ഇസിജി റെക്കോർഡിംഗിലെ സാങ്കേതിക തകരാറുകൾ

ഇസിജി റെക്കോർഡിംഗിലെ സാങ്കേതിക തകരാറുകൾ

ഹൃദയാഘാതം കണ്ടുപിടിക്കുന്നതിനും മറ്റ് പല ഹൃദ്രോഗങ്ങളിലും പ്രധാനപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വ്യാപകമായി ലഭ്യമായ ഒരു ലളിതമായ പരിശോധനയാണ് ഇസിജി.


ചിലപ്പോൾ റെക്കോർഡിംഗ് സമയത്തുള്ള മനുഷ്യസഹജമായ പിശകുകൾ വ്യാഖ്യാനത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. റെക്കോർഡിംഗിനായി ഉപയോഗിക്കുന്ന ഇസിജി ഇലക്‌ട്രോഡുകളുടെ തെറ്റായ സ്ഥാനമാണ് ഏറ്റവും സാധാരണമായ പിശക്.
ഇതിൽ, ഏറ്റവും സാധാരണമായത് വലതു കൈയ്ക്കുവേണ്ടിയുള്ള ഇലക്ട്രോഡ് ഇടത് കൈയിലും തിരിച്ചും സ്ഥാപിക്കുന്നതാണ്. ഇത് പോസിറ്റീവ് ആവേണ്ട ഇസിജി തരംഗങ്ങൾ നെഗറ്റീവ് ആക്കും.


ഹൃദയം നെഞ്ചിന്റെ വലതുവശത്തുള്ള ജനന വൈകല്യങ്ങളിലും ഇതേ പാറ്റേൺ സംഭവിക്കാം. ചെസ്റ്റ് ലീഡുകളിൽ നിന്നുള്ള റെക്കോർഡിംഗുകൾ പരിശോധിച്ച് ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. ഇലെക്ട്രോഡ് സ്ഥാനം മാറിയതാണെങ്കിൽ ലിംബ് ലീഡിൽ മാത്രമേ മാറ്റം കാണു. നോർമൽ ഇസിജി ഇവിടെ കാണിച്ചിരിക്കുന്നു. സംശയം തോന്നുമ്പോൾ ഡോക്ടറുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ ഇസിജി റെക്കോർഡ് ചെയ്യുന്നതിലൂടെ റെക്കോർഡിംഗ് സമയത്തെ പിശകുകൾ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.


സമീപത്ത് ശക്തമായ വൈദ്യുത സിഗ്നലുകളുടെ ഉറവിടമുണ്ടെങ്കിൽ, അത് ഇസിജി ബേസ്‌ലൈനിൽ 50 ഹെർട്സ് ആൾട്ടർനേറ്റിംഗ് കറന്റ് ട്രെയ്‌സിംഗ് ആയി കാണിക്കും.
വൈദ്യുതിയിൽ പ്രവർത്തിക്കുന്ന നിരവധി ഉപകരണങ്ങൾ വ്യക്തിയുമായി ബന്ധിപ്പിച്ചിരിക്കുന്ന തീവ്രപരിചരണ വിഭാഗങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള ലളിതമായ മാർഗ്ഗം സമീപത്തെ മറ്റെല്ലാ ഇലക്ട്രിക്കൽ ഉപകരണങ്ങളും താൽക്കാലികമായി ഓഫ് ചെയ്യുകയും ഇസിജി മെഷീൻ ബാറ്ററിയിൽ പ്രവർത്തിപ്പിക്കുകയും ചെയ്യുക എന്നതാണ്.


പേശികളിൽ നിന്നുള്ള വൈദ്യുത പ്രവർത്തനം രേഖപ്പെടുത്തുന്നത് മൂലമുണ്ടാകുന്ന പിഴവുകൾ അസ്വസ്ഥതയോ, ഉത്കണ്ഠയോ, വിറയലോ ഉള്ളവരിൽ സംഭവിക്കാം. ഇത് അധികമാണെങ്കിൽ ഉറക്കത്തിലോ മയക്കത്തിലോ ഇസിജി എടുക്കാവുന്നതാണ്. കുട്ടികളുടെ കാര്യത്തിൽ മിക്കപ്പോഴും ഇതാണ് സ്ഥിതി.