കാൻസറിനുള്ള ചികിത്സ ഹൃദയത്തെ ബാധിക്കുമൊ?

കാൻസറിനുള്ള ചികിത്സ ഹൃദയത്തെ ബാധിക്കുമൊ?

കാൻസർ ചികിത്സ ഹൃദയത്തെ പ്രധാനമായും രണ്ട് തരത്തിൽ ബാധിക്കാം. കാൻസറിന് നൽകുന്ന ചില മരുന്നുകൾ ഹൃദയത്തെ ബാധിക്കാം. ഹൃദയത്തിന് അടുത്തുള്ള അവയവങ്ങളിലെ കാൻസറിന് നൽകുന്ന റേഡിയേഷൻ കാരണം ഹൃദയത്തിന് ആവശ്യമില്ലാത്ത റേഡിയേഷൻ ലഭിക്കാം.


കാൻസർ ചികിത്സ മൂലം ഹൃദയത്തിന്റെ പ്രവർത്തനം തകരാറിലാകാനുള്ള ഏറ്റവും സാധാരണമായ കാരണം ആന്ത്രാസൈക്ലിൻസ് എന്ന ഒരു കൂട്ടം മരുന്നുകൾ ഉപയോഗിച്ചുള്ള കീമോതെറാപ്പിയാണ്. ഈ ഗ്രൂപ്പിലെ മരുന്നുകളിൽ ഒന്നാണ് അഡ്രിയാമൈസിൻ. മറ്റ് അനുബന്ധ മരുന്നുകളും ഉണ്ട്.
മറ്റ് തരത്തിലുള്ള കീമോതെറാപ്പി മരുന്നുകളും ഹൃദയപേശികളെ തകരാറിലാക്കാം. ചിലതരം കീമോതെറാപ്പി മരുന്നുകൾ ഹൃദയത്തിന്റെ രക്ത ധമനികളെ ബാധിക്കാം.


അതിനാൽ ഈ മരുന്നുകൾ ഉപയോഗിച്ചുള്ള കാൻസർ കീമോതെറാപ്പിക്ക് മുമ്പ് ഹൃദയത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള വിലയിരുത്തൽ പതിവായി നടത്താറുണ്ട്. ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നത് ചികിത്സയുടെ തുടക്കത്തിലോ പിന്നീടോ സംഭവിക്കാം. അപൂർവ്വമാണെങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷവും രേഖപ്പെടുത്തിയിട്ടുണ്ട്. മിക്കപ്പോഴും ഇത് മരുന്നുകളുടെ ഡോസുമായി ഒരു പരിധിവരെ ബന്ധപ്പെട്ടിരിക്കുന്നു, മൊത്തം ഡോസ് വർദ്ധിക്കുന്നതിനനുസരിച്ച് സാധ്യത വർദ്ധിക്കുന്നു.
ഹൃദയപേശികളിൽ റേഡിയേഷന്റെ സ്വാധീനം റെസ്ട്രിക്ടിവ് കാർഡിയോമയോപ്പതി എന്നറിയപ്പെടുന്ന ഹൃദയപേശികളുടെ രോഗത്തിന് കാരണമാകാം. ചിലപ്പോൾ ഹൃദയത്തിന്റെ അവരണത്തെ ബാധിച്ച് കൺസ്ട്രിക്റ്റീവ്വ് പെരികാർഡിറ്റിസ് എന്നറിയപ്പെടുന്ന അവസ്ഥയ്ക്ക് കാരണമാകും.


കൂടാതെ വികിരണം മൂലം ഹൃദയത്തിന്റെ രക്ത ധമനികൾക്കും ചിലപ്പോൾ ഹൃദയത്തിനുള്ളിലെ വാൽവുകൾക്കും കേടുപാടുകൾ സംഭവിക്കാം. ഹൃദയത്തിന്റെ വലതുഭാഗത്തുള്ളതിനേക്കാൾ ഇടത് വശത്തുള്ള ഹൃദയ വാൽവുകൾ പലപ്പോഴും കൂടുതലായി ബാധിക്കപ്പെടുന്നു.
റേഡിയേഷനും കീമോതെറാപ്പിയും ഒരേ വ്യക്തിക്ക് നൽകുമ്പോൾ, ഹൃദയത്തിന് കേടുപാടുകൾ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ കാൻസർ പോലെയുള്ള ജീവൻ അപകടപ്പെടുത്താൻ സാധ്യതയുള്ള ഒരു രോഗത്തിന് ചികിത്സ നിഷേധിക്കണമെന്ന് ഇതിനർത്ഥമില്ല.
കേടുപാടുകൾ കുറയ്ക്കുന്നതിന് മതിയായ മുൻകരുതലുകൾ എടുക്കാം, നേരത്തെയുള്ള കണ്ടെത്തലിനുള്ള നിരീക്ഷണം നേരത്തെയുള്ള ചികിത്സയ്ക്ക് സഹായിക്കും. ആധുനിക റേഡിയേഷൻ ഉപകരണങ്ങൾക്ക് ഹൃദയത്തിന് കേടുപാടുകൾ സംഭവിക്കുന്നത് ഒഴിവാക്കിക്കൊണ്ട് കാൻസർ കോശങ്ങളിലേക്ക് റേഡിയേഷൻ ബീം കേന്ദ്രീകരിക്കുന്ന പ്രത്യേക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഹൃദയത്തിന്റെ കൊളാറ്ററൽ കേടുപാടുകൾ കുറയ്ക്കാൻ കഴിയും.