ഹൃദ്രോഗത്തെ അകറ്റി നിർത്താൻ ഡാർക്ക് ചോക്ലേറ്റുകൾക്ക് കഴിയുമോ?

ഹൃദ്രോഗത്തെ അകറ്റി നിർത്താൻ ഡാർക്ക് ചോക്ലേറ്റുകൾക്ക് കഴിയുമോ?

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയാഘാത സാധ്യത കുറയ്ക്കുമെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ മുൻനിര ജേണലായ ‘സർക്കുലേഷൻ’-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം അഭിപ്രായപ്പെട്ടു.

ഹൃദയത്തിന് രക്തം വിതരണം ചെയ്യുന്ന രക്തധമനികളിലെ തടസ്സം മൂലമാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. ഉയർന്ന ഓക്സിഡേറ്റീവ് സമ്മർദ്ദവും ആന്റിഓക്‌സിഡന്റുകളുടെ പരിമിതമായ ലഭ്യതയും രക്തക്കുഴലുകളെ തകരാറിലാക്കും, ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

70% കൊക്കോ അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റുകളിൽ ധാരാളം ഫ്ലേവനോയ്ഡുകൾ ഉണ്ട്. നമ്മുടെ ശരീരത്തിലെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തെ മറികടക്കാൻ സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകൾ ആണ് അവ. അവ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ ആക്ടിവേഷൻ കുറയ്ക്കുന്നു. രക്തം കട്ടപിടിക്കുന്നതിന് ഉത്തരവാദികളായ രക്തകോശങ്ങളാണ് പ്ലേറ്റ്‌ലെറ്റുകൾ.

സ്വിറ്റ്സർലൻഡിലെ ഒരു സംഘം ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, 40 ഗ്രാം ഡാർക്ക് ചോക്ലേറ്റ് കഴിച്ച് രണ്ട് മണിക്കൂറിനുള്ളിൽ കൊറോണറി രക്തക്കുഴലുകളുടെ വലുപ്പം 6% വർദ്ധിച്ചതായി കണ്ടെത്തി.

മറ്റ് ഭക്ഷണങ്ങളിൽ നിന്ന് കൂടുതൽ ഫ്ലേവനോയ്ഡുകൾ ലഭിക്കില്ലേ എന്ന് നിങ്ങൾ ചോദിച്ചേക്കാം. എന്നാൽ ഗ്രീൻ ടീ, ബ്ലൂബെറി തുടങ്ങിയ മറ്റേതൊരു ഭക്ഷണത്തേക്കാളും കൂടുതൽ ഫ്ലേവനോയ്ഡുകൾ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട് എന്നതാണ് വസ്തുത.

എന്നാൽ നിങ്ങൾ ആ സ്വാദിഷ്ടമായ ഇരുണ്ട ബാറിലേക്ക് കൈ നീട്ടും മുമ്പ്, ഓർക്കേണ്ട ഒരു കാര്യം ഇതാ – അത് സ്വല്പം കഴിക്കുന്നത് ഹൃദയത്തിന് നല്ലതാണെങ്കിലും, കലോറി നിറഞ്ഞതാണ്. അതിനാൽ, പകരം മറ്റ് ഭക്ഷണസാധനങ്ങൾ കുറയ്ക്കേണ്ടതുണ്ട്.

മറ്റൊരു പ്രമുഖ മെഡിക്കൽ ജേണലായ ദ ലാൻസെറ്റിലെ ഒരു എഡിറ്റോറിയൽ, എല്ലാ ഡാർക്ക് ചോക്ലേറ്റുകളും തുല്യമായി സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു! കാരണം ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോയ്ഡുകൾ അടങ്ങിയിരിക്കണമെന്നില്ല.

ഫ്ലേവനോയ്ഡുകൾക്ക് കയ്പേറിയ രുചിയുള്ളതിനാൽ, ചില നിർമ്മാതാക്കൾ ഡാർക്ക് ചോക്ലേറ്റിൽ നിന്ന് ഫ്ലേവനോയിഡുകൾ നീക്കം ചെയ്യുന്നു, അവക്ക് മികച്ച രുചി ഉണ്ടാക്കാൻ. പിന്നെ കൊഴുപ്പും പഞ്ചസാരയും മാത്രമാണ് അവശേഷിക്കുന്നത്, ആരോഗ്യപരമായ ഒരു ഗുണവുമില്ലാത്തവ!

നിർമ്മാതാക്കൾ അവരുടെ ഉൽപ്പന്നങ്ങളിൽ ഫ്ലേവനോയ്ഡുകളുടെ ഉള്ളടക്കം വെളിപ്പെടുത്തിയേക്കില്ല, അവ ഹൃദയാരോഗ്യകരമാണോ അല്ലയോ എന്ന് കണ്ടെത്താൻ നമുക്ക് മാർഗമില്ല.

അതിനാൽ, ചോക്ലേറ്റിലെ ഫ്ലേവനോയ്ഡുകളുടെ അളവ് വിവരിക്കുന്ന ഒരു ലേബൽ നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾ പരമ്പരാഗത ഹൃദയാരോഗ്യകരമായ ഭക്ഷണക്രമത്തിൽ ഉറച്ചുനിൽക്കുന്നതാണ് നല്ലത് – പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ കുറഞ്ഞ സമീകൃതാഹാരം. പഴങ്ങളും പച്ചക്കറികളും ചേർന്നത്.