കുറച്ച് വ്യായാമം തീരെ വ്യായാമം ഇല്ലാത്തതിനേക്കാൾ മെച്ചം
|കുറച്ച് വ്യായാമം തീരെ വ്യായാമം ഇല്ലാത്തതിനേക്കാൾ മെച്ചം
വ്യായാമം ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഒരു പ്രധാന ചോദ്യം എത്രത്തോളം വ്യായാമം മതിയാകും എന്നതാണ്.
കർക്കശമായ വ്യായാമ ഷെഡ്യൂളുകൾ തുടരാൻ നിങ്ങൾക്ക് സമയം കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ കുറച്ച് വ്യായാമം ചെയ്യുന്നതിൽ എന്തെങ്കിലും പ്രയോജനമുണ്ടോ? ജേക്കബും സഹപ്രവർത്തകരും ഇത് വിലയിരുത്തുകയും അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മുൻനിര ജേണലായ സർക്കുലേഷനിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
1995 മുതൽ ഈ വശം അഭിസംബോധന ചെയ്യുന്ന ഏകദേശം 3200 പഠനങ്ങൾ വിലയിരുത്തിയ ശേഷം, അവയിൽ 33 നല്ല നിലവാരമുള്ള പഠനങ്ങൾ അവരുടെ വിശകലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പഠനങ്ങളിൽ ഒമ്പതിന് ഒഴിവുസമയങ്ങളിലെ ശാരീരിക വ്യായാമത്തിൻറെ അളവിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നു.
ആഴ്ചയിൽ 150 മിനിറ്റ് മിതമായ തീവ്രതയുള്ള ഒഴിവുസമയ വ്യായാമങ്ങളിൽ ഏർപ്പെടുന്നവർക്ക് ഹൃദയത്തിന്റെ രക്തക്കുഴലുകളിൽ ബ്ലോക്കുകൾ ഉണ്ടാകുന്ന കൊറോണറി ഹൃദ്രോഗത്തിനുള്ള സാധ്യത 14% കുറവായിരുന്നു. വ്യായാമ ദൈർഗ്യം 300 മിനിറ്റ് ആയിരുന്നെങ്കിൽ, ഹൃദ്രോഗത്തിനുള്ള സാധ്യത 20% കുറവായിരുന്നു.
അതിലും ഉയർന്ന തലത്തിലുള്ള വ്യായാമത്താൽ ഒരു ചെറിയ കുറവു കൂടി അധികം ഉണ്ടായിരുന്നു. ശുപാർശ ചെയ്യപ്പെടുന്ന ആഴ്ചയിൽ 150 മിനിറ്റ് വ്യായാമത്തിൽ താഴെയുള്ളവർക്കും തീരെ വ്യായാമമില്ലാത്തവരെക്കാളും കൊറോണറി ഹൃദ്രോഗ സാധ്യത ശരിക്കും കുറവായിരുന്നു.
കുറച്ച് വ്യായാമം ഒന്നുമില്ലാത്തതിനേക്കാൾ മികച്ചതാണെന്നും കൂടുതൽ വ്യായാമം കൊണ്ട് അധിക നേട്ടങ്ങൾ ഉണ്ടാകുമെന്നും ഈ റിപ്പോർട്ട് വ്യെക്തമാക്കുന്നു. അതിനാൽ, നിങ്ങൾ എന്താണ് കാത്തിരിക്കുന്നത്? നിങ്ങൾക്ക് സ്വീകാര്യമായ ഫിറ്റ്നസ് വ്യായാമം ഉടൻ ആരംഭിക്കു!