എന്താണ് ആൻജിയോഗ്രാഫി?
|എന്താണ് ആൻജിയോഗ്രാഫി?
കോൺട്രാസ്റ്റ് ഡൈ കുത്തിവച്ച് ശരീരത്തിലെ രക്തക്കുഴലുകൾ ദൃശ്യവൽക്കരിക്കുന്ന പ്രക്രിയയാണ് ചുരുക്കത്തിൽ ആൻജിയോ എന്നറിയപ്പെടുന്ന ആൻജിയോഗ്രാഫി. എക്സ്-റേ ഇമേജിംഗിൽ രക്തക്കുഴലുകളുടെ ചിത്രം ലഭിക്കുന്ന അയോഡിൻ കലർന്ന മരുന്നുകളാണ് ഏറ്റവും പ്രചാരമുള്ള കോൺട്രാസ്റ്റ് മീഡിയ.
സാധാരണയായി കോൺട്രാസ്റ്റ് മീഡിയ കത്തീറ്ററുകൾ എന്നറിയപ്പെടുന്ന ചെറിയ ട്യൂബുകൾ ഉപയോഗിച്ച് രക്തക്കുഴലുകലേക്ക് നേരിട്ട് കുത്തിവയ്ക്കുന്നു. കത്തീറ്ററുകൾ കൈത്തണ്ടയിലെയോ തുടയിലെയോ രക്തക്കുഴലുകളിലൂടെയാണ് ശരീരത്തിലേക്ക് പ്രവേശിക്കുന്നത്.
തുടർച്ചയായ ചിത്രീകരണത്തിലൂടെ ഇമേജിംഗ് ചെയ്യുമ്പോൾ അത് സിനി-ആൻജിയോഗ്രാഫി എന്നറിയപ്പെടുന്നു. നിലവിൽ ഇമേജ് ഇൻറൻസിഫയറിൽ നിന്ന് കമ്പ്യൂട്ടർ മെമ്മറിയിലേക്ക് റെക്കോർഡിംഗ് മാറ്റി അതിൽ നിന്ന് ഡിവിഡിയിൽ റെക്കോർഡ് ആയി പുറത്തെടുക്കുന്നു.
കാഴ്ചയെ പ്രോസസ്സ് ചെയ്യുന്ന കണ്ണിന്റെ പ്രകാശ സെൻസിറ്റീവ് പാളിയായ റെറ്റിനയിലെ രക്തക്കുഴലുകളുടെ ദൃശ്യവൽക്കരണം ഫ്ലൂറസെൻ എന്നറിയപ്പെടുന്ന ഒരു ഫ്ലൂറസെന്റ് ഡൈ കുത്തിവച്ചാണ് ചെയ്യുന്നത്. അതിനാൽ ആൻജിയോഗ്രാഫിയുടെ ആ രൂപം ഫ്ലൂറസെൻ ആൻജിയോ എന്നറിയപ്പെടുന്നു.
രക്തത്തിലെ ചലിക്കുന്ന ഹൈഡ്രജൻ അയോണുകളിൽ നിന്നുള്ള സിഗ്നലുകൾ ചിത്രം നൽകുന്ന മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് ഉപയോഗിച്ച് ഡൈലെസ് ആൻജിയോ സാധ്യമാണ്. ഇത് മാഗ്നറ്റിക് റെസൊണൻസ് ആൻജിയോ അഥവാ എം ആർ ആൻജിയോ എന്നാണ് അറിയപ്പെടുന്നത്.
എക്സ്-റേ ഉപകരണങ്ങൾ ഉപയോഗിച്ച് സാധാരണ ആൻജിയോ ഹൃദയത്തിന്റെ രക്തക്കുഴലുകൾ ചിത്രീകരിക്കാൻ ഉപയോഗിക്കുന്നു, ഇത് കൊറോണറി ആൻജിയോ എന്നറിയപ്പെടുന്നു.
കൈകാലുകളുടെ രക്തക്കുഴലുകൾ ദൃശ്യവൽക്കരിക്കുന്ന പ്രക്രിയയാണ് പെരിഫറൽ ആൻജിയോഗ്രാഫി. വൃക്കയുടെ രക്തക്കുഴലുകൾ ചിത്രീകരിക്കുന്നതിനെ റിനൽ ആൻജിയോഗ്രാഫി എന്ന് വിളിക്കുന്നു. തലച്ചോറിന്റെ രക്തക്കുഴലുകൾ ദൃശ്യവൽക്കരിക്കുന്നതിനെ സെറിബ്രൽ ആൻജിയോഗ്രാഫി എന്ന് വിളിക്കുന്നു.
പൾമണറി ആൻജിയോഗ്രാഫി ശ്വാസകോശത്തിലെ രക്തക്കുഴലുകൾ ചിത്രീകരിക്കുന്നു. മെസെന്ററിക് ആൻജിയോഗ്രാഫി വഴിയാണ് കുടലിൻറെ രക്തക്കുഴലുകൾ കാണുന്നത്.
അപൂർവ്വമായി വ്യക്തിക്ക് കോൺട്രാസ്റ്റ് ഡൈയോട് അലർജി ഉണ്ടാകാം. ഭാഗികമായി വൃക്ക തകരാറുള്ളവരിൽ, കോൺട്രാസ്റ്റ് ഡൈ അപൂർവ്വമായി വൃക്ക തകരാർ വർദ്ധിക്കുന്നതിന് കാരണമാകും. അതിനാൽ ആൻജിയോയ്ക്ക് മുമ്പ് വൃക്കയുടെ പ്രവർത്തനം പതിവായി പരിശോധിക്കുന്നു.