ഹോൾട്ടർ മോണിറ്ററിങ് എന്താണ്?
|ഹോൾട്ടർ മോണിറ്ററിങ് എന്താണ്?
സാധാരണ ഇസിജി ചുരുങ്ങിയ സമയത്തിനുള്ളിൽ രേഖപ്പെടുത്തുന്നു, ഏകദേശം ഒരു മിനിറ്റിനുള്ളിൽ. ചില തകരാറുകൾ റെക്കോർഡിംഗിന്റെ ഈ ചെറിയ കാലയളവിൽ കാണപ്പെട്ടില്ലെന്ന് വരാം. ഇടവിട്ടുണ്ടാകുന്ന ഹൃദയ താള തകരാറുകൾ സാധാരണ ഇസിജിയിൽ രേഖപ്പെടുത്തപ്പെടണമെന്നില്ല.
ചില ഇസിജി തകരാറുകൾ ചില കാര്യങ്ങൾ ചെയ്യുമ്പോൾ മാത്രം ഉണ്ടാകാം. ഇസിജി മുറിയിൽ കിടന്ന് എടുത്ത ഇസിജിയിൽ ഇവ ഒരിക്കലും രേഖപ്പെടുത്താൻ കഴിയില്ല. ഇവ രേഖപ്പെടുത്തുന്നതിനുള്ള വഴി ആംബുലേറ്ററി ഇസിജി അഥവ ഹോൾട്ടർ മോണിറ്ററിങ് ആണ്.
ഹോൾട്ടർ മോണിറ്ററുകൾ നേരത്തെ വലിയ ഉപകരണങ്ങളായിരുന്നു, മിക്കവാറും ഒരു വലിയ ബാഗിൽ കൊണ്ടുനടക്കേണ്ടിയിരുന്നു! എന്നാൽ മൈക്രോ ഇലക്ട്രോണിക്സിന്റെ പുരോഗതിയോടെ അവ ഒരു മൊബൈൽ ഫോണിന്റെ വലുപ്പം മാത്രമായി ചെറുതായി. റെക്കോർഡറുകൾ ഒരു ബെൽറ്റ് പൗച്ചിൽ സൂക്ഷിക്കാം, നെഞ്ചിൽ ലീഡുകൾ ഘടിപ്പിക്കാം.
വയർലെസ് പാച്ചുകൾ ഉപയോഗിച്ചുള്ള ഇസിജി നിരീക്ഷണമാണ് മറ്റൊരു അനുബന്ധ ടെസ്റ്റ്, ഇത് മൊബൈൽ നെറ്റ്വർക്ക് ഉപയോഗിച്ച് ഒരു സെൻട്രൽ മോണിറ്ററിംഗ് സ്റ്റേഷനിലേക്ക് ഇസിജി കൈമാറുന്നു. മോണിറ്ററിംഗ് സെന്ററിലെ വിദഗ്ധർ എന്തെങ്കിലും ഗൗരവമുള്ള ഹൃദയ താള തകരാറുകൾ ഉണ്ടായാൽ ഉടനെ മുന്നറിയിപ്പ് നൽകുന്നു.
ഹോൾട്ടറിനായി ഉപയോഗിക്കുന്ന ഇലക്ട്രോഡുകളുടെ എണ്ണം എത്ര ഇസിജി ചാനലുകൾ റെക്കോർഡ് ചെയ്യണം എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മിക്ക റെക്കോർഡറുകൾക്കും 24 മുതൽ 48 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉണ്ട്, കൂടാതെ ഹോൾട്ടർ അനലൈസറിലേക്ക് ഡാറ്റ ഡൗൺലോഡ് ചെയ്യുന്നതിന് ഉയർന്ന സ്റ്റാൻഡ്ബൈ സമയവും ലഭ്യമാണ്.
ഹോൾട്ടർ അനലൈസർ പ്രത്യേകം സോഫ്റ്റ്വെയർ ആപ്ലിക്കേഷനുള്ള ഒരു കമ്പ്യൂട്ടറാണ്, അതിലേക്ക് ഹോൾട്ടർ ഡാറ്റ വിശകലനത്തിനായി ഡൗൺലോഡ് ചെയ്യുന്നു. വിശകലനത്തിന് ശേഷം ഓട്ടോമാറ്റിക് പ്രിന്റൗട്ടുകൾ ലഭ്യമാണ്.
സോഫ്റ്റ്വെയറിന്റെ തെറ്റായ റിപ്പോർട്ടിംഗ് ഒഴിവാക്കാൻ, അത് വിശകലനം ചെയ്യുന്ന മെഡിക്കൽ ടെക്നീഷ്യന്, ഇസിജി തകരാറുകൾ അവലോകനം ചെയ്യാനും കൃത്യത പരിശോധിക്കാനും കഴിയും. സൂപ്പർവൈസിംഗ് ഡോക്ടർക്ക് ടെക്നീഷ്യന്റെ റിപ്പോർട്ടിന്റെ മേൽനോട്ടം വഹിക്കാനും കഴിയും.
ആർക്കാണ് ഹോൾട്ടർ മോണിറ്ററിങ് വേണ്ടത്? ഇതിനകം ചർച്ച ചെയ്തതുപോലെ, ഇടയ്ക്കിടെ ഹൃദയ താള തകരാറുള്ളവരാണ് ഹോൾട്ടറിൽ നിന്ന് പ്രയോജനം നേടുന്നത്. ഹൃദയമിടിപ്പ്, തലകറക്കം അഥവ കണ്ണിരുട്ടടക്കൽ എന്നിവ ഉള്ളവർക്ക് ആംബുലേറ്ററി ഇസിജി നിരീക്ഷണം പ്രയോജനപ്പെടുത്താം. ഏറ്റ്രിയൽ ഫിബ്രിലേഷൻ അഥവ എഎഫ് എന്നറിയപ്പെടുന്ന ഹൃദയ താള വ്യെതിയാനം ഉണ്ടെന്ന് സംശയിക്കുന്ന സ്ട്രോക്ക് രോഗികളും ആംബുലേറ്ററി ഇസിജി നിരീക്ഷണത്തിൽ നിന്ന് പ്രയോജനം നേടുന്നു.
ട്രെയ്സിംഗുകളുടെ ഓട്ടോമാറ്റിക് വിശകലനം വഴി AF-ന്റെ ദൈർഘ്യം നിജപ്പെടുത്താം. AF ഉള്ളവർക്ക് രക്തം കട്ടപിടിക്കുന്നത് തടയുന്ന ആന്റിഗോഗുലന്റ് മരുന്നുകൾ പ്രയോജനപ്പെടും.
ഹോൾട്ടറിലെ ഇസിജി തകരാറുകൾ രോഗ ലക്ഷണങ്ങളുമായി എങ്ങനെ ബന്ധപ്പെടുത്താം? ഹോൾട്ടർ മോണിറ്ററുകളിൽ ഇവന്റ് മാർക്കർ ബട്ടണുകൾ ഉണ്ട്, ഏതെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളപ്പോൾ ഉപയോക്താവ് അത് അമർത്തുന്നു. ഈ അടയാളപ്പെടുത്തൽ അവലോകന സമയത്ത് ട്രെയ്സിംഗിൽ ലഭ്യമാണ്, അതിനാൽ രോഗലക്ഷണവുമായി കൃത്യമായ ബന്ധം നിര്ണയിക്കാം.
റെക്കോർഡിംഗ് കാലയളവിലെ പ്രവർത്തനങ്ങളുടെ ഒരു ഡയറി സൂക്ഷിക്കുന്നത് ദൈനംദിന ജീവിതത്തിലെ പ്രവർത്തനങ്ങളും ഹോൾട്ടറിൽ കാണുന്ന തകരാറുകളും തമ്മിലുള്ള പരസ്പരബന്ധം കണ്ടെത്തുന്നതിന് ഉപയോഗപ്രദമാണ്.
ഹോൾട്ടർ തകരാറുകളൊന്നും കണ്ടെത്തിയില്ലെങ്കിലോ? ഒന്നുകിൽ മറ്റൊരു ദിവസം ഒന്നു കൂടി റെക്കോർഡ് ചെയ്യുകയൊ അല്ലെങ്കിൽ ദീർഘകാല ഇവന്റ് മോണിറ്ററുകൾ ഉപയോഗിക്കുകയോ ചെയ്യാം. ഇവന്റ് മോണിറ്ററുകൾ മുഴുവൻ ECG ഡാറ്റയും റെക്കോർഡ് ചെയ്യുന്നില്ല, പകരം നിരീക്ഷിക്കുകയും ഒരു താൽക്കാലിക മെമ്മറിയിൽ സംഭരിക്കുകയും ചെയ്യുന്നു.
ഒരു സുപ്രധാന ഇവന്റ് കണ്ടെത്തുമ്പോഴോ ഉപയോക്താവ് ഇവന്റ് മാർക്കർ ബട്ടൺ അമർത്തുമ്പോഴോ, അതിന് തൊട്ടു മുമ്പുള്ള ഡാറ്റയും ശേഷമുള്ള റെക്കോർഡിംഗിന്റെ ഒരു ചെറിയ കാലയളവും സ്ഥിരമായ മെമ്മറിയിലേക്ക് രേഖപ്പെടുത്തുന്നു, അത് വിശകലന സമയത്ത് വീണ്ടെടുക്കാനാകും.
ഇവന്റ് മോണിറ്ററുകൾ സാധാരണയായി ഒരാഴ്ച മുതൽ മൂന്ന് മാസം വരെ ഉപയോഗിക്കാം. ഇവന്റ് മോണിറ്ററുകളെ എക്സ്സ്റ്റേർണൽ ലൂപ്പ് റെക്കോർഡറുകൾ എന്നും വിളിക്കുന്നു. 3 വർഷം വരെ നീണ്ടുനിൽക്കുന്ന കാലയളവുകൾ ചർമ്മത്തിന് കീഴിൽ ഇംപ്ലാന്റ് ചെയ്യാവുന്ന ലൂപ്പ് റെക്കോർഡറുകൾ ഉപയോഗിച്ച് നിരീക്ഷിക്കാം.