എന്താണ് പെരിപാർട്ടം കാർഡിയോമയോപ്പതി?
|എന്താണ് പെരിപാർട്ടം കാർഡിയോമയോപ്പതി?
ഗർഭാവസ്ഥയുടെ അവസാന മാസത്തിലോ പ്രസവിച്ച് 5 മാസത്തിനുള്ളിലോ ഉണ്ടാകുന്ന ഹൃദയപേശികളുടെ രോഗമാണ് പെരിപാർട്ടം കാർഡിയോമയോപ്പതി. ഇടത് വെൻട്രിക്കിൾ (ഹൃദയത്തിന്റെ താഴത്തെ ഇടത് അറ), വളരെ ദുർബലമാവുകയും വലുതായിത്തീരുകയും ചെയ്യുന്നു. ഇടത് വെൻട്രിക്കിളിന് രക്തം നന്നായി പമ്പ് ചെയ്യാൻ കഴിയാത്തതിനാൽ, അത് ഇടത് മുകളിലെ അറയിൽ പ്രഷർ കൂട്ടുകയും ശ്വാസകോശത്തിൽ വെള്ളക്കെട്ട് ഉണ്ടാക്കുന്നു. ഇത് പൾമണറി എഡിമ എന്നറിയപ്പെടുന്നു, ഇത് കടുത്ത ശ്വാസതടസ്സത്തിന് കാരണമാകുന്നു. ഹൃദയത്തിന് രക്തം നന്നായി പമ്പ് ചെയ്യാൻ കഴിയാതെ വരുമ്പോൾ ചിലപ്പോൾ രക്തസമ്മർദ്ദവും കുറയും.
വ്യക്തിയുടെ പ്രായത്തിനനുസരിച്ച് പെരിപാർട്ടം കാർഡിയോമയോപ്പതിയുടെ സാധ്യത വർദ്ധിക്കുന്നു. ഇത് ഏകദേശം 4000 ഗർഭധാരണങ്ങളിൽ ഒന്നിൽ സംഭവിക്കാം. കൂടാതെ മൊത്തം ഹൃദയപേശികളിലെ രോഗങ്ങളിൽ 4% പ്രതിനിധാനം ചെയ്യുന്നു. ഹൃദയത്തിന്റെ അൾട്രാസൗണ്ട് പഠനമായ എക്കോകാർഡിയോഗ്രാം വഴി രോഗം നിർണ്ണയിക്കാനാകും. ചിലപ്പോൾ രോഗികൾ വളരെ അവശതയിലാകുകയും മരിക്കുകയും ചെയ്യാം. ഭാവിയിൽ ഗർഭാവസ്ഥയിൽ ആവർത്തിക്കാനുള്ള സാധ്യതയുണ്ട്, തുടർന്നുള്ള ഗർഭധാരണം ഒഴിവാക്കുന്നതാണ് നല്ലത്. സുഖം പ്രാപിച്ച അപൂർവം ചിലർ സുരക്ഷിതമായി അടുത്ത ഗർഭധാരണത്തിന് വിധേയരായിട്ടുമുണ്ട്. ഇടത് വെൻട്രിക്കിളിന്റെ പമ്പിംഗ് പ്രവർത്തനത്തിൽ എന്തെങ്കിലും സ്ഥിരമായ തകരാറുണ്ടെങ്കിൽ, ഭാവിയിലെ ഗർഭധാരണം തികച്ചും അപകടകരമാണ്.
പെരിപാർട്ടം കാർഡിയോമയോപ്പതിയുടെ ചില കേസുകളിലെങ്കിലും ഒരു ജനിതക പശ്ചാത്തലം രേഖപ്പെടുത്തിയിട്ടുണ്ട്. പ്രസവശേഷം പതിവുപോലെ സുഖം പ്രാപിക്കാത്ത കേസുകളിൽ ഇത് കൂടുതലാണ്. സുഖം പ്രാപിക്കാത്തവരിൽ ചിലരുടെ ബന്ധുക്കൾക്ക് രോഗനിർണയം നടത്താത്ത ഡൈലേറ്റഡ് കാർഡിയോമയോപ്പതി ഉണ്ടായിരുന്നു. പെരിപാർട്ടം കാർഡിയോമയോപ്പതിക്ക് സമാനമായ, എന്നാൽ ഗർഭധാരണവുമായി ബന്ധമില്ലാത്ത ഹൃദയപേശി രോഗമാണ് ഡൈലേറ്റഡ് കാർഡിയോമയോപ്പതി. ജനിതക പഠനങ്ങൾ അവയിൽ ചിലതിൽ ഹൃദയപേശികളിലെ പ്രോട്ടീനിനുള്ള ജീൻ എൻകോഡിംഗിൽ മ്യൂട്ടേഷനുകൾ കാണിച്ചു.
ക്യാൻസറും പെരിപാർട്ടം കാർഡിയോമയോപ്പതിയും തമ്മിലുള്ള ബന്ധം നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജർമ്മനിയിൽ നിന്നുള്ള ഒരു പഠനത്തിൽ, പെരിപാർട്ടം കാർഡിയോമയോപതി ബാധിച്ച ചില രോഗികൾക്ക് പെരിപാർട്ടം കാർഡിയോമയോപ്പതിക്ക് മുമ്പോ ശേഷമോ കാൻസർ ഉണ്ടായിരുന്നു. അവരിൽ ചിലർ ഹൃദയപേശികളെ ദുർബലപ്പെടുത്തുന്ന ക്യാൻസർ മരുന്നുകൾ ഉപയോഗിച്ചിരുന്നു. പെരിപാർട്ടം കാർഡിയോമയോപ്പതിയിൽ നിന്നുള്ള സുഖം പ്രാപിക്കൽ നിരക്ക് ക്യാൻസർ ഇല്ലാത്തവരേക്കാൾ കാൻസർ ബാധിച്ചവരിൽ കുറവാണെന്ന് ശ്രദ്ധിക്കപ്പെട്ടു. ഇത് ജനിതക ഘടകങ്ങൾ മൂലമാകാമെന്ന് പഠന രചയിതാക്കൾ അഭിപ്രായപ്പെടുന്നു. കാൻസർ ബാധിച്ചവരിൽ ഗർഭാവസ്ഥയിൽ ഹാർട്ട് ഫെയ്ലുർ ഉണ്ടോയെന്ന് പരിശോധിക്കാനും പെരിപാർട്ടം കാർഡിയോമയോപ്പതി ഉള്ളവരിൽ കാൻസർ പരിശോധിക്കാനും അവർ നിർദ്ദേശിച്ചു.