കുന്നതാണ്. കൊഴുപ്പ് നിക്ഷേപം കുറയുന്നത് നമ്മുടെ രക്തക്കുഴലുകളിൽ ബ്ലോക്ക് രൂപീകരണ പ്രക്രിയ മന്നഗതിയിലാക്കും.
സ്ഥിരമായ വ്യായാമം ദീർഘകാലാടിസ്ഥാനത്തിൽ രക്തസമ്മർദ്ദം കുറയ്ക്കും. നമ്മൾ വ്യായാമം ചെയ്യുന്ന സമയത്ത് താത്കാലികമായി രക്തസമ്മർദ്ദം ഉയരുന്നുണ്ടെങ്കിലും, ദീർഘകാലാടിസ്ഥാനത്തിൽ വ്യായാമം വിശ്രമിക്കുന്ന സമയത്തെ രക്തസമ്മർദ്ദം കുറയ്ക്കുന്നു. രക്തസമ്മർദ്ദം കുറയുന്നത് ഹൃദയത്തിന് ജോലിഭാരം കുറയ്ക്കുകയും ഹൃദയപേശികൾ കട്ടിയാകാനും ഹാർട്ട് ഫെയ്ലറിനുമുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
പതിവായി വ്യായാമം ചെയ്യുമ്പോൾ രക്തത്തിലെ ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവ എച്ച്ഡിഎൽ കൊളസ്ട്രോൾ വർദ്ധിക്കുന്നു. ഹൃദ്രോഗത്തിൽ നിന്ന് നമ്മെ സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോളാണ് എച്ച്ഡിഎൽ കൊളസ്ട്രോൾ. മോശം കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവ എൽഡിഎൽ കൊളസ്ട്രോൾ പതിവായി വ്യായാമം ചെയ്യുമ്പോൾ കുറയുന്നു, അതും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷണം നൽകുന്നു.